അനുവാചകര്‍ അനുയായികളാവുമ്പോള്‍

Web Desk
Posted on May 05, 2019, 8:21 am

സുമേഷ് നിഹാരിക

പുതു കവിതയിലെ ഉന്മാദത്തിടമ്പേറ്റിയി ഒറ്റയാനാണ് പി ആര്‍ രതീഷ്. ഒറ്റയാനായിരിക്കുമ്പോഴും ആള്‍ക്കൂട്ടത്തിലെ കണ്ണാടിയാണ് ഈ കവി. പി ആര്‍ രതീഷിന്റെ ‘വാടകവീട്’ എന്ന കവിതാസമാഹാരം പുതു കവിതയുടെ എല്ലാ ചിട്ടവട്ടങ്ങളോടും കൂടിയതാണ്.
‘നട്ടുച്ചയുടെ വിലാസ’ ത്തിലെ ‘കിളിജന്മം’ എന്ന കവിതയില്‍ ഉപമകള്‍ പൊഴിച്ചിട്ട് കിനാവുകള്‍ വേരുകള്‍ക്ക് തീറെഴുതുമ്പോള്‍, കരുതിവെക്കുന്ന ഒരമ്പിന്റെ സ്‌നേഹം മാത്രം മതി പ്രതിരോധാത്മകമായ ആധുനികോത്തരതയുടെ ഈ കാവ്യരസതന്ത്രത്തെ മെനഞ്ഞെടുക്കാന്‍.
ഭാഷയിലേയും സംസ്‌കാരത്തിലേയും വരാനിരിക്കുന്ന അധിനിവേശങ്ങളെ മുഴുവന്‍ കാലേക്കൂട്ടി കാണുന്നതുകൊണ്ടായിരിക്കണം നട്ടുച്ചയുടെ വിലാസമവസാനിക്കുന്നിടത്ത് കവി ഇങ്ങനെ കുറിച്ച്‌വെച്ചതും. ”എന്റെ വേരുകളെക്കുറിച്ച് നിന്റെ ഭാഷയോട് കടം ചോദിക്കുന്ന ഒരു കാലം വരുമെന്ന്”. ഈ ആത്മവിശ്വാസം കൊണ്ട് തന്നെയാണ് ആധുനികോത്തരകാലത്തും രതീഷിന്റെ രാഷ്ട്രീയം സര്‍ഗ്ഗാത്മകമാവുന്നതും. അതുകൊണ്ട് തന്നെയല്ലെ വരുംകാലത്ത് നമ്മുടെയൊക്കെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുംകൂടി കവിതയുടെ ഒരു വലിയ നദിതന്നെ കവി മാറ്റിവെച്ചിരിക്കുന്നതും. നമ്മുടെയൊക്കെ എഴുത്തുകാര്‍ നിളയുടെ കഥാകാരനെന്നും, കേച്ചേരിപ്പുഴയുടെ പാട്ടുകാരനെന്നും ചുരുങ്ങിപോവുമ്പോള്‍ രതീഷ് വിപുലമായി പോവുന്നതെങ്ങനെയെന്ന് നോക്കാം. നദികളായ നദികളൊക്കെ അദ്ദേഹത്തിന്റെ സിരാപടലങ്ങള്‍ തന്നെയാണ്. ഓരോ നദിക്കരയിലെയും വീടുകള്‍ കവിയുടേത് തന്നെയാണ്. ഇങ്ങനെ എല്ലാ പ്രാദേശികതകളുടെയും ഒരു ഐക്യപ്പെടലിലൂടെയാണ് രതീഷ് വലിയ ദേശീയതയാവുന്നതും.
സങ്കടങ്ങളുടെ വേരുകളുള്ള കഥാപാത്രങ്ങളാണ് നമ്മളെല്ലാവരുമോരോരുത്തരുമെന്നതിന്റെ ഒരു വലിയ പ്രഖ്യാപനമാണ് ‘പൂവ്’ (മറക്കുക വല്ലപ്പോഴും) എന്ന കവിത. അതുകൊണ്ട് തന്നെയായിരിക്കണം ഒറ്റവായനയില്‍ തന്നെ രതീഷ് നമ്മുടെയൊക്കെ ഭാഗമാവുന്നതും ‘രക്തസാക്ഷിയുടെ വീട്ടി’ ലേക്കുള്ള ‘ദൂര’ ത്തില്‍ കവി അടക്കം പറയുന്നത് നോക്കൂ.
