ജനയുഗത്തിന് ആശംസകളുമായി സ്വതന്ത്ര സോഫ്റ്റ്‌ വെയറിന്റെ പിതാവ് റിച്ചാർഡ് സ്റ്റാൾമാൻ

Web Desk
Posted on November 02, 2019, 2:01 pm

സ്വതന്ത്ര സോഫ്റ്റ്‌വേറിലേക്ക് മാറിയ ജനയുഗം ദിനപത്രത്തിന് സ്വതന്ത്ര സോഫ്റ്റ്‌വേർ ഗുരു റിച്ചാർഡ് സ്റ്റാൾമാന്റെ അഭിനന്ദനം. വീഡിയോ സന്ദേശത്തിലാണ് സ്റ്റാൾമാൻ അഭിനന്ദനങ്ങൾ നേർന്നത്. സ്വതന്ത്ര സോഫ്റ്റ്‌വേറിന്റെ പ്രാധാന്യം മനസിലാക്കിയുള്ള  ജനയുഗത്തിന്റെ മാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന്  മറ്റ് തിരക്കുകൾ എല്ലാം മാറ്റി വച്ച് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം അഭിനന്ദിച്ചു.

കമ്പ്യൂട്ടർ പ്രവർത്തനങ്ങളെല്ലാം തന്നെ സ്വതന്ത്രമാകണമെന്ന ജനയുഗത്തിന്റെ നിശ്ചയദാർഢ്യമാണ് സ്വതന്ത്ര സോഫ്റ്റ്‌വേർ ഉപയോഗിച്ചുള്ള പ്രസാധനത്തിലേക്ക് കൊണ്ടെത്തിച്ചതെന്നും സ്റ്റാൾമാൻ ചൂണ്ടിക്കാട്ടി. ഓരോ കമ്പ്യൂട്ടർ ഉപയോക്താവും തങ്ങളുടെ കമ്പ്യൂട്ടറുകൾ സ്വതന്ത്രമായി ഉപയോഗിക്കുന്നതാണ് അഭികാമ്യം.
സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വേറിലേക്ക് മാറാനുള്ള ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. കുത്തക കമ്പനികൾക്ക് സംസ്ഥാനത്തെ കമ്പ്യൂട്ടർ ശൃംഖല നിയന്ത്രിക്കാനുള്ള അവസരം ഇതിലൂടെ ഇല്ലാതാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ്‌വേറിലേക്കുള്ള ഏതൊരു പ്രസ്ഥാനത്തിന്റെയും മാറ്റം പരമാധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രഖ്യാപനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.