എന്തുകൊണ്ട് ഗൗതമന്റെ രഥം സിനിമ നമ്മൾ കാണണം. സുരേഷ് കുമാർ രവീന്ദ്രന്റെ ഫിലിം റിവ്യൂ വായിക്കാം
എങ്ങനെയുണ്ട് ഗൗതമന്റെ രഥം?
പലതരം സിനിമാ രീതികളെ കുറിച്ചുള്ള ചൂട് പിടിച്ച ചർച്ചകൾ നടക്കുന്നൊരു കാലമാണിത്. ഇത്തരം ചർച്ചകൾക്കിടയിൽ, പ്രേക്ഷകർക്ക് എന്താണ് ആവശ്യം എന്നതു മാത്രം പലരും സൗകര്യപൂർവ്വം മറന്നു പോകുന്നു എന്നതാണ് സത്യം. എന്നാൽ, ആനന്ദ് മേനോൻ എന്നൊരു ചെറുപ്പക്കാരൻ അത് ചെറിയ രീതിയിലെങ്കിലും മനസ്സിലാക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ‘ഗൗതമന്റെ രഥം’. ചെറിയൊരു ത്രെഡ്, അതിനെ മനോഹരമായി വികസിപ്പിച്ചെടുത്ത്, ആവശ്യം വേണ്ട എല്ലാ ഘടകങ്ങളും ചേർത്ത് കിട്ടിയ ഒരു കുഞ്ഞു ഫീൽഗുഡ് സിനിമ, അതാണ് ‘ഗൗതമന്റെ രഥം’
സാധാരണയായി, ആദ്യദിന തള്ളുകൾക്കു വേണ്ടി ഉപയോഗിക്കുന്ന ഒരു ക്ളീഷേ ഡയലോഗല്ലേ ഈ’ ഫീൽ ഗുഡ്’ എന്നത്? ഇതും അങ്ങനെയാണോ?
ഈ പറഞ്ഞ തള്ള് ആവശ്യമുള്ളവർ അതിനു ചേർന്ന അർത്ഥത്തിൽ ഇത്തരം വാക്കുകൾ ഉപയോഗിച്ചോട്ടെ, വിരോധമില്ല. കാരണം, എല്ലാം വയറ്റിൽപിഴപ്പിന്റെ കളികളല്ലേ! എന്തായാലും ‘ഗൗതമന്റെ രഥ’ത്തെ സംബന്ധിച്ച് ആ ഒരു പഴിയുടെ ആവശ്യമില്ല. വളരെ സത്യസന്ധമായൊരു സിനിമാ ശ്രമം തന്നെയാണ്. ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ’, ‘വെറുത്തു വെറുത്ത് ഒടുവിൽ കുട്ടിശ്ശങ്കരനോട് ഇഷ്ടം’ ഇങ്ങനെയുള്ള അവസ്ഥകളൊന്നും നേരിടേണ്ടി വരാത്ത, തികച്ചും ലളിതമായ ഒരു കുടുംബചിത്രം, അതാണ് ‘ഗൗതമന്റെ രഥം’
എന്താണ് സംഭവം?
ഗൗതമനും ഒരു സെക്കന്റ് ഹാൻഡ് നാനോ കാറും തമ്മിലുള്ള ബന്ധമാണ് സിനിമ പറയുന്നത്. വെറും ബന്ധമല്ല, ഇണക്കവും പിണക്കവും തുടങ്ങി എല്ലാ തരം വികാരങ്ങളിലൂടെയും കടന്നു പോകുന്ന, തികച്ചും സത്യസന്ധമായ ഒന്ന്. കാറിനോടുള്ള ഗൗതമിന്റെ പ്രണയം പറയുന്നതിനിടെ, ‘മുത്തശ്ശി-ചെറുമകൻ’ കോമ്പിനേഷനിലെ ഏറെ മധുരതരമായ ഉപകഥയും പറയുന്നു ‘ഗൗതമിന്റെ രഥം’. ഗൗതമനും കുടുംബവും ചേർന്ന് രാമേശ്വരം വഴി ധനുഷ്ക്കോടിയിലേക്ക് പോകുന്ന രംഗമൊക്കെ കൊതിയോടെയാണ് കണ്ടത്. ചെറിയ ചെറിയ തമാശകളും, സന്തോഷം കൊണ്ട് കണ്ണ് നനയിക്കുന്ന ഒരു പിടി മുഹൂർത്തങ്ങളും കൊണ്ട് സമൃദ്ധമാണ് സിനിമ. സംഗതി എഴുതി സംവിധാനം ചെയ്ത ആനന്ദ് മേനോന് നിറഞ്ഞ കയ്യടികൾ. ക്രിയേറ്റിവ് സംവിധായകൻ എന്ന ടൈറ്റിലിന് കീഴെ ബേസിൽ ജോസഫ് എന്ന പേര് കണ്ടു. അതിന്റെയൊരു ശക്തമായ സ്വാധീനം സിനിമയിൽ കാണാനുണ്ട്.