എല്ലാം വറ്റിപ്പോകുന്ന നേരത്തും
കവിതയുടെ ഒരു നദിതന്നെ
സൂക്ഷിച്ചുവെച്ചു- വെന്ന് ഈ കരുതിവെയ്പ്പ് കൊണ്ട് തന്നെയാണ് കാവ്യാനുവാചകര്‍ക്കുപരി ഒരു വലിയ സൗഹൃദസംഘം ആദ്ദേഹത്തിന്റെ അനുയായികളാവുന്നതും പഥിതരായ ഈ അനുവാചകര്‍ക്ക് വേണ്ടിയാണ് കവി പാടുന്നതും. ഉച്ചസ്ഥായിയില്‍ ”കുന്നിടിക്കരുതെന്ന്” പറയുന്നതുപോലെ തന്നെ ”പിറക്കാനുള്ളവര്‍ക്കുള്ള ഭൂപടം തോറ്റവര്‍ക്കുള്ള പാട്ടില്‍ നിന്ന് വരച്ചുവെക്കുമെന്ന കെല്‍പുമാത്രം മതി രതീഷിന്റെ കവിതകള്‍ കാലാതിവര്‍ത്തിയാവാന്‍.
ക്ഷുഭിതയൗവനത്തിന്റെ തീവ്രതയായും, ആര്‍. രാമചന്ദ്രന്‍ കവിതകളുടെ ആര്‍ദ്രതയായും മറ്റു ചിലപ്പോള്‍ പി. കുഞ്ഞിരാമന്‍നായരെ പോലെ സങ്കല്പങ്ങളുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന കാവ്യഭാവനയായുമൊക്കെ പെയ്തിറങ്ങാറുണ്ട് രതീഷ്.
‘തടവറ’ യിലെ കാമുകിയുടെ ചിത്രം വരക്കുന്നിടത്ത്. ”നിക്കെന്നും പകുക്കുവാന്‍ പ്രണയകവിതയുടെ മുടികെട്ടുമാത്രം” എന്നും മറ്റൊരിടത്ത് തടാകം തടവറയാകുന്ന സര്‍റിയലിസ്റ്റ് ചിത്രവും കോറിയിടുന്നത് ഒരു നെടുവീര്‍പ്പിന്റെ നിശ്വാസത്തൊടെയല്ലാതെ വായിച്ചെടുക്കാനാവില്ല.
നീണ്ട യാത്രകള്‍ക്കിടക്കുള്ള ചില ഒഴിവുസമയം മാത്രമാണ് രതീഷിന് വീട്. അതുകൊണ്ട് തന്നെ വാടകവീട് മിക്കപ്പോഴും വീടിന്റെ ഒരു രൂപകവുമാവുന്നുണ്ട്. വീടുറങ്ങുന്ന നിശബ്ദതയും കാത്തിരിപ്പിന്റെ അമ്മവിളക്കുമൊക്കെയാണ് വീടിനെക്കുറിച്ചുള്ള കവിയുടെ ചിത്രങ്ങള്‍. മടക്കിക്കുത്തിയ മുണ്ടും തോളിലെ സഞ്ചിയും കൈയ്യില്‍ പുസ്തകക്കെട്ടുകളുമായ് നടന്നു നീങ്ങുന്നൊരു കവിതയെ നമുക്ക് പി.ആര്‍. രതീഷ് എന്നു വിളിക്കാം. അതെ, മണ്ണുടലിനെ പുണരുന്ന വേരിന്റെ ജൈവികതയെ മറ്റെന്തു വിളിക്കാന്‍. അതുകൊണ്ട് തന്നെയായിരിക്കണം കെട്ടകാലത്തിന്റെ പൊറുതികേടുകളില്‍ നിന്ന് കവിതയുടെ ഉന്മാദതിടമ്പേറി കവിക്കൂട്ടങ്ങളില്‍ അവന്‍ ഒറ്റയാനാവുന്നത്.
നിന്നെയോര്‍ത്ത്
ഞാനിവിടെ
ഉന്മാദതിടമ്പേറിയപ്പോള്‍
ഉറക്കം എങ്ങോട്ടാണാവോ
നടന്നകന്നത്.
നീയവിടെ
തണുത്തുറഞ്ഞ്
ആരുമില്ലാത്ത നേരത്ത്
അര മിസ്ഡ്‌കോള്‍ കുറുകുമ്പോഴും
കത്തുന്ന അവനേക്കാള്‍ പ്രിയപ്പെട്ടത്
ഇവിടുത്തെ നനുത്ത ഓര്‍മ്മകളായിരിക്കുമോ?
