മാനവസമുദായത്തെ മുന്നോട്ടു നയിച്ച വിപ്ലവം

Web Desk
Posted on November 06, 2019, 10:15 pm

ഹത്തായ ഒക്‌ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ നൂറ്റിരണ്ടാം വാര്‍ഷികമാണ് നവംബര്‍ എഴിന്. 1917 ഒക്‌ടോബര്‍ ഇരുപത്തിയാറാം തീയതി (നവംബര്‍ ഏഴ്) റഷ്യയില്‍ നടന്ന മഹത്തായ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ദൃക്‌സാക്ഷി ആയിരുന്ന ജോണ്‍റീഡ് എന്ന അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് ലേഖകന്‍ ആ നാടകീയ സംഭവത്തെ വിവരിച്ചത് ‘ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങള്‍‘എന്നാണ്. ലോകത്തെയാകെ പിടിച്ചു കുലുക്കിയ ഒരു ചരിത്ര സംഭവം ഇന്ത്യയേയും പിടിച്ചു കുലുക്കാതിരിക്കുകയില്ലല്ലോ. ജവഹര്‍ലാല്‍ നെഹ്രു ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന തന്റെ പുസ്തകത്തില്‍ എഴുതി: ‘സോവിയറ്റ് വിപ്ലവം വലിയൊരു കുതിച്ചുചാട്ടംകൊണ്ട് മാനവ സമുദായത്തെ മുന്നോട്ട് കൊണ്ടുപോയിരിക്കുന്നു; ആര്‍ക്കും തച്ചുകെടുത്താനാവാത്ത ഉജ്ജ്വലമായ ഒരു തീനാളം അത് കൊളുത്തിയിരിക്കുന്നു; ലോകത്ത് പുരോഗമിക്കാന്‍ കഴിയുന്ന ആ പുതിയ നാഗരികതയുടെ അസ്ഥിവാരം അത് സ്ഥാപിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ എനിക്ക് സംശയവുമില്ല’. ഒക്‌ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ വിജയത്തെ തുടര്‍ന്ന് ലെനിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തൊഴിലാളികളുടെയും കൃഷിക്കാരുടെയും സര്‍ക്കാരും സോ­വിയറ്റുകളുടെ ര­ണ്ടാം അഖില റഷ്യ­ന്‍ കോണ്‍ഗ്രസും പെട്ടെന്നുതന്നെ എടുത്ത നടപടികള്‍ സുവിദിതമാണ്. ഈ നടപടികള്‍ വിപ്ലവകരങ്ങളും അ­ഭൂ­തപൂര്‍വ്വങ്ങളുമാ­യിരുന്നു.

