റുമാറ്റിക് ഹൃദ്‌രോഗ വിദഗ്ദരായ ഡോക്ടര്‍മാരുടെ ദേശീയ സമ്മേളനം 11ന്

Web Desk
Posted on February 09, 2018, 6:26 pm

കോട്ടയം: ഭാരതത്തിലെ റുമാറ്റിക് ഹൃദ്‌രോഗ ചികിത്സയില്‍ തല്പരരായ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന ഏകദിന ദേശീയ സമ്മേളനവും പാനല്‍ ചര്‍ച്ചയും 11ന് കോട്ടയം മെഡിക്കല്‍ കോളേജ് ഗോള്‍ഡ് മെഡക്‌സ് ഹാളില്‍ വെച്ച് നടക്കും. മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി കാര്‍ഡിയോ തൊറാസിക് വിഭാഗങ്ങള്‍ നേതൃത്വം നല്‍കുന്ന സമ്മേളനം മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ.എ.റംലാ ബീവി ഉദ്ഘാടനം ചെയ്യും. സമ്മേളന സംഘാടകസമിതി ചെയര്‍മാന്‍ ഡോ.ജോര്‍ജ് ജേക്കബ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിന് റുമാറ്റിക് ഹാര്‍ട്ട് ക്ലബ്ബ് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഡോ.വി.എല്‍ ജയപ്രകാശ് സ്വാഗതം പറയും.

സംസ്ഥാന ആസൂത്രണ വകുപ്പ് അംഗവും കേരളത്തിലെ റുമാറ്റിക് ഹൃദ്രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ അമ്പാസിഡറുമായ ഡോ.ബി.ഇക്ബാല്‍ സമ്മേളന സുവനീര്‍ പ്രകാശനം ചെയ്യും. സയന്റിഫിക് കമ്മിറ്റി ചെയര്‍മാന്‍ ഡോ.രാജന്‍ മാഞ്ഞൂരാന്‍, കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ സംസ്ഥാന അധ്യക്ഷന്‍ ഡോ.രാജു ജോര്‍ജ് എന്നിവര്‍ സംസാരിക്കും. റുമാറ്റിക് ഹാര്‍ട്ട് ക്ലബ്ബ് സ്ഥാപക കോഓര്‍ഡിനേറ്റര്‍ ഡോ.എസ്.അബ്ദുല്‍ ഖാദറിന് റുമാറ്റിക് ഹാര്‍ട്ട് ക്ലബ്ബ് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന ഹൃദയപുരസ്‌കാരം സമ്മാനിക്കും. ഡോ.എസ് അബ്ദുല്‍ ഖാദര്‍ തുടര്‍ന്ന് ഉദ്ഘാടന സമ്മേളനത്തിന് നന്ദിയും പറയും. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ഹൃദ്‌രോഗവിഭാഗം മുന്‍ തലവനും റുമാറ്റിക് ഹൃദ്രോഗ ചികിത്സയില്‍ വ്യക്തിഗത സംഭാവന നല്‍കിയവരില്‍ പ്രമുഖനും നാരായണ ഹൃദയാലയ ചീഫ് കാര്‍ഡിയോളജിസ്റ്റുമായ ഡോ.ജോര്‍ജ് ചെറിയാന് പ്രഥമ റുമാറ്റിക് ഹാര്‍ട്ട് ക്ലബ്ബ് ഒറേഷന്‍ അവാര്‍ഡ് സമ്മാനിക്കും.
തുടര്‍ന്ന് സമ്മേളനത്തില്‍ റുമാറ്റിക് ഫീവര്‍ തടയുന്നതിന് തയ്യാറാക്കുന്ന വാക്‌സിനെക്കുറിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അംഗം ഡോ.മീനാക്ഷി ശര്‍മ്മ, റുമാറ്റിക് ഹൃദ്രോഗ നിയന്ത്രണത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ റുമാറ്റിക് സബ്കമ്മറ്റി മെമ്പര്‍ ഡോ.ആര്‍.കൃഷ്ണകുമാര്‍, റുമാറ്റിക് ഫീവര്‍ വീണ്ടും വരാതിരിക്കാനുള്ള മരുന്നുകളെയും കുത്തിവെയ്പുകളെയും കുറിച്ച് പുഷ്പഗിരി മെഡിക്കല്‍ കോളേജ് എമിരറ്റസ് പ്രൊഫ.ഡോ.രാജന്‍ മാഞ്ഞൂരാന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. റുമാറ്റിക് ഹൃദ്രോഗ എക്കോ പരിശോധനയിലെ പുതിയ രീതികളെപ്പറ്റി ബാംഗ്ലൂര്‍ ബി.എം.ആര്‍.സി ശിശുഹൃദ്‌രോഗ വിഭാഗം മേധാവി ഡോ.ഐ.ബി വിജയലക്ഷ്മി, റുമാറ്റിക് ഫീവര്‍ നിര്‍ണ്ണയത്തിലെ പുതിയ വെല്ലുവിളികളെക്കുറിച്ചും പ്രൊഫ.എസ്.സന്ധ്യാമണി പ്രൊഫ.ജോര്‍ജ് കോശി എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. റുമാറ്റിക് ഹൃദയശസ്ത്രക്രിയ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അമൃത ഹൃദയശസ്ത്രക്രിയാ മേധാവി ഡോ.പ്രവീണ്‍ വര്‍മ്മ, കോഴിക്കോട് മെട്രോ ഹൃദയശസ്ത്രക്രിയാ മേധാവി ഡോ.വി.നന്ദകുമാര്‍, ഗോകുലം മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ.പി.ചന്ദ്രമോഹന്‍ എന്നിവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് ശേഷം റുമാറ്റിക് ഹൃദ്രോഗം മൂലമുണ്ടാകുന്ന വാല്‍വ് ലീക്കിനെക്കുറിച്ച് ചെന്നൈ എസ്.ആര്‍.എം ആശുപത്രി പ്രൊഫ.ടി.ആര്‍ മുരളീധരന്‍, റുമാറ്റിക് ഹൃദ്രോഗ ശസ്ത്രക്രിയയെ തുടര്‍ന്ന് നല്‍കുന്ന മരുന്നുകളെക്കുറിച്ച് പ്രൊഫ.കെ.സുരേഷ്, അവര്‍ക്കുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് ഡോ.ജി.രാജേഷ്, റുമാറ്റിക് മൈട്രല്‍ വാല്‍വ് ചുരുക്കത്തിനുള്ള ബലൂണ്‍ ശസത്രക്രിയയെപ്പറ്റി ഡോ.എസ്.ഹരികൃഷ്ണന്‍ പ്രസംഗിക്കും.