24 April 2024, Wednesday

ആശ്വാസം പകരുന്ന പരിഷ്കരിച്ച വിധി

Janayugom Webdesk
April 28, 2023 5:00 am

രാജ്യത്ത് കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾക്കും സംരക്ഷിതവനങ്ങൾ, വന്യമൃഗസങ്കേതങ്ങൾ, ദേശീയഉദ്യാനങ്ങൾ എന്നിവയോടു ചേർന്ന് അധിവസിക്കുന്ന ജനങ്ങൾക്കും ആശ്വാസം പകരുന്നതായി ബഫർസോൺ നിബന്ധനകളിൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് പരിഷ്കരിച്ച സുപ്രീം കോടതി ഉത്തരവ്. 2022ലെ പരമോന്നത കോടതിയുടെ വിധിയാണ് ജനങ്ങൾക്ക് ആശ്വാസകരമാംവിധം പരിഷ്കരിച്ചുകൊണ്ട് ജസ്റ്റിസുമാരായ ബി ആർ ഗവായ്, വിക്രംനാഥ്, സഞ്ജയ് കരോൾ എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവായത്. മുൻ വിധിയിലെ നിർദേശങ്ങൾ പലതും നടപ്പാക്കുക അസാധ്യമാണെന്നും അവ നിലനിർത്തിക്കൊണ്ട് വനസംരക്ഷണവും മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷവും കുറയ്ക്കാനാവില്ലെന്നും, മറിച്ച് അത് കൂടുതൽ തീവ്രമാക്കുകയേ ഉള്ളു എന്നും ഉത്തരവ് വ്യക്തമാക്കുന്നു. 2022ലെ വിധിന്യായം പരിസ്ഥിതിലോല മേഖലകളിൽ യാതൊരു വികസനപ്രവർത്തനങ്ങളും അനുവദിച്ചിരുന്നില്ല. ജസ്റ്റിസ് ഗവായ് ഉൾപ്പെട്ടിരുന്ന അന്നത്തെ ബെഞ്ച് അത്തരം മേഖലകളിൽ ഏതെങ്കിലും വികസനപ്രവർത്തനങ്ങൾ ഇതിനകം നടന്നുവരുന്നുണ്ടെങ്കിൽ സംസ്ഥാന ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതിയോടെ മാത്രമേ തുടരാൻ പാടുള്ളു എന്നും നിഷ്കർഷിച്ചിരുന്നു. ബഫർസോണുകളിൽ ഉൾപ്പെട്ട നൂറുകണക്കിന് ഗ്രാമങ്ങളും അവയിൽ ദശലക്ഷക്കണക്കിനു ജനങ്ങളും ഉണ്ടെന്ന് പരിഷ്കരിച്ച ഉത്തരവ് യാഥാർത്ഥ്യബോധത്തോടെ അംഗീകരിക്കുന്നു. ഈ മേഖലകളിൽ കർഷകർക്ക് ഫോറസ്റ്റ് അധികൃതരുടെ അനുമതികൂടാതെ കാർഷികവൃത്തി പോലും തുടരാനാവില്ല. കൃഷിക്കും വികസനപ്രവർത്തനത്തിനും കൺസർവേറ്ററുടെ അനുമതി വേണമെന്ന് വന്നാൽ അവർക്ക് അതല്ലാതെ തങ്ങളുടെ മുഖ്യ ഉത്തരവാദിത്തം നിറവേറ്റാൻപോലും സമയം ലഭിക്കില്ല: ഉത്തരവ് നിരീക്ഷിക്കുന്നു.


