ഭരണ വർഗത്തിനെതിരായ അടിയുറച്ച വിപ്ലവ പോരാട്ടം

Web Desk
Posted on October 12, 2019, 8:41 am


1917 നവംബര്‍ ഏഴിന് (പഴയ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 25) റഷ്യയില്‍ ഒക്ടോബര്‍ വിപ്‌ളവം വിജയശ്രീലാളിതമായതിനെ തുടര്‍ന്ന് ലോകത്തിലുണ്ടായ പുതിയ സാഹചര്യത്തിലാണ് കോമിന്റേണ്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മൂന്നാം കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ രൂപംകൊണ്ടത്. സൈദ്ധാന്തികതയുടെ നിലയില്‍ നിന്ന് സോഷ്യലിസത്തെ പ്രായോഗികതയുടെ ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തി എന്നതാണ് ആ വിപ്‌ളവത്തിന്റെ ഏറ്റവും വലിയ സംഭാവന.
യൂറോപ്പിലും അമേരിക്കയിലും ഏഷ്യയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്ഥാപിക്കാന്‍ തൊഴിലാളി വര്‍ഗത്തിന്റെ വിമോചനത്തിനായി പോരാടിക്കൊണ്ടിരുന്നവര്‍ക്ക് അത് പ്രചോദനമായി. ആ വിപ്‌ളവത്തിന്റെ സൂത്രധാരനായ വി ഐ ലെനിന്‍ തന്നെ മുന്‍കൈ എടുത്താണ് ലോകത്തെങ്ങും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തനം വ്യാപകമാക്കാനും ആ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനുമായി മൂന്നാം പ്രാവശ്യവും ഒരു കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ സ്ഥാപിച്ചത്.
ഒക്ടോബര്‍ വിപ്‌ളവം കഴിഞ്ഞ് ഏതാണ്ട് 15 മാസങ്ങള്‍ക്കു ശേഷം 1919 മാര്‍ച്ച് രണ്ടിനാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരുടെ പ്രതിനിധികള്‍ മോസ്‌കോയില്‍ സമ്മേളിച്ചത്. ലോകത്തെങ്ങുമുള്ള വര്‍ഗസമരത്തിന്റെ അനുഭവം തൊഴിലാളികളെ പഠിപ്പിച്ച ഒരു പാഠമുണ്ട്. അവര്‍ക്ക് ഒരൊറ്റ ശത്രു, അത് മുതലാളിത്തം, ഒരൊറ്റ ലക്ഷ്യം, ചൂഷക ഭരണം അവസാനിപ്പിച്ച് സോഷ്യലിസം കെട്ടിപ്പടുക്കുക. ഇതിന് ഒരൊറ്റ മാര്‍ഗം, ഭരണവര്‍ഗത്തിന് എതിരായ വിപ്‌ളവ പോരാട്ടം. ഒരൊറ്റ ശക്തി സ്രോതസ്സ് സംഘബലം, സമരത്തിന് ഒരൊറ്റ ഉപാധി, തൊഴിലാളികളുടെ സാര്‍വ്വദേശീയ ഐക്യദാര്‍ഢ്യം. ഈ അനുഭവജ്ഞാനമാണ് ലോക കമ്മ്യൂണിസ്റ്റുകാരെ ഒരൊറ്റ ചരടില്‍ കോര്‍ത്തെടുത്തപോലെ മോസ്‌കോയില്‍ ഒരുമിപ്പിച്ചത്.
ഒക്ടോബര്‍ വിപ്‌ളവവും മൂന്നാം ഇന്റര്‍നാഷണലും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുമ്പോള്‍ ആ വിപ്‌ളവത്തിന്റെ ചുക്കാന്‍ പിടിച്ച വി ഐ ലെനിന്‍ ഇതില്‍ വഹിച്ച പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. കെറന്‍സ്‌കിയെ അധികാരത്തിലെത്തിച്ച 1917 ഫെബ്രുവരിയിലെ ബൂര്‍ഷ്വാ വിപ്‌ളവം കഴിഞ്ഞയുടന്‍ ഏപ്രില്‍ മൂന്നിന് ലെനിന്‍ സ്വിറ്റ്‌സര്‍ലണ്ടിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് റഷ്യയില്‍ മടങ്ങിയെത്തിയിരുന്നു. താമസിയാതെ (ഒക്ടോബര്‍ 25നുതന്നെ) നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം കരുതിയ സോഷ്യലിസ്റ്റ് വിപ്‌ളവത്തിന്റെ രൂപരേഖ അദ്ദേഹം ഉടന്‍തന്നെ പാര്‍ട്ടിയുടെ മുന്നില്‍ അവതരിപ്പിച്ചു. ഏപ്രില്‍ തീസിസ് എന്നറിയപ്പെടുന്ന ഈ രേഖയില്‍ അന്ന് നടന്നുകൊണ്ടിരുന്ന യുദ്ധം സാമ്രാജ്യത്വ യുദ്ധമാണെന്നും ഉടനടി അത് അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കേണ്ടതുണ്ടെന്നും പ്രസ്താവിച്ചിരുന്നു.
തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യത്തിന് ഏറ്റവും അനുയോജ്യമാംവിധം സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി എന്ന ലേബല്‍ ഉപേക്ഷിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലേബലില്‍തന്നെ ഭാവി പ്രവര്‍ത്തനം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാരീസ് കമ്മ്യൂണിന്റേയും 1905ലെ റഷ്യന്‍ വിപ്‌ളവത്തിന്റേയും അനുഭവം വെച്ചുകൊണ്ടാണ് അദ്ദേഹം ഈ തീരുമാനത്തിലെത്തിയത്. ഒരു കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും അന്നുതന്നെ അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു,
നവംബര്‍ എഴിന് (ഒക്ടോബര്‍ 25) സോഷ്യലിസ്റ്റ് വിപ്‌ളവം വിജയിച്ചതിന്റെ പിറ്റേന്നുതന്നെ പുതിയ സര്‍ക്കാര്‍ പുറപ്പെടുവിച്ച രണ്ട് ഡിക്രികള്‍ (വിളംബരങ്ങള്‍) തൊഴിലാളികളുടെ ഭരണകൂടം പിന്തുടരാന്‍ പോകുന്ന ജനകീയ നയത്തിന്റെകൂടി വിളംബരമായിരുന്നു. യുദ്ധം ഉടനടി അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാനും ജന്മിത്വം അവസാനിപ്പിച്ച് കൃഷിഭൂമി കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനുള്ളതുമായിരുന്നു ഈ ഡിക്രികള്‍.
വ്യവസായങ്ങളും ഖനികളും ബാങ്കുകളും ദേശസാല്‍ക്കരിച്ചത് 1918ല്‍ ചേര്‍ന്ന മൂന്നാം അഖില റഷ്യന്‍ സോവിയറ്റ് കോണ്‍ഗ്രസ്സില്‍ വെച്ചാണെങ്കിലും അധികാരത്തില്‍ വന്നതിന്റെ നാലാം ദിവസംതന്നെ തൊഴിലാളികളുടെ പ്രവൃത്തി സമയം എട്ടു മണിക്കൂറാക്കി ക്‌ളിപ്തപ്പെടുത്തിക്കൊണ്ടുള്ള ഡിക്രി പുറപ്പെടുവിച്ചിരുന്നു. ഒക്ടോബര്‍ വിപ്‌ളവത്തിന്റെ ഒന്നാം വാര്‍ഷികമായ 1918 നവംബര്‍ 7നുതന്നെ ബവേറിയയിലും നവംബര്‍ 10ന് ബര്‍ലിനിലും നവംബര്‍ 16ന് ഹംഗറിയിലും സോവിയറ്റ് രീതിയിലുള്ള സര്‍ക്കാരുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത് ഒക്ടോബര്‍ വിപ്‌ളവത്തിന് ജനഹൃദയങ്ങളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ സ്വാധീനത്തിന്റെ അറിയിപ്പു കൂടിയായിരുന്നു. സോഷ്യല്‍ ഡമോക്രാറ്റുകളുടെ കൊടിയ വഞ്ചനമൂലം ഈ ഭരണങ്ങള്‍ അല്‍പ്പായുസ്സുകളായി തീര്‍ന്നെങ്കിലും സോഷ്യലിസത്തിന് കൈവന്ന സ്വീകാര്യതക്കുള്ള മാറ്റ് ഒട്ടും കുറയുന്നില്ല.
