Janayugom Online
poverty

ഇന്ത്യയിലെ ബഹുമുഖ ദാരിദ്ര്യത്തെ പൊളിച്ചെഴുതുമ്പോള്‍

Web Desk
Posted on July 31, 2019, 10:54 pm
manaveeyam

ഒരു ജനാധിപത്യ രാജ്യത്ത് എല്ലാ പ്രാഥമികാവശ്യങ്ങളും നല്‍കുകയെന്നത് ഒരു രാഷ്ട്രത്തിന്റെ പ്രതിബദ്ധതയാണ്. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് ഒട്ടുമിക്ക സാമൂഹിക വികസന സൂചികകള്‍ പരിശോധിച്ചാല്‍ വളരെ പിന്നാക്കം നില്‍ക്കുന്നതായി കാണാം. ദാരിദ്ര്യം എന്നത് സാമൂഹ്യ സാമ്പത്തിക, രാഷ്ട്രീയ ഘടകങ്ങള്‍ ഉള്‍പ്പെട്ട ഒരു ബഹുമുഖ സങ്കല്‍പമാണ് അമര്‍ത്യാസെന്നിന്റെ അഭിപ്രായത്തില്‍ ദാരിദ്ര്യം എന്നത് ”വെറും പണത്തിന്റെ അഭാവമല്ല, ഒരു മനുഷ്യജീവി എന്ന നിലയില്‍ ഒരാളുടെ മുഴുവന്‍ കഴിവുകളം സാക്ഷാത്ക്കരിക്കാനുള്ള ശേഷി ഇല്ലാതിരിക്കുക എന്നതാണ്.” ആഗോളതലത്തിലെ ദാരിദ്ര്യരേഖ കണക്കാക്കിയിരുന്നത് 1.90 ഡോളര്‍ എന്നാണ്. ഇതനുസരിച്ച് 2012ല്‍ ആഗോളതലത്തില്‍ 900 മില്യണ്‍ ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ലോകബാങ്കിന്റെ കണക്കനുസരിച്ച് അഞ്ച് ഇന്ത്യക്കാരില്‍ ഒരാള്‍ വീതം ദരിദ്രരും അതില്‍ 80 ശതമാനവും ഗ്രാമീണ മേഖലയിലുമാണ്.

2019 ജൂലൈ 11-ാം തീയതി 2019 ലെ ആഗോള ബഹുമുഖ ദാരിദ്ര്യ സൂചിക (ഗ്ലോബല്‍ മള്‍ട്ടി ഡൈമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ്) റിപ്പോര്‍ട്ട് ‘അസമത്വങ്ങള്‍ പ്രകാശിപ്പിക്കുന്നു’ എന്ന ശീര്‍ഷകത്തോടെ ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇനിഷ്യേറ്റീവും ഐക്യരാഷ്ട്ര സംഘടനയുടെ യുഎന്‍ഡിപിയും സംയുക്തമായാണ് പ്രകാശനം ചെയ്തത്. ആഗോളതലത്തിലെ 76 ശതമാനത്തോളം ജനസംഖ്യയെ ഉള്‍പ്പെടുത്തി 101 രാജ്യങ്ങള്‍ക്കിടയിലാണ് ഈ പഠനം സംഘടിപ്പിച്ചത്. 101 രാജ്യങ്ങളെ 31 താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍, 68 ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍, 2 ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍ എന്നിങ്ങനെയാണ് തരംതിരിച്ചത്. ആഗോള ബഹുമുഖ ദാരിദ്ര്യസൂചിക പഠന റിപ്പോര്‍ട്ട് (എംപിഐ റിപ്പോര്‍ട്ട്) ആഗോളതലത്തിലുള്ള ദാരിദ്ര്യത്തെക്കുറിച്ച് സമഗ്രവും ആഴത്തിലുള്ളതുമായ ഒരു ചിത്രം നല്‍കുന്നു. അതിനൊപ്പം ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിരവികസന ലക്ഷ്യത്തിലെ ഒന്നാം ലക്ഷ്യമായ ‘എല്ലാ രൂപത്തിലുമുള്ള ദാരിദ്ര്യം അവസാനിപ്പിക്കുക’ എന്ന ലക്ഷ്യനേട്ടത്തിന്റെ പുരോഗതിയും വിലയിരുത്തുന്നു.
ആഗോളതലത്തില്‍ 1.3 ബില്യണ്‍ ജനങ്ങള്‍ ബഹുമുഖ ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. ബഹുമുഖ ദാരിദ്ര്യത്തെ നിര്‍വചിക്കുന്നത് കേവലം വരുമാനത്തിലല്ല, മറിച്ച് ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മൂന്ന് സൂചകങ്ങളിലൂടെയാണ്. ബഹുമുഖ ദാരിദ്ര്യസൂചിക തയ്യാറാക്കുന്നത് ആരോഗ്യ സൂചകത്തില്‍ പോഷകാഹാരം കുട്ടികളുടെ മരണനിരക്ക് എന്നീ രണ്ട് ഘടകങ്ങളും വിദ്യാഭ്യാസ സൂചകത്തില്‍ പഠനകാലയളവ്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹാജര്‍ നില എന്നീ രണ്ട് ഘടകങ്ങളും പരിഗണിക്കുന്നു. ജീവിത നിലവാരം എന്ന സൂചകത്തില്‍ ആറ് പ്രധാന ഘടകങ്ങളായ പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, പാര്‍പ്പിടം, ആസ്തികള്‍ എന്നിവ പരിഗണിക്കുന്നു. ബഹുമുഖ ദാരിദ്ര്യസൂചിക 10 പ്രധാന ഘടകങ്ങളെ ഉള്‍പ്പെടുത്തിയാണ് യുഎന്‍ഡിപി വികസിപ്പിച്ചെടുത്തത്. ദാരിദ്ര്യ ലഘൂകരണത്തിന്റെ തോത് വ്യക്തമാക്കുന്നതിനായി ഏകദേശം രണ്ട് ബില്യണ്‍ ജനസംഖ്യയുള്ള 10 രാജ്യങ്ങളെ 2019 ലെ ബഹുമുഖ ദാരിദ്ര്യസൂചിക റിപ്പോര്‍ട്ട് കണ്ടെത്തുന്നു.

