Web Desk

മുംബൈ

August 01, 2021, 10:28 pm

അവകാശ പ്രവര്‍ത്തകര്‍ രാജ്യശത്രുക്കളുടെ പട്ടികയില്‍

Janayugom Online

മനുഷ്യാവകാശ പ്രവര്‍ത്തകരെയും അഭിഭാഷകരെയും വീട്ടമ്മമാരെയുമുള്‍പ്പെടെ മഹാരാഷ്ട്ര സര്‍ക്കാര്‍ രാജ്യത്തിന്റെ ശത്രുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്.

കേന്ദ്രസര്‍ക്കാരിന്റെ യൂണിയന്‍ വാര്‍ ബുക്ക് എന്നറിയപ്പെടുന്ന അതീവ രഹസ്യമായ ലിസ്റ്റിലാണ് സംസ്ഥാന ആഭ്യന്തരവകുപ്പും ഇന്റലിജന്റ്സ് വകുപ്പും ചേര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, കോളജ് പ്രൊഫസര്‍മാര്‍ തുടങ്ങിയവരുടെ പേരുവിവരങ്ങള്‍ ക്രിമിനലുകളെപ്പോലെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ സുരക്ഷാഭീഷണികളെക്കുറിച്ചുള്ള വിവരങ്ങളും യുദ്ധസാഹചര്യങ്ങളില്‍ രാജ്യത്തെ മന്ത്രാലയങ്ങളും വകുപ്പുകളും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും നടത്തേണ്ട പ്രവര്‍ത്തനങ്ങളും രാജ്യത്തിന്റെ ശത്രുക്കളെന്ന് മുദ്രകുത്തപ്പെടുന്നവരുടെ പേരുവിവരങ്ങളും അവരോട് അനുവര്‍ത്തിക്കേണ്ട രീതികളുമെല്ലാമാണ് യൂണിയന്‍ വാര്‍ ബുക്ക് എന്നറിയപ്പെടുന്ന രേഖയില്‍ ഉള്‍പ്പെടുത്തുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള രേഖയാണെങ്കിലും, പേരുകള്‍ ചേര്‍ക്കാനുള്ള പ്രവര്‍ത്തനം നടത്തുന്നത് സംസ്ഥാനങ്ങളാണ്.

ജൂലൈ മാസം ആദ്യം നഗരത്തിലെ അഭിഭാഷകനായ നിഹാല്‍സിങ് റാത്തോഡിനെത്തേടി നാഗ്പൂര്‍ പൊലീസ് സംഘം എത്തിയതോടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. എല്‍ഗാര്‍ പരിഷദ് കേസിലുള്‍പ്പെടെ കുറ്റാരോപിതരായ നിരവധിപേര്‍ക്കുവേണ്ടി കോടതികളില്‍ ഹാജരായ അഭിഭാഷകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ നിഹാല്‍ സിങ് റാത്തോഡിനെ ജാതീയവും സാമൂഹ്യവുമായ സംഘര്‍ഷങ്ങളിലേര്‍പ്പെടുന്നതിനായി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നയാള്‍ എന്ന നിലയിലാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എല്‍ഗാര്‍ പരിഷദ് കേസില്‍ അറസ്റ്റിലായ അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങ്, അദ്ദേഹത്തിന്റെ ഭാര്യ മിനാല്‍ ഗാഡ്‌ലിങ്, സഹപ്രവര്‍ത്തകനായ ഹര്‍ഷ്‌ലാല്‍ ലിംഗായത്, എല്‍ഗാര്‍ പരിഷദ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാഗ്പൂര്‍ സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ ഷോമ സെന്‍ തുടങ്ങിയവരും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നതായാണ് ലഭിക്കുന്ന വിവരം. ഇവരെല്ലാം യൂണിയന്‍ വാര്‍ ബുക്കിലെ ആവശ്യമായത്രയും കാലം നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ എന്ന നിലയില്‍ സി വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

എന്തുകൊണ്ടാണ് തന്നെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിയ്ക്കും റാത്തോഡ് കത്തയച്ചിരിക്കുകയാണ്. നാഗ്പൂര്‍ മേഖലയിലുള്ളവരുടെ പേരുവിവരങ്ങള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്നും മറ്റുള്ള ജില്ലകളിലും സമാനരീതിയില്‍ പേരുവിവരങ്ങള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാമൂഹ്യപ്രവര്‍ത്തകരെയും മനുഷ്യാവകാശപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തിയും മാനസികമായി പീഡിപ്പിച്ചും നിശബ്ദരാക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്.

Eng­lish Sum­ma­ry: Rights activists on the list of ene­mies of the country

You may like this video also