Web Desk

ബംഗളുരു

January 15, 2021, 11:56 am

കർണാടക ബിജെപിയിൽ ആഭ്യന്തര കലാപം

Janayugom Online

സംസ്ഥാന മന്ത്രിസഭാ വികസനത്തില്‍ കര്‍ണാടക ബിജെപിയില്‍ ആഭ്യന്തര കലാപം. പുതിയ ഏഴ് മന്ത്രിമാരാണ് പുതുതായി സത്യപ്രതിജ്ഞ ചെയ്തത്. എംഎല്‍എമാരായ ഉമേഷ് കട്ടി (ഹക്കേരി), എസ് അങ്കാര (സുല്ലിയ), മുരുകേഷ് നിരാനി (ബില്‍ജി) അരവിന്ദ് ലിംബാവാലിയ (മഹാദേവപുര) എംഎല്‍സിമാരായ ആര്‍ ശങ്കര്‍, എം ടി ബി നാഗരാജ്, സി പി യോഗേശ്വര്‍ തുടങ്ങിയവരാണ് പുതിയ മന്ത്രിമാര്‍. കോണ്‍ഗ്രസ്- ജെഡിസ് സഖ്യത്തിനെ വീഴ്ത്തി 2019 ജൂലൈയില്‍ അധികാരത്തിലെത്തിയതിനു ശേഷം മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ നടത്തുന്ന മൂന്നാമത്തെ മന്ത്രിസഭാ വികസനമാണിത്.

പുതിയ ഏഴ് മന്ത്രിമാരുടെ പട്ടിക യെദ്യൂരപ്പ പുറത്തുവിട്ടതിനു പിന്നാലെ സംസ്ഥാന ബിജെപിയില്‍ ആഭ്യന്തര കലഹവും രൂക്ഷമായിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജനങ്ങള്‍ തെരഞ്ഞെടുക്കാത്ത എംഎല്‍സിമാരെ മന്ത്രിമാരാക്കിയ നടപടിയിലാണ് പാര്‍ട്ടി എംഎല്‍എമാര്‍ നീരസം പ്രകടിപ്പിച്ചിരിക്കുന്നത്.

എംഎല്‍സിമാര്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയെന്നാണ് ഇവരുടെ ആക്ഷേപം. മന്ത്രിസഭയില്‍ ഇപ്പോഴുള്ളവരില്‍ കൂടുതലും ബംഗളൂരു, ബെലാഗവി ജില്ല തുടങ്ങിയ പ്രത്യേക മേഖലകളില്‍ നിന്നാണെന്ന് ഇവര്‍ ആരോപിച്ചു. മുതിര്‍ന്നവര്‍ക്ക് പരിഗണന നല്‍കിയില്ലെന്നും വിമര്‍ശനമുണ്ട്.

ഭീഷണിക്ക് വഴങ്ങിയാണ് യെദ്യൂരപ്പയുടെ ഇപ്പോഴത്തെ മന്ത്രിസഭാ വികസനമെന്ന് വിജയപുര സിറ്റി എംഎല്‍എ ബസന ഗൗഡ പാട്ടീല്‍ യത്‌നാള്‍ പറഞ്ഞു. പരിചയ സമ്പത്തോ സത്യസന്ധതയോ പരിഗണിക്കാതെയാണ് ഇപ്പോഴത്തെ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടക ബിജെപിയെ മുഖ്യമന്ത്രിയും കുടുംബവും ഹൈജാക്ക് ചെയ്തു. യെദ്യൂരപ്പയുടെ നാടുവാഴി ഭരണം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയോട് അപേക്ഷിക്കുന്നതായും യത്‌നാള്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകന്‍ വിജയേന്ദ്രയ്ക്ക് പണം നല്‍കിയ സംഭവത്തില്‍ ഒരു രാഷ്ട്രീയകാര്യ സെക്രട്ടറിയും രണ്ട് മന്ത്രിമാരും മൂന്ന് മാസങ്ങളായി ഒരു സിഡി ഉപയോഗിച്ച് യെദ്യൂരപ്പയെ ഭീഷണിപ്പെടുത്തുകയാണെന്നും മുന്‍ കേന്ദ്രമന്ത്രികൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യെദ്യൂരപ്പയെ താഴെയിറക്കാന്‍ ഇവര്‍ മൂന്നു പേരും നാലുമാസം മുമ്പ് തന്നെ സമീപിച്ചിരുന്നു. യെദ്യൂരപ്പയ്ക്ക് കീഴില്‍ മന്ത്രിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും യത്‌നാള്‍ പറഞ്ഞു.

ജിബെപിയുടെ വിശ്വാസങ്ങളാണ് മന്ത്രിസഭാ വികസനത്തിലും പ്രതിഫലിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ അടിച്ചമര്‍ത്താനാണ് ബിജെപി എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും അവർ ഒരിക്കലും സാമൂഹ്യനീതിയെയും സമത്വത്തെയും വിലമതിച്ചിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മന്ത്രിസഭാ വിപുലീകരണത്തിൽ പ്രാദേശിക, ജാതി അസന്തുലിതാവസ്ഥ പ്രകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Eng­lish Sum­ma­ry : Revolt in Kar­nata­ka BJP against CM Yediyurappa

 

You may also like this video :