Monday
22 Apr 2019

സര്‍ക്കാര്‍: രക്ഷകന്റെ പുതിയ അവതാരം

By: Web Desk | Thursday 8 November 2018 9:22 AM IST


കെ കെ ജയേഷ്

എം ജി ആറിനും രജനീകാന്തിനും ശേഷം തമിഴ്ജനതയുടെ രക്ഷകനായി അവതരിക്കുന്ന താരമാണ് വിജയ്. എം ജി ആറിനും രജനിയ്ക്കും മുമ്പിലെന്നപോലെ വിജയ് ചിത്രങ്ങളിലും രക്ഷകന്റെ സഹായം തേടി പതിനായിരങ്ങള്‍ എത്തും. അവരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് വിജയ് തലയുയര്‍ത്തി നില്‍ക്കും. അഭിനയിക്കുന്ന സിനിമയില്‍ വേറിട്ട കഥയോ കഥാപാത്രങ്ങളോ വേണമെന്ന് വിജയ്ക്ക് നിര്‍ബന്ധമില്ല. സൂര്യയേയോ വിക്രത്തേയോ പോലെ വെള്ളിത്തിരയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഒട്ടും താത്പര്യവുമില്ല. പശ്ചാത്തലത്തില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും ഭൂരിഭാഗം വിജയ് ചിത്രങ്ങളുടെയും കഥയും കഥാപാത്രങ്ങളും ഏറെക്കുറേ ഒന്നുപോലെയാവും. ആക്ഷനും കോമഡിയും ഡാന്‍സും പഞ്ച് ഡയലോഗുമായി വിജയ് കളം നിറഞ്ഞു കളിക്കും.

രജനീകാന്തിനും കമല്‍ഹാസനും പിന്നാലെ രാഷ്ട്രീയത്തിലെത്തുമെന്ന് കുറേ നാളായി പറഞ്ഞു കേള്‍ക്കുന്ന താരം കൂടിയാണ് വിജയ്. പുതിയ ചിത്രമായ സര്‍ക്കാറില്‍ തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ അഴിമതിയുടെ കറുത്ത ഗുഹയിലേക്ക് വെളിച്ചം പകരാനെത്തുന്ന നായകനെയാണ് കാണാനാവുക. നീ ഒരാള്‍.. ഞങ്ങളുടെ കക്ഷിക്കെതിരെ നിനക്കെന്ത് ചെയ്യാന്‍ പറ്റുമെന്ന് ചോദിക്കുന്ന രാഷ്ട്രീയ നേതാവിനോട് ട്രെയിനില്‍ നിന്ന് തൂക്കിയെറിയപ്പെട്ടപ്പോള്‍ ഗാന്ധിയും ഒരാള്‍ മാത്രമായിരുന്നെന്ന കിടിലന്‍ മറുപടിയും നല്‍കി കയ്യടി നേടുന്നുണ്ട് ഇളയദളപതി.

കോര്‍പ്പറേറ്റ് മോണ്‍സ്റ്റര്‍ എന്ന വിളിപ്പേരുള്ള സുന്ദര്‍ രാമസ്വാമി (വിജയ്) ആണ് എ ആര്‍ മുരുകദോസ് ഒരുക്കിയ സര്‍ക്കാരിലെ നായകന്‍. ചില്ലറക്കാരനല്ല കക്ഷി. അമേരിക്കയില്‍ ജോലി ചെയ്യുന്ന സുന്ദര്‍ മറ്റേതെങ്കിലും രാജ്യത്തെത്തിയാല്‍ അവിടെയുള്ള ഏതെങ്കിലുമൊക്കെ വന്‍കിട കമ്പനികളെ തകര്‍ത്തിട്ടേ മടങ്ങിപ്പോകുകയുള്ളു. സുന്ദര്‍ ഇന്ത്യയിലേക്ക് വരുന്നിടത്താണ് സിനിമയുടെ തുടക്കം. സുന്ദറിന്റെ ഇര ആരായിരിക്കുമെന്ന് ഇന്ത്യന്‍ കമ്പനി മേധാവികളെല്ലാം ആശങ്കപ്പെടുമ്പോള്‍ അറിയുന്നു വോട്ട് ചെയ്യാനായിട്ടാണ് സുന്ദറിന്റെ വരവെന്ന്. വോട്ട് ചെയ്ത് അന്ന് തന്നെ മടങ്ങണമെന്ന ഉദ്ദേശത്തോടെ തമിഴ്‌നാട്ടിലെത്തുന്ന സുന്ദറിന് പക്ഷെ ഇവിടെ തന്നെ നില്‍ക്കേണ്ടിവരുന്നു. തന്റെ വോട്ട് മറ്റാരോ കള്ളവോട്ട് ചെയ്തുവെന്ന് തിരിച്ചറിയുന്ന സുന്ദര്‍ നീതിയ്ക്ക് വേണ്ടി നിയമപരമായി പോരാടുന്നു. ഈ പോരാട്ടത്തിലൂടെ അഴിമതിയും വഞ്ചനയുമെല്ലാം കൊടികുത്തി വാഴുന്ന ഇന്നത്തെ തമിഴ്‌നാട് രാഷ്ട്രീയത്തെ കീറി മുറിക്കുകയാണ് സംവിധായകന്‍. പലപ്പോഴായി കണ്ടുമടുത്ത കാഴ്ചകള്‍ തന്നെയാണെങ്കിലും അവതരണ ഭംഗികൊണ്ട് അതിനെയെല്ലാം മറികടക്കാന്‍ എ ആര്‍ മുരുകദോസിന് സാധിക്കുന്നുണ്ട്.

