നെല്ല് അന്നം മാത്രമല്ല!

Web Desk
Posted on August 28, 2018, 11:22 am

വലിയശാല രാജു

നെല്ലരി നമ്മുടെ അന്നമാണ്. നമ്മുടെ മാത്രമല്ല ലോകത്ത് പകുതിയില്‍ കൂടുതല്‍പേരുടെ വിശപ്പടക്കുന്ന ധാന്യമാണ്. അരി ധാന്യങ്ങളുടെ രാജാവ് എന്ന് പറയുന്നത് അതുകൊണ്ടാണ്. പക്ഷേ, നമുക്കറിയാത്ത ഒരുപാട് കാര്യങ്ങള്‍ നെല്ലിന് പറയാനുണ്ട്. വൈവിധ്യങ്ങളുടെ കലവറയാണ് നെല്ല്.

രുചിപോലെ പ്രധാന്യമുള്ളതാണ് നെല്ലിന്റെ മണവും. ആഹാരത്തില്‍ സുഗന്ധത്തിന് വലിയ പ്രാധാന്യമുണ്ട്. കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ സുഗന്ധ നെല്ലിനങ്ങള്‍ കൃഷിചെയ്തിരുന്നു. ഇവയുടെ ഗുണങ്ങള്‍ നാമിന്നും പൂര്‍ണമായും തിരിച്ചറിഞ്ഞിട്ടില്ല. ബസ്മതി, ജീരകശാല, ഗന്ധകശാല, നെയ്ചീര, കോതമ്പലരി, കയമ, പൂക്കളത്തരി തുടങ്ങിയവയാണ് നമ്മുടെ നാട്ടിലെ പ്രധാനമായും ഉള്ള സുഗന്ധ നെല്ലിനങ്ങള്‍. രാസവളങ്ങള്‍ ഒഴിവാക്കി ജൈവകൃഷിരീതി അവലംബിച്ചാല്‍ മാത്രമേ ഇവ നിലനില്‍ക്കൂ. പുതുതലമുറക്ക് ഉത്തരം നെല്ലിനെക്കുറിച്ച് കേട്ടറിവുപോലുമില്ല. ഇത്തരം വിത്തുകള്‍ മിക്കതും നമുക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു.
ഭക്ഷണം കഴിക്കാന്‍ മാത്രമായ ഒന്നാന്തരം മരുന്നുമാണ് നെല്ലരി. പണ്ടുള്ളവര്‍ പനി വന്നാല്‍ ഉടനനെ ഡോക്ടറെ കാണാന്‍ പോവുകയൊന്നുമില്ല. കുത്തരികൊണ്ട് കഞ്ഞിവച്ച് ചൂടുചമ്മന്തിയും കൂട്ടി കഴിച്ച് വിശ്രമിക്കും. ചുരുങ്ങിയ ദിവസംകൊണ്ട് പനി പമ്പകടക്കും. നമ്മുടെ നാട്ടിലെ തനത് നെല്ലിനങ്ങളില്‍ പലതും ഔഷധ ഗുണമുള്ളതാണ്. സുശ്രുതസംഹിതപോലുള്ള അതി പ്രാചീന ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പോലും അരിയുടെ ഔഷധഗുണത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

ഏറ്റവും ഔഷധഗുണമുള്ളതാണ് നവര. 17 ശതമാനം പ്രോട്ടീനും 30 ശതമാനം നാരുകളും അടങ്ങിയതാണിത്. നവരയരി രണ്ടുതരമുണ്ട്. കറുത്തതും സ്വര്‍ണനിറത്തിലുള്ളതും. കറുത്ത നവരക്ക് ഔഷധഗുണം കൂടുതലാണ്. രോഗപ്രതിരോധശേഷിയും കൂടും.
ആമാശത്തിനെയും കരളിനെയും ബാധിക്കുന്ന രോഗങ്ങള്‍ക്ക് ഫലപ്രദമാണ് ചെന്നെല്ല്. ബുദ്ധിവികാസത്തിന് കുഞ്ഞിനെല്ല് ഫലം ചെയ്യും. ഇരുമ്പിന്റെ അംശം ധാരാളമുള്ളതാണ് കറുത്ത ചെമ്പാവ്. ക്യാന്‍സറിനെപ്പോലും ചെറുക്കാന്‍ കഴിവുള്ള ചുവന്ന നെല്ലിനമാണ് രക്തശാലി. കാസര്‍ഗോഡ് ജില്ലയില്‍ ഇത് കൃഷി ചെയ്യുന്നുണ്ട്. കരള്‍രോഗങ്ങള്‍, ശ്വാസകോശ അലര്‍ജി, വിശപ്പില്ലായ്മ, ഉറക്കക്കുറവ് എന്നിവയെ ചെറുക്കാന്‍ രക്തശാലിയുടെ കഴിവ് അപാരമാണ്.