ബംഗ്ലാദേശ്, കംബോഡിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ, ഹെയ്തി, ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്‍, പെറു, വിയറ്റ്‌നാം എന്നിവയാണ് ഈ 10 രാജ്യങ്ങള്‍. 2005-06 മുതല്‍ 2015–16 വരെയുള്ള കാലയളവില്‍ ഈ പത്ത് രാജ്യങ്ങളിലെ 270 മില്യണ്‍ ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്നും മോചിതരായി. ഈ പുരോഗതിയെ പ്രധാനമായും നയിച്ചത് ദക്ഷിണേഷ്യന്‍ രാജ്യങ്ങളാണ്.
2005-06 വര്‍ഷത്തില്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 55.1 ശതമാനം ബഹുമുഖ ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെങ്കില്‍ 2015–16 വര്‍ഷത്തില്‍ അത് 27.9 ശതമാനമായി കുറഞ്ഞു. ഈ കാലയളവില്‍ ബഹുമുഖ ദാരിദ്ര്യ സൂചികയിലെ 10 ഘടകങ്ങളിലും ഗണ്യമായ പുരോഗതി പ്രകടമായി. ഇന്ത്യയിലെ കുട്ടികള്‍ക്കിടയിലുള്ള പോഷകാഹാരക്കുറവ് 2005-06 ല്‍ 44.3 ശതമാനത്തില്‍ നിന്നും 2015–16 ല്‍ 21.2 ശതമാനമായി കുറഞ്ഞു. ശിശുമരണനിരക്ക് 4.5 ശതമാനത്തില്‍ നിന്ന് 2.2 ശതമാനമായി ഇക്കാലയളവില്‍ കുറഞ്ഞുവന്നു. പാചകവാതകം ലഭിക്കാത്ത കുടുംബാംഗങ്ങളുടെ എണ്ണം 52.9 ശതമാനത്തില്‍ നിന്നും 26.2 ശതമാനത്തിലേക്കും ശുചിത്വകാര്യത്തില്‍ 50.4 ശതമാനത്തില്‍ നിന്നും 24.6 ശതമാനമായും കുറയുന്നത് ഈ കാലയളവില്‍ പ്രകടമായി. കുടിവെള്ളം ലഭിക്കാത്തവരുടെ എണ്ണം 16.6 ശതമാനത്തില്‍ നിന്ന് 6.2 ശതമാനമായും കുഞ്ഞു. ഇന്ത്യ മൊത്തത്തില്‍ നല്ല പുരോഗതി ഈ സൂചകങ്ങളില്‍ പ്രകടമായെങ്കിലും ഗ്രാമ‑നഗര അന്തരം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. അതിനൊപ്പം ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്ന വികസന പിന്നാക്കാവസ്ഥയും ഭാവി വികസത്തിന് വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്ന മറ്റൊരു വസ്തുത മുതിര്‍ന്നവരേക്കാള്‍ തീവ്രമായി കുട്ടികള്‍ ഇന്ത്യയില്‍ ദാരിദ്ര്യം അനുഭവിക്കുന്നു. മെച്ചപ്പെട്ട പോഷകാഹാരം, പ്രാഥമിക വിദ്യാഭ്യാസം, ശുദ്ധവെള്ളം, ശുചിത്വം എന്നിവ നേടിയെടുക്കുന്നതില്‍ ഇന്ത്യയിലെ കുട്ടികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ആഗോളതലത്തില്‍ ബഹുമുഖ ദാരിദ്ര്യം അനുഭവിക്കുന്ന 85 ശതമാനത്തോളം കുട്ടികളും അധിവസിക്കുന്നത് ദക്ഷിണേഷ്യയിലും സബ്-സഹാറന്‍ ആഫ്രിക്കയിലുമാണ്.