രാജ്യം ഭരിക്കുന്ന ബി ജെ പിയെയും നരേന്ദ്ര മോഡിയെയുമെല്ലാം ധൈര്യമായി വിമര്‍ശിച്ചതിലൂടെയായിരുന്നു വിജയിയുടെ കഴിഞ്ഞ ചിത്രം ‘മെര്‍സല്‍’ ശ്രദ്ധേയമായത്. സര്‍ക്കാരില്‍ തമിഴ്‌നാട് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയാണ് വിജയിയുടെ പോരാട്ടം. എം മസിലാമണി (കറുപ്പയ്യ)യും മലര്‍വണ്ണനും (രാധാരവി) നേതൃത്വം നല്‍കുന്ന കക്ഷിക്കെതിരെയാണ് സുന്ദറിന്റെ പോരാട്ടം ചെന്നെത്തുന്നത്. നിസ്സാരനായി കരുതിയിരുന്ന സുന്ദര്‍ തങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ എതിരാളിയാണെന്ന് രാഷ്ട്രീയ നേതാക്കള്‍ തിരിച്ചറിയുമ്പോള്‍ പുതിയ തന്ത്രങ്ങളുമായി വിദേശത്ത് നിന്ന് കോമളവല്ലി (വരലക്ഷ്മി ശരത് കുമാര്‍) യുമെത്തുന്നു. സുന്ദറും കോമളവല്ലിയും നേര്‍ക്ക് നേര്‍ പോരാടുമ്പോള്‍ ഒരു മികച്ച ത്രില്ലിംഗ് അനുഭവം പ്രേക്ഷകരിലേക്ക് പകരാന്‍ ചിത്രത്തിന് സാധിക്കുന്നുണ്ട്. തന്റെ ഒരു വോട്ടിന് വേണ്ടിയാണ് സുന്ദര്‍ പോരാട്ടം ആരംഭിക്കുന്നത്. പിന്നീടത് ഒരു വിരലില്‍ തുടങ്ങിയ സാമൂഹ്യ വിപ്ലവമായി മാറുന്നു. വോട്ട് നഷ്ടപ്പെട്ടവര്‍ തെരുവിലിറങ്ങുമ്പോള്‍ അധികാര കേന്ദ്രങ്ങള്‍ വിറയ്ക്കുന്നു. ഒരു വോട്ട് കൊണ്ട് എന്ത് ചെയ്യാനാ എന്ന് മലര്‍വര്‍ണ്ണന്‍ ചോദിക്കുമ്പോള്‍ വെറുമൊരു വോട്ടിലാണ് ലോകത്ത് പല മാറ്റങ്ങളും സംഭവിച്ചിട്ടുള്ളതെന്നാണ് സുന്ദറിന്റെ മറുപടി. ഒരു വോട്ടിന് വേണ്ടിയുള്ള പോരാട്ടം വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന എം മസിലാമണിയുടെ കുത്തക ഭരണത്തെ തന്നെ അട്ടിമറിക്കുന്നിടത്തേക്ക് വളരുകയാണ്.
പതിവ് വിജയ് ചിത്രങ്ങളില്‍ കാണുന്ന അനവസരത്തിലുള്ള കോമഡികളോ ഏച്ചുകെട്ടിയ പ്രണയ നാടകങ്ങളോ ഒന്നും സര്‍ക്കാറിലില്ല. സ്ഥിരം ഇളകിയാട്ടങ്ങളില്ലാതെ ഏറെ സ്‌റ്റൈലിഷായാണ് വിജയിയെ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. വിജയ് ചിത്രങ്ങളുടെ ചേരുവകള്‍ എല്ലാം ചേര്‍ത്ത് ഒരുക്കുമ്പോഴും എ ആര്‍ മുരുകദോസിന്റെ സ്പര്‍ശം ചിത്രത്തില്‍ അനുഭവിച്ചറിയാന്‍ സാധിക്കും. ഇതിനിടയിലും സമകാലികമായ പല സംഭവങ്ങളും ചിത്രത്തില്‍ കുത്തി നിറയ്ക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്. തിരുനെല്‍വേലി കലക്‌ട്രേറ്റില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ ദൃശ്യവും തമിഴ്‌നാട്ടില്‍ അടുത്തിടെയുണ്ടായ പല സംഭവങ്ങളും ചിത്രത്തില്‍ കടന്നുവരുന്നുണ്ട്.