മഞ്ഞപ്പിത്തത്തിനുള്ള ഔഷധമായ കുഞ്ഞിനെല്ല്, കഫരോഗങ്ങള്‍ക്കുള്ള എരുമക്കാരി, പ്രമേഹത്തെ കുറയ്ക്കാന്‍ കഴിവുള്ള കവുങ്ങിന്‍ പൂക്കാല, വയറുവേദനയ്ക്കും അള്‍സറിനും ഫലപ്രദമായ കറുത്ത ചെമ്പാവ് എന്നിവ കേരളത്തിലെ ഔഷധ നെല്ലിനങ്ങളാണ്.
ലോകമെമ്പാടും നിന്ന് ശേഖരിച്ച നാടന്‍ നെല്ലിനങ്ങളുടെ വിത്തുകള്‍ അവയുടെ മുളയ്ക്കല്‍ ശേഷി നഷ്ടപ്പെടാതെ സൂക്ഷിച്ചിട്ടുള്ള റൈസ് ജീവന്‍ബാങ്കാണ് ഫിലിപ്പിന്‍സിലെ മനിലയിലുള്ളത്. 1,27,000 ത്തോളം ഇനങ്ങള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 20 ഡിഗ്രി സെന്റിഗ്രേഡിലാണ് വിത്തുകള്‍ സൂക്ഷിച്ചിട്ടുള്ളത്.
ഭൂമിയില്‍ നിന്നും 4000 കിലോമീറ്റര്‍ ഉയരെ വച്ച് സൗരകിരണങ്ങള്‍ ഏല്‍പ്പിച്ച് തിരികെ കൊണ്ടുവന്ന നെല്ലിനമാണ് കോസ്മിക് നെല്ല്. കൂടുതല്‍ വിളവ് നല്‍കാന്‍ ഈ നെല്ലിനത്തിന് ശക്തിയുണ്ട്. പോഷകഗുണവും കൂടും.

തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ കണ്ടുവരുന്ന അത്യപൂര്‍വമായ ഒരു പ്രതിഭാസമാണ് നെല്‍പ്പാടങ്ങളുടെ നടുവിലുള്ള വലിയ വരമ്പുകളില്‍ മാളങ്ങളുണ്ടാക്കി നെല്ല് ശേഖരിച്ചുവയ്ക്കുന്ന എലികള്‍. ഇവയെ വെള്ളെലികള്‍ എന്നാണ് വിളിക്കുന്നത്.
കൊയ്ത്തുകഴിഞ്ഞാലുടന്‍ കര്‍ഷകര്‍ വരമ്പ് കിളച്ച് ഈ നെല്ല് വാരിയെടുക്കും. ഇവ കഞ്ഞിവച്ചുകുടിച്ചാല്‍ ശരീരത്തിന് വലിയ പ്രതിരോധശേഷി കിട്ടുമെന്നാണ് തലമുറയായുള്ള വിശ്വാസം. ഇത് നാട്ടറിവ് ചികിത്സയുടെ ഭാഗം കൂടിയാണ്. മണ്ണിനടിയിലിരിക്കുന്ന നെല്ല് മാസങ്ങളോളം നനവ് തട്ടിയിട്ടും കിളിര്‍ക്കുന്നില്ല. ഇത് എന്തുകൊണ്ടാണ്? ആ ഗുണമാണ് നെല്ലിനെ ഔഷധമാക്കുന്നത്. മാത്രമല്ല ഈ വെള്ളെലിയെ കൊന്ന് ഭക്ഷണമാക്കുകയും ചെയ്യും. വാര്‍ധക്യത്തിലും കണ്ണിന്റെ കാഴ്ച മങ്ങില്ല എന്നാണ് വിശ്വാസം. പലര്‍ക്കും അനുഭവമുണ്ട്.
നെല്ലിന്റെ കീടങ്ങളെ നശിപ്പിക്കുന്ന നിരവധി ചെറുജീവികള്‍ പാടത്തുണ്ട്. വേട്ടക്കാരന്‍ ചിലന്തികള്‍, ചെറുതുമ്പികള്‍, പുല്‍പ്പേനുകള്‍, തൈരംചാഴി എന്നിവയാണിവ. നെല്ലിന്റെ ശത്രുക്കളായ കീടങ്ങളെ ഇവ കൊന്നുതിന്നുന്നു. ചൈനയില്‍ കീടങ്ങളെ നശിപ്പിക്കാന്‍ ഉറുമ്പുകളെയും ഉപയോഗിക്കുന്നുണ്ട്. ഇതിനായി ചന്തകളില്‍ പ്രത്യേകം ഉറുമ്പിന്‍ കൂടുകള്‍ വാങ്ങാന്‍ കിട്ടും.

ലോക വ്യാപാരസംഘടന നല്‍കുന്ന ഗണമേന്മക്കുള്ള അംഗീകാരത്തിന് ജോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ എന്നാണ് പറയുന്നത്. ഇന്ത്യയില്‍ ആയിരത്തോളം ഇനങ്ങള്‍ക്ക് ഇങ്ങനെ അംഗീകാരം കിട്ടിയിട്ടുണ്ട്. കേരളത്തില്‍ 20 ഇനങ്ങള്‍ക്ക് ഇത്തരത്തിലുള്ള വ്യാപാരമുദ്ര ലഭിച്ചിട്ടുണ്ട്. ഇതില്‍ നാലെണ്ണം നെല്ലിനങ്ങള്‍ക്കാണ്. നവരയരി, പാലക്കാടന്‍ മട്ട, ജീരകശാല, പൊക്കാളി അരി എന്നിവയാണിവ.
അരിഭക്ഷണം കുറച്ച് കഴിക്കുന്നവരാണ് അമേരിക്കക്കാര്‍. പക്ഷേ, ലോകത്ത് അരിയുത്സവം കൊണ്ടാടുന്നത് അമേരിക്കയിലാണ്. അമേരിക്കയിലെ റൈസ് ക്യാപ്പിറ്റല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്റ്റേറ്റാണ് ക്രൗലെ. എല്ലാവര്‍ഷവും ഇവിടെ ഇന്റര്‍നാഷണല്‍ റൈസ് ഫെസ്റ്റിവല്‍ നടത്താറുണ്ട്. നെല്ലുമായി ബന്ധപ്പെട്ട കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും മറ്റുമാണ് ഈ നെല്ലുത്സവത്തിനുണ്ടാവുക.

ഓണം നെല്ലുമായി ബന്ധപ്പെട്ട ഒരു കൊയ്ത്തുത്സവമാണ്. മലയാളിയുടെ മിക്ക ഉത്സവങ്ങളുടെ പിന്നിലും വിതയ്ക്കലിന്റെയും കൊയ്യലിന്റെയും കഥയുണ്ട്. കൃഷിപ്പാട്ടുകള്‍, വിശ്വാസങ്ങള്‍, കലകള്‍ തുടങ്ങി നെല്ലും പാടശേഖരങ്ങളുമായി വികസിച്ചതാണ് നമ്മുടെ കാര്‍ഷിക സംസ്‌കാരം. ഓണം ഒരു കാര്‍ഷിക ഉത്സവത്തോടൊപ്പം ഒരു സാംസ്‌കാരിക ഉത്സവം കൂടിയാണ്.