ആത്മാവിന്റെ നീരൊഴുക്കുകൾ — ഡോ. പി സുരേഷ് ‑ജനയുഗം ഓണ്‍ലെെനില്‍ പ്രസിദ്ധീകരിച്ച രാധാകൃഷ്ണൻ പെരുമ്പളയുടെ ദീർഘ കവിതയായ “പെരുമ്പളപ്പുഴ ” യെക്കുറിച്ച് ഒരു ആസ്വാദനക്കുറിപ്പ്

ഡോ. പി. സുരേഷ്
Posted on November 15, 2020, 5:21 pm

ഡോ. പി. സുരേഷ്

“പുഴകളിലും നദികളിലും തിളങ്ങിയൊഴുകുന്ന ജലം വെറും ജലമല്ല, ഞങ്ങളുടെ പൂർവ്വികരുടെ രക്തമാണ്. ഞങ്ങൾ നിങ്ങൾക്ക് ഭൂമി വിറ്റാൽ
ആ ജലം പാവനമാണെന്ന്
നിങ്ങൾക്ക് ഓർമ്മയുണ്ടാകണം.
അതു പാവനമാണെന്നുമാത്രമല്ല, സ്ഫടികംപോലെയുള്ള തടാകപ്പരപ്പിലെ ഓരോ ഭൂതാവിഷ്ടനിഴലാട്ടവും പറയുന്നത് എന്റെ ജനതയുടെ ജീവിതസംഭവങ്ങളെപ്പറ്റിയും
അവയുടെ ഓർമ്മകളെപ്പറ്റിയുമാണെന്നും നിങ്ങളുടെ മക്കളെ പഠിപ്പിക്കണം.
ജലത്തിന്റെ മർമ്മരം എന്റെ അച്ഛന്റെയച്ഛന്റെ ശബ്ദമാണ്.
നദികൾ ഞങ്ങളുടെ സഹോദരരാണ്. അവർ ഞങ്ങളുടെ ദാഹം തീർക്കുന്നു. ഞങ്ങളുടെ വഞ്ചികളെ ചുമക്കുന്നു. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വിശപ്പ് ശമിപ്പിക്കുന്നു.
ഞങ്ങൾ നിങ്ങൾക്ക്
ഞങ്ങളുടെ ഭൂമി വിറ്റാൽ
നദികൾ ഞങ്ങളുടെയും നിങ്ങളുടെയും സഹോദരരാണെന്ന് നിങ്ങൾക്ക് ഓർമ്മയുണ്ടായിരിക്കണം.
നിങ്ങളുടെ കുഞ്ഞുങ്ങളെ അത് പഠിപ്പിക്കുകയും ചെയ്യണം.
മാത്രമല്ല, അന്നുമുതൽ നിങ്ങൾ
ഏതൊരു സഹോദരനോടും കാണിക്കുന്ന കാരുണ്യം നദികളോടും കാണിക്കണം ”

അമേരിന്ത്യൻ ഗോത്രവർഗ മൂപ്പനായിരുന്ന സിയാറ്റിൽ മൂപ്പൻ 1854 ൽ നടത്തിയ പ്രസംഗത്തിലെ ഈ വാചകങ്ങൾ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള
ജൈവ ബന്ധത്തിന്റെ ഉണ്മയെയാണ് സ്പർശിക്കുന്നത്.

നദികൾ ജലമൊഴുകുന്ന ചാലുകളല്ല; മനുഷ്യ സംസ്കാരത്തിന്റെ നിർമ്മാതാക്കളാണ്. 

നൈൽ നദി ദാനം കൊടുത്ത ജീവിതത്തെപ്പറ്റിയും
സിന്ധുനദീതടങ്ങളിൽ തെഴുത്തുണർന്ന സംസ്കാരത്തെപ്പറ്റിയും
ചരിത്രം നമ്മെ ചിലത് പഠിപ്പിച്ചിട്ടുണ്ടല്ലോ.

“ഇരുപത്തിമൂന്നോളം ലക്ഷമിപ്പോൾ
ചെലവിട്ടു നിർമ്മിച്ച പാലത്തിന്മേൽ അഭിമാനപൂർവ്വം ഞാനേറി നില്പാ -
ണടിയിലെശ്ശോഷിച്ച പേരാർ നോക്കി ”
എന്ന് ഇടശ്ശേരി എഴുതിയത് 1954 ലാണ്.

ഏഴ് ദശകമായി “കുറ്റിപ്പുറംപാല“ത്തിനടിയിലൂടെ
ഒരു പാട് ജലം ഒഴുകിപ്പോയി;
പലപ്പോഴും ഒഴുക്കു നിലച്ച്
തളംകെട്ടി നിന്നു.