വാണിജ്യ ചിത്രങ്ങളുടെ ചേരുവകളെല്ലാം കൃത്യമായി ചേര്‍ത്തൊരുക്കിയ ചിത്രത്തിന്റെ ആദ്യ പകുതി തീരെ മുഷിപ്പിക്കാതെ കടന്നുപോകും. എന്നാല്‍ രണ്ടാം പകുതിയിലെത്തുമ്പോള്‍ പഴയ വിജയ് ചിത്രങ്ങളുടെ കാഴ്ചകള്‍ തന്നെയാണ് കാണാന്‍ കഴിയുന്നത്. വേഗത അല്‍പ്പം കുറഞ്ഞുപോകുന്ന ചിത്രം പിന്നീട് വരലക്ഷ്മി ശരത് കുമാറിന്റെ വരവോടെയാണ് കുറച്ചുകൂടി ത്രില്ലിംഗ് ആയി മാറുന്നത്. തുടര്‍ന്ന് സാധാരണമായൊരു ക്ലൈമാസ്‌കില്‍ ചിത്രം അവസാനിക്കുകയും ചെയ്യുന്നു. മുരുകദോസിന്റെ തുപ്പാക്കിയുടെയും കത്തിയുടെയും അത്രത്തോളം വരില്ലെങ്കിലും സമീപകാല വിജയ് ചിത്രങ്ങളില്‍ ഏറെ മികച്ച് നില്‍ക്കുന്ന സിനിമ തന്നെയാണ് സര്‍ക്കാര്‍.

vijay keerthi

കിടിലന്‍ ആക്ഷന്‍ രംഗങ്ങളിലൂടെയും കയ്യടിപ്പിക്കുന്ന പഞ്ച് ഡയലോഗുകളിലൂടെയും ചടുലമായ നൃത്തച്ചുവടുകളിലൂടെയും ഏറെ സ്‌റ്റൈലിഷായ ലുക്കിലൂടെയും വിജയ് നിറഞ്ഞാടുകയാണ് ചിത്രത്തില്‍. പതിവ് ലൗ ട്രാക്ക് ഇല്ലാത്തതുകൊണ്ട് തന്നെ നായികയായ കീര്‍ത്തി സുരേഷിന്റെ നിലായ്ക്ക് കാര്യമായൊന്നും ചെയ്യാന്‍ ചിത്രത്തിലില്ല. ഇതേ സമയം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ വരലക്ഷ്മി ഗംഭീരമാക്കി. രാഷ്ട്രീയ നേതാക്കളായെത്തുന്ന കറുപ്പയ്യയും രാധാരവിയും മികച്ചു നിന്നു. കോമഡി താരം യോഗി ബാബു ചിത്രത്തിലുണ്ടെങ്കിലും കാര്യമായ കോമഡി രംഗങ്ങളൊന്നും ചിത്രത്തിലില്ല. എ ആര്‍ റഹ്മാന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന് കരുത്ത് പകരുന്നു. ഗീരീഷ് ഗംഗാധരന്റെ ഛായാഗ്രഹണവും മികവ് പുലര്‍ത്തി. റാം ലക്ഷ്മണ്‍ ടീമിന്റെ ആക്ഷന്‍ രംഗങ്ങളെ കിടിലന്‍ എന്ന് തന്നെ വിശേഷിപ്പിക്കാം. മെര്‍സലിനെതിരെ ബി ജെ പി രംഗത്തെത്തിയപ്പോള്‍ സര്‍ക്കാരിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ തന്നെ രംഗത്ത് വന്നുകഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നീക്കണമെന്ന ആവശ്യം ഉന്നിച്ചത് മന്ത്രി കടമ്പൂര്‍ രാജനാണ്. ഒരു വിരല്‍ പുരട്ചി എന്ന ഗാനത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ജനങ്ങള്‍ കത്തിച്ചെറിയുന്ന രംഗമുണ്ട്. ഇതാണ് സര്‍ക്കാറിനെ പ്രകോപിപ്പിച്ചിട്ടുള്ളത്. വരലക്ഷ്മി ശരത് കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന് മുന്‍ മുഖ്യമന്ത്രി ജയലളിതമായുമായി സാമ്യമുണ്ടെന്നതും ചര്‍ച്ചയായിരുന്നു. ബി ജെ പിയുടെ വിമര്‍ശനങ്ങളായിരുന്നു ശരാശരി ചിത്രമായ മെര്‍സലിനെ മെഗാഹിറ്റാക്കിയത്. പുതിയ വിമര്‍ശനങ്ങള്‍ സര്‍ക്കാറിനും പ്രയോജനം ചെയ്‌തേക്കാം.

പുതുമയുള്ള കഥയോ കഥാസന്ദര്‍ഭങ്ങളോ പ്രതീക്ഷിക്കാതെ പോയാല്‍ കളര്‍ഫുള്ളായ ഒരു മാസ് എന്റര്‍ടെയ്‌നര്‍ കണ്ടിറങ്ങാം. രണ്ടേ മുക്കാല്‍ മണിക്കൂറോളം തിയേറ്ററില്‍ ആഘോഷിക്കാനുള്ള വകയൊക്കെ മുരുകദോസും വിജയും ചേര്‍ന്ന് സര്‍ക്കാരില്‍ ഒരുക്കുന്നുണ്ട്.