തെളിവുകള്‍ കുരുക്കുന്ന ജീവിതങ്ങള്‍…

ഗൗരി എന്ന അനാഥയില്‍ നിന്നും മാവോയിസ്റ്റ് ഗൗരിയെന്ന വിളിപ്പേരിലേക്കത്തപ്പെടുന്ന ഒരു വീട്ടമ്മയുടെ രൂപാന്തരം തെളിവ് സഹിതം വരച്ചുകാട്ടുകയാണ് രണ്ട് മണിക്കൂറോളമുള്ള ‘തെളിവ്’ എന്ന ചിത്രത്തില്‍ സംവിധായകനായ എംഎ നിഷാദും തിരക്കഥാകൃത്തായ ചെറിയാന് കല്‍പ്പകവാടിയും. ലാല്‍, ആശാ ശരത്, രണ്‍ജിപണിക്കര്‍, നെടുമുടി വേണു…പ്രതിഭകൊണ്ട് മലയാളസിനിമയില്‍ അത്ഭുതം കാട്ടുന്നവര്‍. കമേഴ്സ്യല്‍ വിജയത്തിനൊപ്പം സാമൂഹിക പ്രതിബന്ധതയ്ക്കും പ്രാധാന്യം നല്കുന്ന എംഎ നിഷാദ് എന്ന സംവിധായകന്. ലാല്‍ സലാം ഉള്‍പ്പെടെ മലയാളിയുടെ രസതന്ത്രം കൃത്യമായറിയാവുന്ന ചെറിയാന് കല്‍പ്പകവാടി എന്ന തിരക്കഥാകൃത്ത്. തെളിവിന് ടിക്കറ്റെടുക്കാന്‍ പ്രേക്ഷനെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ തീര്‍ച്ചയായും ഇവയൊക്കെയാണ്.
ഈ പ്രതീക്ഷയോടെ ടിക്കറ്റെടുക്കുന്ന പ്രേക്ഷകരോട് നൂറുശതമാനം സത്യസന്ധത പുലര്‍ത്താന്‍ ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്റേണല്‍ സെക്യൂരിറ്റി പോലീസ് എന്ന കേരള പോലീസിന്റെ വിംഗ് പരുന്തുംതുരുത്തില് ഒറ്റയ്ക്ക് താമസിക്കുന്ന ഗൗരിയെ ചോദ്യം ചെയ്യുന്നിടത്താണ് തെളിവ് ആരംഭിക്കുന്നത്. തികച്ചും ഒരു ത്രില്ലര്‍ മൂഡിലാണ് പിന്നീടുള്ള രണ്ട് മണിക്കൂര്‍. ഗൗരിയുടെയും ഭര്‍ത്താവായ ഖാലിദിന്റെയും ജീവിതത്തിലെ സ്വപ്നങ്ങളും പ്രതീക്ഷകളും പിന്നീട് ഗൗരി അകപ്പെടുന്ന പ്രതിസന്ധികളും ‘ സമൂഹത്തില്‍ മാവോയിസ്റ്റ് ഗൗരിയെന്ന പേരില്‍ അവള് വിചാരണ ചെയ്യപ്പെടേണ്ടിവരുന്ന ‘തെളിവുകളും’ നിരത്തപ്പെടുമ്പോള്‍ അതിജീവനത്തിനായി ഒരു സ്ത്രീയെന്ന ചട്ടക്കൂടിനുള്ളില്‍ നിന്നും ഗൗരി നടത്തുന്ന ശക്തമായ പോരാട്ടമാണ് തെളിവിന്റെ അടിസ്ഥാനം.
അന്നമ്മ, സേതുലക്ഷ്മി (ലാല്‍സലാം) ആനി, രേഷ്മ (ഉള്ളടക്കം) നന്ദിനി മേനോന് (പക്ഷേ), സൂസന്ന (സാക്ഷ്യം) ഇങ്ങനെ മലയാള സിനിമയിലെ ശക്തമായ സ്ത്രീകഥാപാത്രങ്ങളെന്ന് അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടാവുന്ന ഒരുപാട് പെണ്‍ശബ്ദങ്ങളെ സൃഷ്ടിച്ചിട്ടുള്ള ചെറിയാന് കല്‍പ്പകവാടിയുടെ തൂലികയില്‍ നിന്നുമാണ് മാവോയിസ്റ്റ് ഗൗരിയും രൂപപ്പെട്ടിട്ടുള്ളത്. ഊര്‍വ്വശിയും ഗീതയും ശോഭനയും ഗൗതമിയെയുമൊക്കെ നടികളെന്ന രീതിയില്‍ പരുവപ്പെടുത്തിയെടുക്കുന്നതില്‍ ആ കഥാപാത്രങ്ങള്‍ക്ക് അതിന്റേതായ പങ്കുമുണ്ട്. നടിയെന്ന നിലയില്‍ തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നും ഗൗരിയെ ശക്തമാക്കാന്‍ ആശാ ശരത് ശ്രമിച്ചിട്ടുണ്ട്. ലാലിന്റെ ഖാലിദ് അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെടേണ്ട വേഷമാണ്. പ്രത്യേകിച്ചും ക്ലൈമാക്സ് രംഗത്തെ അഭിനയം.
