Web Desk

തിരുവനന്തപുരം

April 02, 2020, 5:22 pm

15 മുതലുള്ള ട്രെയിൻ ബുക്കിംഗ്; ജനം റെയിൽവേ സ്റ്റേഷനുകളിലേക്കു വരരുത്, വിശദീകരണവുമായി റെയില്‍വെ

Janayugom Online

കൊറോണ വൈറസ് ദിനംപ്രതി പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ, തൊട്ടടുത്ത ദിവസം മുതലുള്ള ട്രെയിൻ ബുക്കിംഗ് ആരംഭിച്ചു എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് റെയില്‍വേ.

തിരുവനന്തപുരം ഡിവിഷനാണ് വിശദീകരണവുമായി എത്തിയിരിക്കുന്നത്. ഇതേ കുറിച്ചറിയാൻ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി റെയില്‍വേ സ്റ്റേഷനിലേയ്ക്ക് എത്തുന്ന പശ്ചാത്തലത്തിലാണ് റെയില്‍വെയുടെ വിശദീകരണം. മാർച്ച് 22 മുതൽ ഏപ്രിൽ 14 വരെയുള്ള ടിക്കറ്റുകളും ട്രെയിനുകളും നേരത്തെ തന്നെ റദ്ദാക്കി. ടിക്കറ്റ് കൗണ്ടറുകളെല്ലാം അടച്ചിരിക്കുകയാണ്.

you may also like this video;

എന്നാൽ, ഏപ്രിൽ 15 മുതലുള്ള ഓൺലൈൻ റിസർവേഷൻ ലോക്ഡൗൺ പ്രഖ്യാപനത്തിനു മുൻപും ശേഷവും തടസമില്ലാതെ തുടരുന്നുണ്ട്.  ഓൺലൈന്‍ റിസർവേഷനും ലോക്ഡൗണ്‍ കാലാവധിയുമായി ബന്ധമില്ല. ഏപ്രിൽ 15 മുതലുള്ള ടിക്കറ്റുകൾ ഓൺലൈൻ വഴി മാത്രമേ ഇപ്പോൾ ബുക്ക് ചെയ്യാൻ കഴിയൂ.

ഏപ്രിൽ 15നുശേഷമുള്ള ട്രെയിനുകളിൽ ടിക്കറ്റെടുക്കാനായി ജനം റെയിൽവേ സ്റ്റേഷനുകളിലേക്കു വരരുത്. ടിക്കറ്റ് കൗണ്ടറുകൾ പുനരാരംഭിക്കുമ്പോൾ റെയിൽവെ ഔദ്യോഗികമായി അറിയിക്കും. പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ മുഖവിലയ്ക്ക് എടുക്കരുതെന്നും തിരുവനന്തപുരം ഡിവിഷൻ സീനിയർ ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർ ഡോ രാജേഷ് ചന്ദ്രൻ വ്യക്തമാക്കി.