Web Desk

മുംബൈ

July 06, 2021, 9:14 pm

വിവരാവകാശം തടഞ്ഞ് സിഐസിയുടെ വിചിത്ര നടപടി

Janayugom Online

വിവരാവകാശ നിയമപ്രകാരം അപേക്ഷന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്നുള്ള ആര്‍ബിഐ അപ്പീല്‍ അധികാരിയുടെ നിര്‍ദ്ദേശം സ്റ്റേ ചെയ്ത് കേന്ദ്ര വിവരാവകാശ കമ്മിഷന്റെ വിചിത്ര നടപടി. മുംബൈയിലെ സാരസ്വത് സഹകരണ ബാങ്കിന്റെ നിഷ്ക്രിയ ആസ്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതാണ് വിവരാവകാശ നിയമം നടപ്പാക്കുന്നതിന്റെ ചുമതലയുള്ള സിഐസി തടഞ്ഞിരിക്കുന്നത്. 

നിഷ്ക്രിയ ആസ്തി അടക്കമുള്ള വിവരങ്ങള്‍ നല്‍കാനാവുന്നതാണെന്ന് സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും ആര്‍ബിഐ അപ്പീല്‍ അധികാരിയുടെ ഉത്തരവ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറായ സുരേഷ് ചന്ദ്ര റദ്ദാക്കുകയായിരുന്നു. നിഷ്ക്രിയ ആസ്തിക്ക് പുറമെ ബാങ്കിലെ വന്‍ കുടിശികക്കാരുടെ വിവരങ്ങള്‍, പരിശോധനാ റിപ്പോര്‍ട്ടുകള്‍, പിഴയീടാക്കിയതിന്റെ വിവരങ്ങള്‍ തുടങ്ങിയവ വിവരാവകാശ അപേക്ഷയില്‍ തേടിയിരുന്നു. മുന്‍ കേന്ദ്ര വിവരാവകാശ കമ്മിഷണറായിരുന്ന ശൈലേഷ് ഗാന്ധിയായിരുന്നു അപേക്ഷകന്‍. 

വിവരങ്ങള്‍ ബാങ്ക് നല്‍കാന്‍ വിസമ്മതിച്ചതോടെ ശൈലേഷ് ഗാന്ധി ആര്‍ബിഐയെ സമീപിച്ചു. അപേക്ഷകന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു ഒന്നാം അപ്പീല്‍ അധികാരിയുടെ ഉത്തരവ്. ഇതിനെതിരെ ബാങ്ക് കേന്ദ്ര വിവരാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു. നിഷ്ക്രിയ ആസ്തി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത് പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ബാങ്കിന്റെ വാദം. ഇത് അംഗീകരിച്ചുകൊണ്ട് പ്രത്യേക കാരണങ്ങളൊന്നും കൂടാതെ ആര്‍ബിഐ ഉത്തരവ് സിഐസി തടയുകയായിരുന്നു. 

നേരത്തെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെയും യൂണിയന്‍ ബാങ്കിന്റെയും ഇത്തരം അപേക്ഷകള്‍ സുപ്രീം കോടതി തള്ളുകയാണ് ഉണ്ടായത്. ആഭ്യന്തര റിപ്പോര്‍ട്ടുകള്‍ അടക്കമുള്ളവ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാമെന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സിഐസി ഉത്തരവ് വിവരാവകാശ നിയമത്തിന്റെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് ശൈലേഷ് ഗാന്ധി പറഞ്ഞു. 

Eng­lish Sum­ma­ry : right to infor­ma­tion denied by cheif infor­ma­tion commisioner

You may also like this video :