ദാരിദ്ര്യം ഇല്ലാതാക്കുന്നതിനായി ഇന്ത്യ പല തലങ്ങളിലുള്ള ദാരിദ്ര്യം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങല്‍ തുടരേണ്ടതുണ്ട്. കൂടുതല്‍ സൂക്ഷ്മമായ രീതികള്‍ കണ്ടെത്താനും ദശലക്ഷക്കണക്കിന് പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തണമെന്ന പൊതുബോധ്യം ആഗോള ബഹുമുഖ ദാരിദ്ര്യസൂചിക റിപ്പോര്‍ട്ട് ഇന്ത്യക്ക് അവസരമൊരുക്കുന്നു. ഇന്ത്യയിലെ ജനതയുടെ സാമൂഹിക ആവശ്യങ്ങള്‍ ഒരിക്കല്‍ നല്‍കിയാല്‍ അതിലൂടെ പൗരന്മാരും സര്‍ക്കാരും തമ്മിലുള്ള വിശ്വാസ്യതയെ ശക്തിപ്പെടുത്തുകയും അതുവഴി പുതിയ സാമൂഹിക മൂലധനം സൃഷ്ടിക്കുകയും ചെയ്യും. ഇന്ത്യയിലെ ജനസംഖ്യയുടെ നേട്ടം സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാകണമെങ്കില്‍ വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം ഉറപ്പുവരുത്തല്‍ എന്നീ മേഖലകളില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കണം. ഒരു സമൂഹം സാമൂഹികവും സാമ്പത്തികവും മാനവികവുമായ വികസനത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുകയും സാമൂഹിക ഐക്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നല്‍കുന്നതിലൂടെയാണ് സാമൂഹിക മൂലധനമെന്ന ആശയത്തിന് പ്രാധാന്യം കൈവരുന്നത്. അതുകൊണ്ടാണ് അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കേണ്ടത് സര്‍ക്കാരാണെന്ന പൊതുജനങ്ങളുടെ ധാരണ ബലപ്പെടുന്നത്. വിദ്യാഭ്യാസത്തിലും ആരോഗ്യസംരക്ഷണത്തിലും ഭരണകൂടം നിക്ഷേപം വര്‍ധിപ്പിക്കുന്നതിലൂടെ സാമൂഹിക മൂലധനം ഉയര്‍ത്താന്‍ സാധിക്കും. ഇതിന് പ്രത്യക്ഷ ഉദാഹരണമാണ് കേരളത്തിലെ ആരോഗ്യ മേഖലയിലെയും വിദ്യാഭ്യാസ മേഖലയിലെയും ഇടതുപക്ഷ സര്‍ക്കാരിന്റെ ഇടപെടലുകള്‍. പൊതുവിദ്യാലയങ്ങളെ അറിവിന്റെ കേന്ദ്രമാക്കുകയും ഹൈടെക് രീതിയിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നു. അതുകൂടാതെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആരോഗ്യസംരക്ഷണത്തില്‍ മികവിന്റെ കേന്ദ്രമാക്കി മാറ്റി. ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ സംസ്ഥാന ബജറ്റിന്റെ 25 ശതമാനത്തോളം തുക വിദ്യാഭ്യാസത്തിനായി മാറ്റിവച്ചിട്ടുണ്ട്. രാജസ്ഥാനിലെ സര്‍ക്കാരും സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. ഗുണനിലവാരങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ ഇന്ത്യക്ക് കുറഞ്ഞ ചെലവിലുള്ള വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും ഉറപ്പുവരുത്തുന്നതിലൂടെ സാമൂഹിക മൂലധനം ഉണ്ടാവുകയുള്ളു. ആരോഗ്യരംഗത്ത് രാജ്യം പുരോഗതി നേടണമെങ്കില്‍ അടുത്ത പത്ത് വര്‍ഷത്തിനകം ഇന്ത്യയുടെ ആരോഗ്യസംരക്ഷണം വികസിത രാജ്യങ്ങളുമായി തുല്യമാകുന്ന രീതിയിലേക്ക് മുന്നേറണം. എന്നാല്‍ ഇന്ത്യയുടെ മിക്ക ആരോഗ്യ സൂചികകള്‍ പരിശോധിച്ചാല്‍ ഇത് സാധ്യമാകുമോയെന്ന കാര്യം സംശയമാണ്.

