ആധുനികോത്തര നോവല്‍ വസന്തം

Web Desk
Posted on October 28, 2018, 9:10 am

ബിന്ദു ഡി

സാഹിത്യകൃതികളെ സംബന്ധിച്ചിടത്തോളം ഏകശിലാനിഷ്ഠമായ യാഥാര്‍ത്ഥ്യം എന്നൊന്നില്ല; പ്രത്യേകിച്ച് നോവലുകളെ സംബന്ധിച്ച്. ബഹുമുഖമായ യാഥാര്‍ത്ഥ്യമേയുള്ളൂ. എന്നാല്‍ ഈ ബഹുത്വത്തെ കൂട്ടിയിണക്കി തുടര്‍ച്ച നഷ്ടപ്പെടാതെ ആവിഷ്‌കരിക്കുക ബുദ്ധിമുട്ടാണ്. വിശേഷിച്ചും ഉത്തരാധുനിക സാഹിത്യപരിസരങ്ങളില്‍. കലാജീവിതം, സാമൂഹികശാസ്ത്രം തുടങ്ങി പലതും ഉത്പന്നങ്ങളുടെ നിലയിലേക്ക് പരിവര്‍ത്തിതമായി, അവയുടെ അസ്തിത്വം വാണിജ്യമൂല്യത്തില്‍ മാത്രം ഉറപ്പിക്കപ്പെടുന്ന അവസ്ഥയും ഉത്തരാധുനികതയുടെ സവിശേഷതയാണ്. വ്യക്തിയും വസ്തുവും ഇതുവരെ എന്തായിരുന്നുവോ അതല്ലാതായിത്തീരുക എന്നതും ഈ കാലത്തിന്റെ പ്രതിസന്ധികളില്‍ ഒന്നാണ്. മാദ്ധ്യമങ്ങളുടെയും വിവരസാങ്കേതികവിദ്യയുടെയും സ്വാധീനം, ആശയവിനിമയ ശൃംഖലയുടെ പ്രചാരം എന്നിവയുണ്ടാക്കിയ സങ്കീര്‍ണമായ ജീവിതസാഹചര്യങ്ങളെ ഫലപ്രദമായി ആവിഷ്‌കരിക്കാന്‍ കഴിയുന്നത് നോവലിലൂടെയാണ്. നോവലില്‍ പല പരീക്ഷണങ്ങളും നടക്കുന്നത് അതു കൊണ്ടാണ്. ഭാവുകത്വപരമായും, ആവിഷ്‌കാരത്തിന്റെ സമ്പ്രദായഭേദങ്ങള്‍ കൊണ്ടും ആധുനികാനന്തര കാലഘട്ടത്തിലുണ്ടായ നോവലുകളെ പഠന വിധേയമാക്കുന്ന ശ്രദ്ധേയ ഗ്രന്ഥമാണ്, ഡോ. കുമാര്‍ ജെ, ഡോ.കെ ഷിജു എന്നിവര്‍ ചേര്‍ന്ന് എഡിറ്റ് ചെയ്ത്, മാളുബന്‍ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ ‘ആധുനികാനന്തര മലയാള നോവല്‍’.
പ്രമേയത്തിന്റെ വൈവിദ്ധ്യവും നൂതനരീതികളും കൊണ്ട് സമ്പന്നമായ അറുപത്താറ് നോവലുകളെ ഗൗരവപൂര്‍ണമായി പഠിച്ച് അവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍. മുപ്പത്തേഴ് അദ്ധ്യായങ്ങളും നാനൂറിലേറെ പുറങ്ങളുമുള്ള ‘തക്ഷന്‍കുന്ന് സ്വരൂപം’ പോലെയുള്ള വലിയ നോവലുകള്‍ മുതല്‍ ബി മുരളിയുടെ, കുഞ്ഞ് നോവലായ ‘അഗമ്യം’ വരെ ഈ പഠനഗ്രന്ഥത്തിന്റെ പഠനപരിധിയില്‍ വരുന്നു. കാലം കൊണ്ട് ഉത്തരാധുനികം എന്ന് പറയുമ്പോഴും മിശ്രഭാവുകത്വത്തിന്റെ സന്തതികളാണീ നോവലുകള്‍.