രണ്‍ജി പണിക്കറിലെ പോലീസ് ഉദ്യോഗസ്ഥനായ രമേശ് കുമാര്‍ അടുത്ത തീയേറ്ററില്‍ അദ്ദേഹം നായകനായി അഭിനയിക്കുന്ന രൗദ്രം 2018 എന്ന ചിത്രത്തിലെ പാര്‍ക്കിസണ്‍ രോഗിയായ റിട്ടയേര്‍ഡ് സൈന്റിസ്റ്റില് നിന്നും നൂറ്റൊന്നു ശതമാനം വ്യത്യസ്തമാണെന്നത് നടനെന്ന നിലയിലെ രജ്ഞി പണിക്കരുടെ കഴിവിന്റെ തെളിവാണ്. നെടിമുടി വേണു, ജോയി മാത്യു, മണിയന്‍പിള്ള രാജു, സുധീര്‍ കരമന, സോഹന്‍ സിനുലാല്‍, സുനില്‍ സുഗൈദ, അനില്‍ നെടുമങ്ങാട്, മീരാ നായര്‍, മാലാ പാര്‍വ്വതി, കൃഷ്ണന് ബാലകൃഷ്ണന് ഇങ്ങനെ നല്ലൊരു താരനിര കൂടെയുണ്ട്. നിഖില്‍ എസ് പ്രവീണന്റെ ക്യാമറയും എം ജയചന്ദ്രന്റെ പശ്ചാത്തലസംഗിതവും സിനിമയുടെ ത്രില്ലര്‍ സ്വഭാവത്തിന് ശക്തമായ അടിത്തറ നല്‍കുന്നുണ്ട്.
സാമൂഹ്യപ്രതിബന്ധതയ്ക്കൊപ്പം കാലികപ്രസക്തിയുള്ള ഒരു കഥയെ പ്രേക്ഷകന് ബോറടിപ്പിക്കാത്ത രീതിയില്‍ വെള്ളിത്തിരയിലെത്തിച്ചുവെന്നതില് നിഷാദിനും അഭിമാനിക്കാം. ചിരിച്ച മുഖത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ക്രിമിനലിന് ആണ്‍പെണ്‍ വ്യത്യാസമില്ലെന്ന് തിരിച്ചറിയുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള് കടന്നുപോകുന്നത്. ഒരു പെണ്ണിനെ തെറ്റുകാരിയാക്കാനും അവളുടെ ജീവിതത്തിലെ പാകപ്പിഴകള്‍ ചികഞ്ഞെടുക്കാനും സമൂഹത്തിനുള്ളത്ര വെമ്പല്‍ പുരുഷന്മാര് തെറ്റുകാരാകുമ്പോള് കാണാറില്ല.
ഗൗരിയില്‍ നിന്നും മാവോയിസ്റ്റ് ഗൗരിയെന്ന പേരില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ സമൂഹത്തിന് മുന്നില്‍ പിടിച്ചുനിര്‍ത്തപ്പെടുന്ന ഗൗരിയെ മനുഷ്യത്വത്തിന്റെയും അവളുടെ ജീവിതം കരുപിടിപ്പിക്കാനും ഒറ്റപ്പെടലിനെ നേരിടാനും അവള്‍ക്ക് സ്വീകരിക്കേണ്ടിവരുന്ന സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ നിരപരാധിത്വം നല്കി സ്വാതന്ത്ര്യത്തിലേക്ക് മോചിപ്പിക്കുന്നുണ്ട് കണ്ടിറങ്ങുന്ന പ്രേക്ഷകര്‍. ആണിനേക്കാള്‍ കൂടുതല്‍ പെണ്ണ് ക്രമിനിലയാല് കഥകളാല്‍ സൈബര്‍ലോകത്ത് വേട്ടയാടപ്പെടുമ്പോള്‍ തീര്‍ച്ചയായും സാധാരണ മലയാളി കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് തെളിവ്.