ചരിത്രത്തില്‍ മുമ്പൊരു ഭരണാ­ധി­കാ­രിയും സ­ര്‍­ക്കാരും ചെയ്യാത്ത കാ­­ര്യങ്ങള്‍. ഈ സാ­മൂ­ഹ്യ‑സാ­മ്പ­ത്തിക മാ­റ്റ­ങ്ങള്‍ ഇന്ത്യ­യിലെ ദേ­ശീ­യ പ്ര­സ്ഥാ­­ന­ത്തേ­യും അ­തി­ന്റെ നേതാ­ക്ക­ളേയും ആ­­­കര്‍ഷിച്ചു. വി­ശേ­ഷി­ച്ചും ദേ­ശീയ സ്വ­യം നിര്‍ണയാവകാശവും ഭൂപരിഷ്‌കാ­രവും. ഒക്‌ടോബര്‍ വിപ­്ലവ­ത്തിന്റെ സ്വാധീനം എത്ര വ്യാപകവും അവ­ഗാഢവുമായിരുന്നു എന്ന് ഒ­ന്നാംലോക യുദ്ധം അവസാനിച്ചശേഷം തൊ­ട്ട­­ടുത്ത വര്‍ഷങ്ങളില്‍ (1918–22) ഇന്ത്യയില്‍ ഇരമ്പിക്കയറിയ ദേശീയ സ്വാതന്ത്ര്യ സമര­ത്തി­ന്റെ പുതിയ മുന്നേറ്റത്തില്‍ പ്രകടമായി കാ­ണാമായിരുന്നു. പിന്നീട് 1947 ഓഗസ്റ്റ് പതി­ന­ഞ്ചിന് അധികാര കൈമാറ്റ­ത്തിലൂടെ നമുക്ക് സ്വാതന്ത്ര്യം കിട്ടിയതു­വരെ­യുള്ള ഏകദേശം മൂന്ന് ദശാബ്ദക്കാലത്ത് ആ സ്വാധീനം കൂടിക്കൂടി വ­ന്നതേയുള്ളൂ. അക്കാലത്ത് ഒക്‌ടോബര്‍ സോ­ഷ്യലിസ്റ്റ് വിപ്ലവവും അതിന്റെ സന്തതിയായ സോവിയറ്റ് യൂണിയനും സോവിയറ്റ് സമൂഹ നിര്‍മ്മാ­ണ­ത്തില്‍ ആ രാജ്യം ഭഗീരഥ പ്രയ­ത്ന­ത്തിലൂടെ നേ­ടിയ വിജയങ്ങളും ഇന്ത്യന്‍ ദേ­ശീയ വി­മോ­ചന പ്രസ്ഥാനത്തില്‍ ചെലുത്തിയ സ്വാധീ­ന­മാണ് സ്വാതന്ത്ര്യാനന്തര കാലത്തെ ഇന്ത്യാ-സോവിയറ്റ് സൗഹൃദത്തിന്റെ അടിത്തറ­യായി തീര്‍ന്നത്. ആ സ്വാധീനം ഇന്ത്യന്‍ ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ സ്വഭാവത്തിലും ഉള്ളടക്ക­ത്തിലും ലക്ഷ്യങ്ങളിലും ഗുണപരമായ മാറ്റങ്ങള്‍ വരുത്തി.

ഒക്‌ടോബര്‍ വിപ്ലവത്തിന് ശേഷമാണ് അ­തിന്റെ വിജയത്തില്‍ ആകൃഷ്ടരായി മറ്റ് രാ­ജ്യങ്ങളിലെ സോഷ്യലിസ്റ്റ്, സോഷ്യല്‍ ഡ­മോക്രാറ്റിക് പാര്‍ട്ടികളിലെ ഇടതുപക്ഷക്കാരാ­യ വിപ്ലവകാരികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രൂപീകരിക്കുവാന്‍ തുടങ്ങിയത്. ഇന്ത്യയിലെ ദേശീയ വിപ്ലവകാരികളില്‍ വ­ള­രെ പേര്‍ മാതൃഭൂമിയുടെ സ്വാതന്ത്ര്യം നേടു­ന്ന­തിന് പുതിയ ഫലപ്രദമായ മാര്‍ഗങ്ങള്‍ ആരാ­യാ­ന്‍ തുടങ്ങി. അവരെ സ്വാഭാവികമായി ഒ­ക്ടോബര്‍ വിപ്ലവത്തിന്റെ വിജയം ആവേശം കൊള്ളിച്ചു. അവരാണ് രാജ്യത്തിന് അകത്തും പുറത്തും ആദ്യത്തെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ഗ്രൂ­പ്പുകള്‍ രൂപീകരിച്ചത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഒക്‌ടോബര്‍ സോ­ഷ്യലിസ്റ്റ് വിപ്ലവം ചെലുത്തിയ സ്വാധീനം ചെ­റുതല്ല. നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് ഏഴ് ദശാ­ബ്ദ­ങ്ങ­ള്‍ കഴിഞ്ഞിട്ടും നമ്മുടെ രാജ്യം ഇനിയും സോ­ഷ്യലിസ്റ്റ് പാതയിലേക്ക് കടന്നിട്ടില്ല. ആ പോരാട്ടത്തിലാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഇടതുപക്ഷ ശക്തികള്‍ ആകെയും . അന്ന് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ പുരോഗമന ചിന്താഗതിക്കാരെ എന്നപോലെ ഇന്നും ഒക്‌ടോബര്‍ വിപ്ലവത്തിന്റെ വിജയ പതാക ആ പോരാട്ടത്തില്‍ നമുക്ക് വഴി കാ­ണിക്കുന്നു.