ലഭ്യമായ ഐതിഹ്യസൂചനകള്‍ ഉപയോഗിച്ച,് എഴുത്തച്ഛനെക്കുറിച്ച് തനിക്കുള്ള അഭിപ്രായം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്ന സി രാധാകൃഷ്ണന്റെ, ‘തീക്കടല്‍ കടഞ്ഞ് തിരുമധുരം’, എം ഗോവിന്ദനെ പുനഃസൃഷ്ടിക്കാന്‍ ശ്രമിച്ച് എം ടി ഉണ്ണികൃഷ്ണന്‍ എഴുതിയ, ‘അനാഥമീ അഗ്നിവീണ’, കുഞ്ചന്‍നമ്പ്യാരെക്കുറിച്ച് ചരിത്രരേഖകളോടൊപ്പം തുള്ളല്‍ കൃതികളില്‍ നിന്ന് കിട്ടുന്ന സൂചനകളും കൂടി പരിഗണിച്ച്, പി മോഹനന്‍ എഴുതിയ ‘ദൈവഗുരുവിന്റെ ഒഴിവുകാലം’ തുടങ്ങിയവ ചരിത്രഗാഥകള്‍ എന്ന ഒന്നാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
‘ലിംഗനീതിയുടെ കാണാക്കാഴ്ചകള്‍’ എന്ന് പേര് നല്കിയ രണ്ടാം ഭാഗത്തില്‍, സ്ത്രീസ്വത്വവും സ്വാതന്ത്ര്യവും ഉഭയലൈംഗികതയും സ്വവര്‍ഗരതിയും, വിമതലൈംഗികതയും സൈബര്‍ലോകത്തിലെ സ്ത്രീയും ഒക്കെ പ്രമേയമായ കൃതികളാണുളളത്. സി എസ് ചന്ദ്രികയുടെ ‘പിറ’, മാധവിക്കുട്ടിയുടെ ‘വണ്ടിക്കാളകള്‍’, ടി ഡി രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ തുടങ്ങിയ നോവലുകള്‍ പഠനവിധേയമാകുന്നു.
ആരും അടയാളപ്പെടുത്താതെ പോകുന്ന നിസ്സാരജന്മങ്ങളെക്കുറിച്ചാണ് ‘തിരസ്‌കൃതരുടെ സുവിശേഷങ്ങള്‍’ എന്ന മൂന്നാം ഭാഗത്തില്‍ പറയുന്നത്. ജാതിയും വര്‍ണവെറിയും ദളിത് ആക്ടിവിസവുമാണ് നോവലുകളില്‍ ചര്‍ച്ചചെയ്യുന്നത്. ഫ്രാന്‍സിസ് നൊറോണയുടെ ‘അശരണരുടെ സുവിശേഷം’ തുടങ്ങി ഒന്‍പത് നോവലുകള്‍ ഇവിടെ പഠനവിധേയമാക്കുന്നു.
‘ഹരിതമാനവികതയുടെ നഖചിത്രങ്ങള്‍’ എന്ന നാലാം ഭാഗത്തില്‍ പേര് സൂചിപ്പിക്കുന്നത് പോലെ പരിസ്ഥിതി, പ്രകൃതി ഇവയാണ് പശ്ചാത്തലശോഭ പരത്തുന്നത്. ‘കണ്ണാടിയിലെ മഴ’യും, ‘എന്‍മകജെയും’, ‘നിലംപൂത്തു മലര്‍ന്ന നാളു‘മൊക്കെ മണ്ണിന്റെ നനവോടെ നിവര്‍ന്നു നില്ക്കുന്ന നോവലുകളാണ്.

‘ആഖ്യാനത്തിന്റെ നവലോകങ്ങള്‍’ എന്ന അഞ്ചാം ഭാഗത്തില്‍ ആഖ്യാനരീതി കൊണ്ട് നവീനത സൃഷ്ടിക്കുന്ന ശാസ്ത്രനോവലുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രവാസജീവിതം, സൈബര്‍ സംസ്‌കാരം ഇവയൊക്കെ ഇവിടെ കാണാം.