ഇതുകൂടി വായിക്കൂ: ബഫർസോൺ വിഷയം കക്ഷിരാഷ്ട്രീയ പ്രശ്നമല്ല


പരിസ്ഥിതിലോല പ്രദേശങ്ങൾ പ്രഖ്യാപിക്കുമ്പോൾ അതിന്റെ ഉദ്ദേശ്യം ജനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയായിരുന്നില്ല, മറിച്ച് വനങ്ങളെയും വന്യജീവിസമ്പത്തിനെയും സംരക്ഷിക്കുക എന്നതായിരുന്നു. പരിസ്ഥിതിലോല മേഖലകളിൽ രാജ്യത്തുടനീളം നൂറുകണക്കിന് ഗ്രാമങ്ങളാണുള്ളത്. സ്ഥിരസ്വഭാവമുള്ള യാതൊരു നിർമ്മാണപ്രവർത്തനവും അനുവദിക്കില്ലെന്നു വന്നാൽ തന്റെ വസതി പുതുക്കിപ്പണിയാൻ നിർബന്ധിതനായ ഒരു ഗ്രാമീണന് അത് അസാധ്യമാവും. വളരുന്ന കുടുംബത്തെ ഉൾക്കൊള്ളാനാവുംവിധം വീടിന്റെ വിപുലീകരണത്തിനും അനുമതി നിഷേധിക്കപ്പെടും. ഗ്രാമീണരുടെ ജീവിതം മെച്ചപ്പെടുത്താൻ സ്കൂളുകളോ ആശുപത്രികളോ അങ്കണവാടികളോ ഗ്രാമീണ ചന്തകളോ കുടിവെള്ള സംഭരണികളോ നിർമ്മിക്കാൻ സർക്കാരിനുപോലും അനുമതി നിഷേധിക്കപ്പെടുന്ന സാഹചര്യം സംജാതമാകും. എന്നാൽ അടിസ്ഥാന ജീവിതാവശ്യങ്ങളും വികസനപ്രശ്നങ്ങളും അംഗീകരിക്കുമ്പോൾത്തന്നെ വനത്തിനും വന്യജീവികൾക്കും പരിസ്ഥിതിക്കും ഹാനികരമായ പ്രവർത്തനങ്ങൾക്കെതിരെ 2022ലെ വിധിയിൽ വ്യവസ്ഥചെയ്ത നിരോധനങ്ങൾ നിലനില്‍ക്കുമെന്നും അവ കർശനമായി പാലിക്കപ്പെടണമെന്നും പരിഷ്കരിച്ച വിധി നിഷ്കർഷിക്കുന്നു. അതിൽ സുപ്രധാനമാണ് വിവിധതരത്തിലുള്ള ഖനന പ്രവർത്തനങ്ങൾ. നിരോധിത പ്രവർത്തനങ്ങൾ, നിയന്ത്രിത പ്രവർത്തനങ്ങൾ, അനുവദനീയ പ്രവർത്തനങ്ങൾ എന്നിവയുടെ കാര്യത്തിൽ പഴയ ഉത്തരവിലെ മാർഗനിര്‍ദേശങ്ങൾ കർശനമായി പാലിക്കണം. പരിസ്ഥിതിലോല മേഖലകളിലും മറ്റു സംരക്ഷിത പ്രദേശങ്ങളിലും നടക്കുന്ന പദ്ധതി പ്രവർത്തനങ്ങൾക്കുള്ള നിർദിഷ്ട പരിസ്ഥിതി-വന അനുമതി മാർഗനിർദേശങ്ങൾക്ക് അനുസൃതമായി മാത്രമേ നൽകാവൂ: വിധി അടിവരയിടുന്നു.


ഇതുകൂടി വായിക്കൂ: കർഷകരെ രക്ഷിക്കൂ; കൃഷിയെ സംരക്ഷിക്കൂ


കേരളത്തിൽ, വിശേഷിച്ചും മലയോര മേഖലകളിൽ ഏറെ ആശങ്ക സൃഷ്ടിച്ചതും രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി പലരും ദുരുപയോഗം ചെയ്തതുമായ ഒരു വിഷയത്തിലാണ് ആശ്വാസകരവും പൊതുവിൽ സ്വീകാര്യവുമായ പരിഹാരം സുപ്രീം കോടതി വിധിയുടെ രൂപത്തിൽ ഉണ്ടായിരിക്കുന്നത്. സ്വാർത്ഥലാഭത്തിനു വേണ്ടി പ്രകൃതിയെയും മനുഷ്യരെയും എങ്ങനെയും ചൂഷണംചെയ്യാൻ മടിയില്ലാത്തവരും രാഷ്ട്രീയ മുതലെടുപ്പുകാരും ഇതുകൊണ്ട് തൃപ്തരായിക്കൊള്ളണമെന്നില്ല. അതിനെതിരെ ജാഗ്രത പുലർത്താനും പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുതന്നെ സന്തുലിതമായ വികസനം ഉറപ്പുവരുത്താനും സമൂഹവും സർക്കാരും സാമൂഹിക‑രാഷ്ട്രീയ ശക്തികളും കൈകോർക്കണം. കോടതിവിധി എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമല്ല. ബഫർസോണുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള പുരാതനവും കാലഹരണപ്പെട്ടതുമായ റവന്യുഭൂരേഖകൾ കാലോചിതമായി പരിഷ്കരിച്ചില്ലെങ്കില്‍ ഇപ്പോഴത്തെ കോടതിവിധിയുടെ പ്രയോജനം വലിയൊരുവിഭാഗം ഭൂവുടമകൾക്കും നിഷേധിക്കപ്പെടും. പാവപ്പെട്ട ജനങ്ങളെ കോടതി കയറിയിറങ്ങാൻ നിര്‍ബന്ധിതരാക്കാതെ അതിനു പരിഹാരം കാണേണ്ടത് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ സർക്കാരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.