തന്റെ സ്വന്തം യജമാനനോട് താങ്കള്‍ക്കെന്തുണ്ടായിട്ടെന്താണ് ‘അല്‍പം ഭ്രാന്തില്ലാതെ പോയല്ലോ’ എന്ന് നെടുവീര്‍പ്പിടുന്ന കസന്‍ദ്‌സാക്കിസിന്റെ കഥാപാത്രത്തെ ഇവിടെയോര്‍മ്മിക്കുന്നത് യാദൃശ്ഛികം മാത്രമല്ല. പ്രതിഭയുടെ നക്ഷത്രത്തിളക്കമാണ് നമുക്കിവിടെ കാണാനാവുന്നത്. കലഹിയായ രതീഷിനെ പല കവിസമ്മേളനങ്ങൡും നാം കണ്ടിരിക്കും എന്നാല്‍ ക്ഷണനേരംകൊണ്ട് സ്‌നേഹംകൊണ്ട് നമ്മെ കീഴ്‌പ്പെടുത്തിക്കളയുകയും ചെയ്യും. ”നക്ഷത്രങ്ങളുമായ് കൈയ്യകലം പാലിക്കുക” എന്ന സൂഫി കഥയാണ് ഇപ്പോള്‍ ഓര്‍മ്മയില്‍. അതെ, സര്‍ഗ്ഗാത്മകതയുടേത് മാത്രമായ നിമിഷത്തില്‍ നമുക്കെല്ലാം അപ്രാപ്യമായ ഒരു വിതാനത്തില്‍ തന്നെയാണ് രതീഷ്. അതുകൊണ്ടല്ലെ നാട്യങ്ങളൊന്നുമില്ലാതെ കവിതക്കുവേണ്ടി തന്റെ ജീവിതത്തെതന്നെ വഴിതിരിച്ചുവിട്ടിരിക്കുന്നതും. ‘പരലോക’ ത്തില്‍ കവിക്ക് ഇങ്ങനെ കുറിക്കുവാനാവുന്നതും.
”തനിച്ചായ നേരം
അടയാളങ്ങളൊന്നുമില്ലാതെ
ഒരു നിലവിൡുപോലും
നേരമില്ലാതെ
നാടുകടത്തിയിരിക്കുകയാണ്
ജീവിതത്തെ.
സ്‌നേഹം, ദയ തുടങ്ങിയ മസൃണവികാരങ്ങളൊക്കെയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വര്‍ത്തമാനമാണല്ലോ നമ്മുടേത്. അതുകൊണ്ട് തന്നെയാണ് എല്ലാ കൃഷിയിടങ്ങളും തരിശാവുന്നതും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും വാടകവീടുകള്‍ക്കും തീറെഴുതുന്നതും. ഈ സാമൂഹ്യ പശ്ചാത്തലത്തിലാണ് കവിതക്കുമാത്രം സാദ്ധ്യമായ ചിലതുണ്ടെന്ന് കവി തിരിച്ചറിയുന്നതും. ഈ പുരയിടത്തിലേക്ക് കാലെടുത്തുവെക്കും മുമ്പ് അഞ്ച് സമാഹാരത്തിലൂടെയായി പി.ആര്‍. രതീഷിന്റെ മൗലികത തിരിച്ചറിഞ്ഞ കാവ്യാനുവാചകര്‍ക്ക് പൊന്നാനിക്കാരനായ ഇടശ്ശേരിയുടെ ‘എന്റെ പണിപ്പുര’ യിലെ വരികള്‍ ഓര്‍മ്മയിലെത്തുന്നതും.
”എനിക്കിതേവേണ്ടു പറഞ്ഞുപോകരു-
തിതുമറ്റൊന്നിന്‍ പകര്‍പ്പെന്നുമാത്രം.”
തന്റെ ആദ്യസമാഹാരമായ ‘കനല്‍ പെയ്യുന്ന മേഘങ്ങള്‍‘ക്കും മുമ്പ് മലയാളത്തിലെ തന്നെ കുഞ്ഞുമാസികകള്‍ മുതല്‍ മുഖ്യധാരവരെയുള്ള ആനുകാലികങ്ങളില്‍ വല്ലപ്പോഴുമൊക്കെയായി പി.ആര്‍. രതീഷ് എന്ന കവിതയുടെ ജീവസ്പന്ദനങ്ങള്‍ കണ്ടിരുന്നു. കനല്‍ പെയ്യുന്നകൗമാരം കടന്നതോടെ അദ്ദേഹത്തിന് കൃത്യമായൊരു മേല്‍വിലാസമുണ്ടായി. അതെ ‘നട്ടുച്ചയുടെ വിലാസം’ (പൊടുന്നനെ വിറ്റഴിഞ്ഞ പതിപ്പുകള്‍) പിന്നെ പിന്നെ സഞ്ചാരിയായ കവിയുടെ ജീവിതം കൂടുതല്‍ വിപുലമാവുകയായിരുന്നു. ‘നദികളുടെ വീടുകളി‘ലൂടെയുള്ള യാത്രയായിരുന്നു അത്. ഈ തിരക്കുകള്‍ക്കിടക്കാണ് മറ്റൊരു സമാഹാരം ‘മറക്കുക വല്ലപ്പോഴും’ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചത്. പിന്നെ രക്തസാക്ഷിയുടെ വീട്. ഏറെ വൈകാതെ അനുവാചകരുടെ ആവശ്യമെന്നോണം ഇതാ കവിതയുടെ ‘വാടകവീടുമായ് രതീഷ്.