October 4, 2022 Tuesday

സിഐസി വൈ കെ സിൻഹയുടെ ആദ്യതീരുമാനം; ഉദ്യോഗസ്ഥന്റെ രാജിയുടെ ഫയൽ രേഖകൾ നൽകേണ്ടതില്ലെന്ന് വിവരാവകാശ കമ്മിഷൻ

Janayugom Webdesk
ന്യൂഡൽഹി
November 8, 2020 10:20 pm

മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനിൽ ഗോസ്വാമിയുടെ രാജിയിലേക്ക് നയിച്ച ചർച്ചകളും ഫയൽ രേഖകളും സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ നിയമ പ്രകാരം നൽകേണ്ടതില്ലെന്ന് കാബിനറ്റ് സെക്രട്ടേറിയറ്റിന് നിർദേശം നൽകി കേന്ദ്ര വിവരാവകാശ കമ്മീഷൻ. ചുമതലയേറ്റ ശേഷം മുഖ്യ വിവരാവകാശ കമ്മിഷണർ വൈ കെ സിൻഹയുടെ ആദ്യതീരുമാനം കൂടിയാണിത്.

ശാരദ ചിട്ടിതട്ടിപ്പ് കേസിൽ മുൻ കേന്ദ്രമന്ത്രി മാതങ് സിങ്ങിന്റെ അറസ്റ്റ് തടയാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് 2015 ഫെബ്രുവരിയിലാണ് അനിൽ ഗോസ്വാമി രാജിവച്ചത്. ഇതുമായി ബന്ധപ്പെട്ട് വിവിധ അധികാരികൾ തമ്മിലുള്ള ആശയവിനിമയം, ഫയൽ നോട്ടിംഗ് എന്നിവ ഉൾപ്പെടെ ഗോസ്വാമിക്കെതിരായ പരാതിയിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ വിവരാവകാശ അപേക്ഷകനും ഐപിഎസ് ഉദ്യോഗസ്ഥനുമായ അമിതാഭ് താക്കൂർ കാബിനറ്റ് സെക്രട്ടേറിയറ്റിൽ നിന്ന് ആവശ്യപ്പെട്ടിരുന്നു.

തൃപ്തികരമായ പ്രതികരണം ലഭിക്കാത്തതിനെ തുടർന്നാണ് താക്കൂർ സിഐസിക്ക് മുന്നിൽ അപ്പീൽ നൽകിയത്. ഹിയറിംഗിനിടെ, അനിൽ ഗോസ്വാമിയുടെ നിർബന്ധിത രാജിയിലേക്ക് നയിച്ച സംഭവങ്ങളുടെ വിശദാംശങ്ങൾ അറിയുന്നതിനായി ഫയൽ കുറിപ്പുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊതുതാൽപ്പര്യത്തിനായി നൽകണമെന്ന് അദ്ദേഹം വാദിച്ചു.

എന്നാൽ ഇത്തരം രേഖകൾ വിവരാവകാശ നിയമ പ്രകാരം നൽകേണ്ടതില്ലെന്നായിരുന്നു ചീഫ് ഇൻഫർമേഷൻ കമ്മീഷണർ വൈ കെ സിൻഹയുടെ വിലയിരുത്തൽ. പ്രത്യേക വിഭാഗം ഉദ്യോഗസ്ഥരുടെയും ഡിസിപ്ലിനറി അതോറിറ്റിയുടെയും ഫയൽ രേഖകളും ചർച്ചകളും സംബന്ധിച്ച് വെളിപ്പെടുത്താൻ കഴിയില്ലെന്ന് മറ്റൊരു കേസിൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധി ഉദ്ധരിച്ചായിരുന്നു സിൻഹയുടെ വാദം. എന്നാൽ, ഒരു ഉദ്യോഗസ്ഥനെതിരായ പരാതികളുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ചുള്ള വിവരാവകാശ രേഖകൾ അപേക്ഷകന് നൽകാൻ ഡൽഹി ഹൈക്കോടതി അനുവദിച്ചിരുന്നു എന്ന് അപേക്ഷകൻ ചൂണ്ടിക്കാട്ടി.

ഉദ്യോഗസ്ഥരുടെ യോഗ്യത, പ്രകടനം, മൂല്യനിർണ്ണയ റിപ്പോർട്ടുകൾ, അച്ചടക്ക നടപടികൾ മുതലായവ ഉൾപ്പെടെയുള്ള പ്രൊഫഷണൽ റെക്കോർഡുകൾ എല്ലാം വ്യക്തിഗത വിവരങ്ങളാണെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നും ഇത് പ്രകാരം സ്വകാര്യതയിലേക്കുള്ള അനാവശ്യമായ കടന്നുകയറ്റത്തിൽ നിന്ന് പരിരക്ഷിക്കുന്നതിന് വിവരങ്ങൾ തടഞ്ഞുവയ്ക്കേണ്ടതുണ്ടെന്നും ചീഫ് ഇൻഫർമേഷൻ കമ്മീഷണർ വിലയിരുത്തുകയായിരുന്നു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.