2018ല്‍ പ്രസിദ്ധീകരിച്ച് അഭിവൃദ്ധി സൂചിക (പ്രോസ്പിരിറ്റി ഇന്‍ഡക്‌സ്) റാങ്കിംഗില്‍ 149 രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ 94-ാം സ്ഥാനത്താണ്. അഭിവൃദ്ധി സൂചിക തയ്യാറാക്കിയത് 9 പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. സാമ്പത്തിക നിലവാരം, ബിസിനസ് സാഹചര്യം, രാജ്യത്തിന്റെ ഭരണം, വ്യക്തിസ്വാതന്ത്ര്യം, സാമൂഹിക മൂലധനം, ദേശീയ സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി എന്നീ 9 ഘടകങ്ങളാണ് ഇവ. അഭിവൃദ്ധി സൂചിക റാങ്കിംഗില്‍ ഭരണം, ബിസിനസ് ചെയ്യാനുള്ള സാഹചര്യം എന്നിവയില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും പരിസ്ഥിതി സംരക്ഷണത്തില്‍ ഏറ്റവും കുറഞ്ഞ സ്‌കോറുകള്‍ നേടുകയും ചെയ്യുന്നു. 2017 ലെ സൂചികയുമായി താരതമ്യം ചെയ്യുമ്പോള്‍ ബിസിനസ് സാഹചര്യത്തില്‍ 11 സ്ഥാനങ്ങള്‍ വര്‍ധിച്ചപ്പോള്‍ സാമൂഹിക മൂലധനത്തില്‍ 21 സ്ഥാനങ്ങള്‍ കുറയുകയാണ് ചെയ്തത്. ഒരു രാജ്യത്തിന്റെ അഭിവൃദ്ധിക്ക് ഭൗതിക സമ്പത്ത്, സുരക്ഷ, ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍, നല്ല സാമൂഹ്യ അന്തരീക്ഷം എന്നിവ പ്രധാനമാണ്. സമൂഹത്തിലെ വ്യക്തികളും ബന്ധങ്ങളും പ്രാധാന്യമര്‍ഹിക്കുന്നതോടൊപ്പം ആളുകള്‍ തമ്മിലുള്ള പരസ്പര വിശ്വാസവും പിന്തുണയും ഇതില്‍ പ്രധാനമാണ്.

സാമൂഹിക മൂലധനവും രാജ്യത്തിന്റെ അഭിവൃദ്ധിയും തമ്മിലുള്ള ബന്ധം ബഹുമുഖമാണ്. ഭരണകൂടം മെച്ചപ്പെട്ട ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം സമൂഹത്തിന്റെ ക്ഷേമത്തിനും സമൃദ്ധിക്കും ഊന്നല്‍ നല്‍കണം. ജനങ്ങളുടെ മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പുവരുത്തുന്ന സമ്പദ്‌വ്യവസ്ഥയില്‍ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മുന്‍ഗണന നല്‍കുകയും രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസം, ജനാധിപത്യബോധം, വ്യക്തിസ്വാതന്ത്ര്യം, നിയമവാഴ്ച, തൊഴില്‍ പങ്കാളിത്തം, ദേശീയ സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവ പുലരുന്നതില്‍ ഭരണകൂടം ശ്രദ്ധപതിപ്പിക്കുന്നതിലൂടെ മാത്രമേ ഇന്ത്യക്ക് വികസനരംഗത്ത് ഭാവിയില്‍ കുതിപ്പ് പ്രകടമാവുകയുള്ളു.

(ലേഖകന്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവണ്‍മെന്റ് വനിതാ കോളജിലെ സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്)