ഒരു സാഹിത്യത്തിലും കലര്‍പ്പില്ലാത്ത ഭാവുകത്വങ്ങള്‍ ഉണ്ടാവില്ല. ഉത്തരാധുനികതയുടെ കാര്യത്തിലും സംഭവിക്കുന്നത് അതാണ്. സാഹിത്യചരിത്രകാരന്‍മാര്‍ നിര്‍ണയിച്ചുവയ്ക്കുന്ന ഭാവുകത്വത്തിന്റെ നാലതിരുകളില്‍ നിന്ന് പുറത്ത്ചാടി നില്ക്കുന്ന ഒറ്റപ്പെട്ട എഴുത്തുകാര്‍ എല്ലാ കാലത്തും ഉണ്ടാകും. ‘ആധുനികാനന്തര മലയാളനോവല്‍’ എന്ന ഈ ഗ്രന്ഥത്തില്‍ പഠനവിധേയമാക്കിയിരിക്കുന്ന നോവലുകളത്രയും ഇത്തരം മിശ്രഭാവുകത്വത്തെ അടയാളപ്പെടുത്തുന്നവയാണ്. പാര്‍ശ്വവത്കൃതര്‍ സ്വത്വപ്രഖ്യാപനം നടത്തുകയും പരിസ്ഥിതിവാദം, ദളിത്‌വാദം തുടങ്ങിയവ ശക്തി പ്രാപിക്കുകയും, ട്രാന്‍സ്‌ജെന്‍ഡറുകളുടെയും ലൈംഗികന്യൂനപക്ഷങ്ങളുടെയും ജീവിതങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കുകയും ചെയ്തതും ഈ നോവലുകളെക്കുറിച്ച് പഠനം നടത്തിയവരുടെ പ്രധാനനിരീക്ഷണങ്ങളില്‍ ചിലതാണ്. എന്തും കുത്തി നിറയ്ക്കാവുന്ന കീറച്ചാക്കാണ് നോവല്‍ എന്ന ഇ എം ഫോസ്റ്ററുടെ വാക്കുകള്‍ ശരിവയ്ക്കുന്ന ഘടനയാണ് ‘ആരാച്ചാര്‍’ എന്ന നോവലിന്റേത് എന്നുപറയുന്ന ദിവ്യ വി സി, അധികാരത്തിന്റെ നിറത്തിലേക്കുമാറുന്ന ഒരു തരം ഭാഷാപരിവര്‍ത്തന പ്രക്രിയ എന്ന് എം മുകുന്ദന്റെ ‘കുട നന്നാക്കുന്ന ചോയി’ എന്ന നോവലിനെ വിലയിരുത്തുന്ന ഡോ.കുമാര്‍ ജെ, പക്ഷപാതരഹിതമായി വ്യക്തിചരിത്രം ആലേഖനം ചെയ്യാനും ചരിത്രത്തോട് നീതി പുലര്‍ത്താനും കഴിഞ്ഞതു കൊണ്ട്, ഫ്രാന്‍സിസ് നൊറോണയുടെ അശരണരുടെ സുവിശേഷത്തെ ലക്ഷണമൊത്ത ജീവചരിത്ര നോവലായി വിലയിരുത്തുന്ന ഡോ:എം എസ് പോള്‍, പ്രണയത്തിന്റെ നാനാര്‍ത്ഥത്തെ മാധവിക്കുട്ടിയുടെ ‘വണ്ടിക്കാളകള്‍’ എന്ന നോവലില്‍ തിരയുന്ന ഡോ. കെ ഷിജു തുടങ്ങി ഓരോ നോവലിനെയും നിരൂപകര്‍ വ്യത്യസ്തപരിപ്രേക്ഷ്യത്തില്‍ സമീപിച്ചിരിക്കുന്നു. ‘ഭാവുകത്വ പരിണാമവും ആധുനികാനന്തര നോവലും’ എന്ന പേരില്‍ ഡോ. ഡി.ബഞ്ചമിന്റെ ആമുഖപഠനവും, ഓരോ ഭാഗത്തിന്റെയും ആമുഖമായി അതത് മേഖലയിലെ പ്രഗത്ഭര്‍ എഴുതിയ സൈദ്ധാന്തിക ലേഖനങ്ങളും ഈ പുസ്തകത്തിലുണ്ട്. ”ഇത്രയധികം നോവലുകളെ പഠനത്തിനും നിരൂപണത്തിനും വിധേയമാക്കുന്ന ഇത്ര ബൃഹത്തും വിഷയവിപുലവുമായ ഒരു ഗ്രന്ഥം നാളിതുവരെ മലയാളനോവല്‍സാഹിത്യപഠനരംഗത്ത് ഉണ്ടായിട്ടില്ല” എന്ന് ഈ പുസ്തകം എഡിറ്റു ചെയ്ത ഡോ. കുമാര്‍ ജെ, ഡോ. കെ ഷിജു എന്നിവര്‍ പറയുന്നത്, പുസ്തകവായനയിലൂടെ നമ്മള്‍ ഉറപ്പിക്കുന്നു.