Janayugom Online
Rewari gangrape-janayugom

രേവരി കൂട്ടമാനഭംഗം; ഒരാള്‍ അറസ്റ്റില്‍

Web Desk
Posted on September 16, 2018, 10:13 pm

ചണ്ഡീഗഡ്: ഹരിയാനയിലെ രേവരിയില്‍ പത്തൊമ്പതുകാരിയെ തട്ടികൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.  സംഭവം നടന്ന സ്ഥലത്തിന്റെ ഉടമ ദീനദയാല്‍ ആണ് പിടിയിലായത്. ദീനദയാല്‍ സ്ഥലം സുഹൃത്തുകള്‍ക്ക് വാടകയ്ക്കു കൊടുക്കുകയായിരുന്നു. ഇവിടെ വച്ച് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ വിവരം ഇയാള്‍ക്ക് അറിയാമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മുഖ്യപ്രതിയായ സൈനികന് വേണ്ടി ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേസുമായി ബന്ധപ്പെട്ട് 60 പേരെയാണ് പൊലീസ് ഇതിനോടകം ചോദ്യം ചെയ്തത്.പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനവും പൊലീസ് കണ്ടെടുത്തു. അതേസമയം പീഡനം നടന്ന രേവരിയിലെ എസ്പി രാജേഷ് ദുഗലിനെ സ്ഥലംമാറ്റി. സ്ഥലംമാറ്റിയത്. രാഹുല്‍ ശര്‍മയെ പുതിയ എസ്പിയായി നിയമിച്ചു.
കോച്ചിങ് ക്ലാസിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി മൂന്നംഗ സംഘം കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം നടന്നത്. ബോധരഹിത ആകുന്നതുവരെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു. മുഖ്യപ്രതികളില്‍ ഒരാള്‍ രാജസ്ഥാനില്‍ സേവനമനുഷ്ഠിക്കുന്ന സൈനികനാണ്. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും ഒളിവില്‍ പോയ ഇവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.
സംസ്ഥാനത്ത് സിബിഎസ്ഇ സിലബസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുനേടിയ വിദ്യാര്‍ഥിനിയാണ് കൂട്ട മാനഭംഗത്തിന് ഇരയായത്. പെണ്‍കുട്ടി ഇപ്പോള്‍ മാനസികമായി തകര്‍ന്ന നിലയിലാണെന്ന് മാതാവ് പറഞ്ഞു.പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പൊലീസ് ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ വനിത കമീഷനും സംഭവത്തില്‍ സ്വമേധയ കേസെടുത്തിട്ടുണ്ട്. കേസിലെ അന്വേഷണ പുരോഗതി രേഖാമൂലം അറിയിക്കാന്‍ ഡിജിപിയോട് ദേശീയ വനിത കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതിനിടെ സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക പെണ്‍കുട്ടിയുടെ കുടുംബം മടക്കി നല്‍കി. പണമല്ല നീതിയാണ് വേണ്ടതെന്ന് കുടുംബം പ്രതികരിച്ചു. പരാതിയില്‍ കേസെടുക്കാനോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ തുടക്കത്തില്‍ പൊലീസ് തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.