ഇവിടെയൊരു കവി മറ്റൊരു പാലത്തിൻമേൽ അതിനേക്കാൾ അഭിമാനത്തോടെ കയറി നിൽക്കുകയാണ്. നാഗരികതയുടെ വരവിനെ വിഭക്തമനസ്സോടെ നേരിട്ട സന്ദേഹിയായ കവിയായിരുന്നു കുറ്റിപ്പുറംപാലത്തിലേറി നിന്നതെങ്കിൽ, ചന്ദ്രഗിരിപ്പുഴയ്ക്കു കുറുകെയുള്ള പാലത്തിൽ അനാദിയായ സംസ്കാരത്തിലേക്കും പരുഷമായ വർത്തമാനത്തിലേക്കും പെൻഡുല മനസ്കനായി നിൽക്കുകയാണ് രാധാകൃഷ്ണൻ പെരുമ്പള എന്ന കവി.

ചരിത്രവും സംസ്കാരവും തിരയടിക്കുന്ന പുഴയുടെ “ആഴങ്ങളിൽ കൊത്തുവേല ചെയ്യുന്ന” നിരവധി മനുഷ്യരെ അദ്ദേഹം ആ നീരൊഴുക്കിൽ കാണുന്നു …

“ഒരേ പുഴയിൽ ഒരാൾക്ക് രണ്ടു തവണ ഇറങ്ങാൻ കഴിയില്ല” എന്ന് ഗ്രീക്ക് തത്ത്വചിന്തകനായ ഹെറാക്ലീറ്റസ് പറയുന്നുണ്ട്.
ഒരു തവണ ഇറങ്ങി നിൽക്കുമ്പോൾ പോലും അനേകം നദികളാണ് നമ്മുടെ പാദം നനച്ചു കൊണ്ട് ഒഴുകിപ്പോകുന്നത്. ആ നനവിൽ നിന്നാണ് രാധാകൃഷ്ണൻ കാലത്തിന്റെ ഓർമ്മകളുടെ പുഴയിലേക്ക് ഇറങ്ങുന്നത്.

“പെരുമ്പളപ്പുഴ “കവിയുടെ അസ്തിത്വത്തെ നിർണ്ണയിക്കുകയും നിലനിർത്തുകയും ചെയ്യുന്ന നീരൊഴുക്കാണ്.

“എങ്കിലുമിടയ്ക്കിടെ
വന്നുനിൽക്കും ഞാനിവിടെ
അല്ലാതെ പറ്റില്ലെനി-
ക്കെന്നെപ്പിന്നെ നേരിടാൻ” എന്നതാണ് കവിയും പുഴയും തമ്മിലുള്ള ആത്മബന്ധം. 

തുളുനാടിനെയും മലയാളക്കരയെയും വേർതിരിക്കുന്ന ഈ പുഴയിലൂടെ ചോരയും ശവങ്ങളും കിനാവുകളും ഒഴുകിപ്പോയിട്ടുണ്ട്.
ഇരുകരകളിലെയും ചരിത്രത്തിന്റെ എക്കൽ മണ്ണിൽ തഴുകിയാണ്
കുടകിൽ നിന്ന് ഉത്ഭവിച്ച് പയസ്വിനിയായി , ചന്ദ്രഗിരിപ്പുഴയായി അതിന്റെ വരവ്.

ഒട്ടേറെ യുദ്ധങ്ങളും രക്തച്ചൊരിച്ചിലും കണ്ടിട്ടുണ്ട് ഈ പുഴ.
നിരവധി ഭാഷകളുടെയും ഭരണാധികാരികളുടെയും
കലകളുടെയും
തീരഭൂമികളിലൂടെയാണ്
“പെരുമ്പളപ്പുഴ “യായി അത് പേരുമാറുന്നത്. 

ബഹുസ്വര സംസ്കാരങ്ങളുടെ മൺതിട്ടകളിൽ തടം തല്ലിയാർത്ത്
പെരും പ്രവാഹമായി പെരുമ്പളപ്പുഴ സഞ്ചരിച്ചു കൊണ്ടിരുന്നതായി കവി ചരിത്രത്തെ ഓർത്തെടുക്കുന്നു. 

വറ്റിയും നിറഞ്ഞും പ്രളയത്തിൽ ഉന്മാദിയായും അജ്ഞാതമായ അടിയൊഴുക്കുകളെ ഗർഭത്തിലൊളിപ്പിച്ചും ഒരു നാടിന്റെ ജല സ്വപ്നങ്ങളിൽ ആ പുഴ നിറവാർന്നു തഴച്ചു .

അതിന്റെ ചരിത്രം വ്യക്തികളുടെ ജൈവലോകങ്ങളിൽ പറ്റിപ്പിടിക്കുകയും അവരുടെ ഇന്ദ്രിയങ്ങളിൽ ഇഴുകി ലയിക്കുകയും ചെയ്തു.