അഭിനേതാക്കൾ, മറ്റു ക്രൂ?
ബോളിവുഡിലെ പ്രശസ്തമായ വെബ്സീരീസിൽ ഗംഭീര പ്രകടനം കാഴ്ച വച്ചിട്ടു വരുന്ന നീരജ് മാധവ്, ഇവിടെ ഒരു പാവം ഗൗതമനാണ്. അച്ഛൻ, അമ്മ, മുത്തശ്ശി, കൂട്ടുകാർ, പ്രണയിനി തുടങ്ങി എല്ലാവരെയും ഒരുപാട് സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു നിഷ്ക്കളങ്കനായ കഥാപാത്രം. ‘രഞ്ജി പണിക്കർ (അച്ഛൻ) — ദേവി അജിത് (അമ്മ) — വത്സലാ മേനോൻ (മുത്തശ്ശി)’ ടീമിന്റെ കുടുംബം, ബേസിൽ ജോസഫ്, സ്വാതിക് റഹീം എന്നിവരടങ്ങുന്ന സുഹൃത് സംഘം, ഇവ രണ്ടും ഗൃഹാതുരത്വമുണർത്തുന്ന ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു. ഒരേ ഒരു സീനിൽ വരുന്ന ഹരീഷ് കണാരനും മനസ്സിൽ സ്ഥാനം നേടുന്നുണ്ട്. വിഷ്ണു ശർമ്മയുടെ ഛായാഗ്രഹണ മികവ് എടുത്തു പറയേണ്ടതാണ്. അനാവശ്യ ഗിമ്മിക്സുകളൊന്നുമില്ലാതെ ഗൗതമന്റെയും, അവന്റെ ‘നാണപ്പന്റെയും’ പിറകേ ക്യാമറയുമായി കൂടിയിരിക്കുകയാണ് വിഷ്ണുവും സംഘവും. വിനായക് ശശികുമാറിന്റെയും, നീരജ് മാധവിന്റെയും വരികൾക്ക് അങ്കിത് മേനോൻ സംഗീതം നൽകിയ ഗാനങ്ങൾ സിനിമയുടെ ആ ഒരു മൂഡിനെ നില നിർത്താൻ സഹായിക്കുന്നുണ്ട്. പ്രത്യേകിച്ച്, ”തീരാ കഥ’ എന്ന ‘രാമേശ്വരം-ധനുഷ്കോടി’ യാത്രയുടെ ഗാനം, മനോഹരമായ അനുഭൂതി സമ്മാനിക്കുന്ന ഒന്നാണ്. എഡിറ്റിങ് നിർവ്വഹിച്ച അപ്പു ഭട്ടതിരിയ്ക്കും അഭിനന്ദനങ്ങൾ.
അപ്പോൾ ധൈര്യത്തോടെ തിയേറ്ററിൽ പോയി കാണാമോ?
സമരം ചെയ്യാനല്ലല്ലോ പറഞ്ഞത്, സിനിമയല്ലേ ഇത്. പുറമേ ഒന്ന് പറഞ്ഞിട്ട്, അകത്ത് കയറുമ്പോൾ നേരത്തേ പറഞ്ഞതുമായി യാതൊരു ബന്ധവുമില്ല എന്ന അവസ്ഥ സമ്മാനിക്കുന്ന പതിവ് അനുഭവമല്ല ‘ഗൗതമിന്റെ രഥം’, ആ ഒരു ഉറപ്പ് തരാം. ചളിപ്പോ, വലിച്ചു നീട്ടലുകളോ, തെറി പ്രയോഗങ്ങളോ, സ്ലോ മോഷൻ തല തരിപ്പുകളോ ഇല്ലാത്ത ഒരു വെരി വെരി സിംപിൾ ഫാമിലി മൂവി, അതാണ് ‘ഗൗതമിന്റെ രഥം’. കാണാൻ പോകുന്നതും പോകാത്തതുമൊക്കെ നിങ്ങളുടെ ഇഷ്ടം.
English Summary: Review of the film guthamante ratham
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.