ഈ പശ്ചാത്തലത്തിലാണ് 1919 മാര്‍ച്ച് 26 തീയതികളില്‍ മൂന്നാം ഇന്റര്‍നാഷണല്‍ രൂപീകരിക്കാനുള്ള ആദ്യയോഗം വിളിച്ചു കൂട്ടാന്‍ റഷ്യ, പോളണ്ട്, ഹംഗറി, ഓസ്ട്രിയ, ഫിന്‍ലന്റ് എന്നിവിടങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ബാള്‍ക്കന്‍ റവല്യൂഷനറി സോഷ്യലിസ്റ്റ് ഫെഡറേഷനും ചേര്‍ന്ന് മുന്‍കൈ എടുത്തത്. അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയുടെ റെയിന്‍സ്‌റ്റൈനും ഇതില്‍ സംബന്ധിച്ചിരുന്നു. 19 പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ ആദ്യസമ്മേളനത്തില്‍ പങ്കെടുത്തു. ഓരോ രാജ്യത്തില്‍ നിന്ന് ഓരോ പ്രതിനിധി വീതമുള്ള ഒരു കേന്ദ്രകമ്മിറ്റിയും ലെനിന്‍, റക്കോവ്‌സ്‌കി, സിനെവ്യേവ്, ട്രോട്‌സ്‌കി, പ്ലാറ്റണ്‍ എന്നിവരടങ്ങിയ ഒരു കേന്ദ്രബ്യൂറോയും സമ്മേളനത്തില്‍ വച്ച് തെരഞ്ഞെടുക്കപ്പെട്ടു. ഇന്റര്‍നാഷണലിന്റെ പരിപാടിയും (1928 ല്‍ 6ാം കോണ്‍ഗ്രസ് വരെ ഇത് നിലനിന്നു) തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യത്തെപ്പറ്റിയുള്ള ലെനിന്റെ തീസിസും ആണ് സമ്മേളനം അംഗീകരിച്ച രണ്ടു വിലപ്പെട്ട രേഖകള്‍. മുതലാളിത്തത്തിന്റെ തകര്‍ച്ച ആരംഭിച്ചുവെന്നും തൊഴിലാളി വിപ്ലവത്തിന്റെയും കോളനി വിമോചനത്തിന്റെയും കാലം തുടങ്ങിയെന്നും തൊഴിലാളി പാര്‍ട്ടികള്‍ ഉള്ളേടങ്ങളില്‍ അവയെ ശക്തിപ്പെടുത്തിയും മറ്റിടങ്ങളില്‍ പാര്‍ട്ടികള്‍ സ്ഥാപിച്ചും പുതിയ വെല്ലുവിളികളെ നേരിടണമെന്നും പരിപാടിയില്‍ എടുത്തു പറഞ്ഞു. അത് ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ പുറംപൂച്ച് മറനീക്കി കാണിക്കുകയും സോവിയറ്റ് വ്യവസ്ഥയുടെ മേന്മ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. 192028 കാലത്ത് ഇന്റര്‍നാഷണലിന്റെ നാലു കോണ്‍ഗ്രസുകള്‍ നടന്നു. 1920 ല്‍ രണ്ടാം കോണ്‍ഗ്രസില്‍ 35 രാജ്യങ്ങളില്‍ നിന്ന് 42 പാര്‍ട്ടികളും സംഘടനകളും പങ്കെടുത്തു. ഇറ്റലി, നോര്‍വെ, ബള്‍ഗേറിയ, ഗ്രീസ്, സ്വീഡന്‍, അമേരിക്ക, ബ്രിട്ടന്‍, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ പുതിയ അംഗങ്ങളായി.
കോമിന്റേണില്‍ ചേരാന്‍ ഒരു തള്ളിക്കയറ്റമുണ്ടായ സാഹചര്യത്തില്‍ പ്രവേശത്തിന് 21 നിബന്ധനകള്‍ അടങ്ങിയ ഒരു യോഗ്യതാ മാനദണ്ഡം നിശ്ചയിച്ചു കൊണ്ടുള്ള ലെനിന്റെ ഒരു പ്രമേയം രണ്ടാം കോണ്‍ഗ്രസ്സ് അംഗീകരിച്ചു. പേര് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നായിരിക്കണം. പരിപാടി കോമിന്റേണിന്റെ അംഗീകാരമുള്ളതായിരിക്കണം, ജനാധിപത്യ കേന്ദ്രീകരണ തത്വം അംഗീകരിക്കണം, മിതവാദിത്വത്തെ പുറന്തള്ളണം, സാമ്രാജ്യത്വത്തെ എതിര്‍ക്കണം, സോവിയറ്റ് യൂണിയനുവേണ്ടി നിലകൊള്ളണം തുടങ്ങിയതായിരുന്നു ഈ നിബന്ധനകള്‍.
ഇടതുപക്ഷ പാളിച്ചകളെയും ഒപ്പം തന്നെ എതിര്‍ത്തു തോല്‍പ്പിക്കണമെന്ന് ലെനിന്‍ അഭിപ്രായപ്പെട്ടു. ”ഇടതുപക്ഷ കമ്മ്യൂണിസം ഒരു ബാലാരിഷ്ടത” എന്ന കൃതി ഇതു സംബന്ധിച്ചുള്ളതായിരുന്നു. വിപ്ലവത്തിലേക്ക് കുറുക്കുവഴികളില്ലെന്നു അദ്ദേഹം സ്ഥാപിച്ചു. തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം പോലുള്ള നടപടികളെ അദ്ദേഹം ശക്തിയായി അപലപിക്കുകയും ചെയ്തു.