“പുഴയിൽ കുളിക്കുമ്പോൾ
ജലത്തിൻ ആലിംഗനം
ഉടലിൻ ഇടുക്കുകളിൽ
അതിന്റെ വിരൽസ്പർശം
കളിക്കൂട്ടുകാർ പോലെ
മീനുകൾ തിര്യക്കുകൾ ”
എന്ന് കവി എഴുതുന്നു.

മീനുകളും പക്ഷികളും ഉൾപ്പെടുന്ന വലിയൊരു ജീവിലോകത്തിന്റെ ആവാസസ്ഥലിയായി
പുഴ മാറുന്നതിന്റെ മനോഹര ചിത്രം
കവി കോറിയിടുന്നു.
പുഴ ഒരു മൗനസാക്ഷിയായി ഒഴുകുക മാത്രമല്ല കവിതയിൽ.
പുഴയുടെ ജല കോശത്തിൽ നിന്ന് ദേശസംസ്കാരത്തിന്റെ ജനിതകം കണ്ടെടുക്കുകയാണ് കവി.
നാടിന്റെ സമര ചരിത്രങ്ങൾക്കും പലായനങ്ങൾക്കും വിജയമുന്നേറ്റങ്ങൾക്കും
ആ പുഴയുമായി ബന്ധമുണ്ട്.

“വലിയ മുടിയുള്ള
തെയ്യങ്ങൾ വരുമ്പോലെയാണ്
ചുവന്ന കൊടിക്കാർ
നാട്ടിലെത്തിയത്” എന്ന് കവി.
അവർ വന്നത് പുഴ കടന്നായിരുന്നു. 

ആ പുഴ കടന്നാണ് പെണ്ണുങ്ങൾ കാലങ്ങളായുള്ള വിലക്ക് നീക്കിയത്.
ആ പുഴയിൽ പാദം നനച്ചു കൊണ്ടാണ് ഉബൈദും പി.യും കവിതയുടെ മറ്റൊരു ജലാശയം സൃഷ്ടിച്ചത്.

“ഈ പുഴയിലാണല്ലോ
സ്വപ്നങ്ങളുടെ
വെൺ മേഘങ്ങൾ നീന്തുന്ന
എന്റെ ആകാശ കവാടം” എന്ന് രാധാകൃഷ്ണൻ എഴുതുമ്പോൾ വിദൂരാകാശം നിഴലിക്കുന്ന പുഴയിലെ മേഘകവാടങ്ങൾ തുറന്ന് തുഴഞ്ഞു പോകുന്ന കവിയുടെ പുഴയുമായുള്ള സാത്മീകരണമാണ് അനുഭവപ്പെടുന്നത്.

ഇരുപത് ഖണ്ഡങ്ങളുള്ള ഈ “പെരുമ്പളപ്പുഴ “ക്കവിത ചരിത്രത്തിന്റെ സമൃദ്ധ തടങ്ങളിൽ നിന്നുകൊണ്ട് വർത്തമാനത്തോട് ചില ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.

ഇരു കരകളും മലിനമായിപ്പോയ പെരുമ്പളപ്പുഴയിൽ മറ്റൊരു മൂന്നാം കരയുണ്ടാവുമോ എന്നാണ് കവിയുടെ ചോദ്യം.
ശുദ്ധവായുവും ശുദ്ധജലവുമുള്ള പുതിയൊരു പുഴയെ നമുക്ക് സ്വപ്നം കാണാൻ കഴിയുമോ?

” അംബ പേരാറേ നീ മാറിപ്പോമോ
ആ കുലയാമൊരഴുക്കുചാലായ്?” എന്നത് ഇടശ്ശേരിയുടെ ഉൽക്കണ്ഠയായിരുന്നെങ്കിൽ
ഇന്ന് അതൊരു യാഥാർത്ഥ്യമായിരിക്കുന്നു.

തന്റെ സ്വപ്ന നഗരം, മലിനമാകാത്ത ഏത് പുഴയുടെ മൂന്നാം കരയിൽ നിർമ്മിക്കണം എന്ന ചോദ്യം വിവേക ശൂന്യരായ മനുഷ്യരാശിയോട് മുഴുവനുമുള്ള ചോദ്യമാണ്. പെരുമ്പളപ്പുഴജലം കിനിഞ്ഞിറങ്ങി നീരുറവകൾ മുളപൊട്ടുന്ന തീരഭൂമിയിൽ ചവിട്ടിനിന്ന് തന്റെ സ്വത്വത്തിന്റെ ചില്ലകൾ കിളിർക്കുന്നത് ആത്മാവിൽ അറിയുകയാണ് രാധാകൃഷ്ണൻ പെരുമ്പള എന്ന കവി
ഈ കവിതയിൽ .

Eng­lish sum­ma­ry: Review of the poem Permbalapuzha