റിജോഷ് വധം: ആത്മഹത്യയ്ക്ക് ശ്രമിച്ച വസീമിന്റെ നില ഗുരുതരം, ലിജി അപകടനില തരണം ചെയ്തു

Web Desk
Posted on November 10, 2019, 9:15 pm

സന്ദീപ് രാജാക്കാട്

രാജാക്കാട്: മുംബൈയില്‍ ആത്മഹത്യക്ക് ശ്രമിച്ച റിജോഷ് വധക്കേസിലെ ഒന്നാം പ്രതി വസീമിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. റിജോഷിന്റെ ഭാര്യയായ ലിജിയുടെ നിലയില്‍ മാറ്റമുണ്ടെന്ന് പൊലീസ് പറഞ്ഞു. വിഷം നല്‍കി കൊലപ്പെടുത്തിയ റിജോഷിന്റെ മകള്‍ ജുവാനയുടെ മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഇന്ന് വീട്ടിലെത്തിച്ച് സംസ്‌ക്കരിക്കും. കഴിഞ്ഞ 31നാണ് ശാന്തമ്പാറ കഴുതക്കുളം മേട് സ്വദേശി മുല്ലൂര്‍ റിജോഷിനെ റിസോര്‍ട്ട് മാനേജര്‍ വസീം കൊലപ്പെടുത്തിയ ശേഷം റിസോര്‍ട്ടിന് സമീപം കുഴിച്ച് മൂടിയത്. ഇതിന് ശേഷം നാലാം തീയതി റിജോഷിന്റെ ഭാര്യ ലിജിയും, വസീമും റിജോഷിന്റെ രണ്ടുവയസ്സുകാരി ജുവാനയുമായി നാടുവിടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നടന്ന പൊലീസ് അന്വേഷണത്തില്‍ വസിമിനെ സഹായിക്കുന്നതിനും പൊലീസ് അന്വേഷണം വഴിതിരിച്ച് വിടുന്നതിനും കൂട്ടുനിന്ന വസീമിന്റെ സഹോദരന്‍ ഫഹദിനെ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്. ഇതിനിടയിലാണ് കഴിഞ്ഞ വ്യാഴാഴ്ച മുബൈയിലെത്തിയ വസിമും ലിജിയും പന്‍വേലിലുള്ള സമീര്‍ ഹോട്ടലില്‍ മുറിയെടുത്ത് കുട്ടിയ്ക്ക് വിഷം നല്‍കിയതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. മുറിയെടുത്തതിന് ശേഷം പുറത്തേയ്ക്ക് കാണാത്തതിനാല്‍ വെള്ളിയാഴ്ച ഉച്ചയോടെ ഹോട്ടല്‍ മാനേജര്‍ മുറിയില്‍ എത്തി നോക്കിയപ്പോളാണ് കുട്ടിയെ മരിച്ച നിലയിലും ഇവരെ അവശനിലയിലും കണ്ടെത്തിയത്. തുടര്‍ന്ന് പന്‍വേല്‍ സെന്റര്‍ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

ഇടുക്കിയില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘവും മുബൈയില്‍ എത്തിയിരുന്നു. നിലവില്‍ വാസിയിലുള്ള ജെ ജെ ഹോസ്പ്പിറ്റലിലാണ് വസീമും ലിജിയും ചികിത്സയിലുള്ളത്. വസീമിന്റെ നില അതീവ ഗുരുതരമാണ്. ലിജിയുടെ നില മെച്ചപ്പെടുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്തുന്നതിന് പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം ഇവര്‍ വിഷം നല്‍കി കൊലപ്പെടുത്തിയ റിജോഷിന്റെ മകള്‍ ജൊവാനയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മൃതദേഹം ആദ്യം മുബൈയില്‍ തന്നെ സംസ്‌ക്കരിക്കുന്നതിന് ആലോചിച്ചെങ്കിലും പിന്നീട് നാട്ടിലേയ്ക്ക് എത്തിക്കുന്നതിന് തീരുമാനിക്കുകയായിരുന്നു.

മുബൈയില്‍ നിന്നും ഫ്‌ളൈറ്റില്‍ കോയമ്പത്തൂര്‍ എയര്‍പ്പോട്ടില്‍ എത്തിച്ചതിന് ശേഷം ഇവിടെ നിന്നും ആംബുലന്‍സില്‍ വീട്ടിലെത്തിക്കും. ഇതിന് ശേഷം റിജോഷിന്റെ മൃതദേഹം സംസ്‌ക്കരിച്ചിരിക്കുന്ന ശാന്തമ്പാറ ഇന്‍ഫെന്റ് ജീസസ് കാത്തലിക് പള്ളിയില്‍ സംസ്‌ക്കരിക്കും. രണ്ട് കൊലപാതകങ്ങളും കഴുതക്കുളം മേടെന്ന കുടിയേറ്റ ഗ്രാമത്തേയും കണ്ണീരിലാഴ്ത്തി. റിജോഷിനെ കൊലപ്പെടുത്തി കുട്ടിയുമായി വസീമും, ലിജിയും നാടുവിട്ടപ്പോള്‍ ഈ നാടിന്റെ പ്രാര്‍ത്ഥന ജൊവാനയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനകള്‍ക്ക് ഫലമില്ലാതെ വന്നപ്പോള്‍ വിതുമ്പി കരയുകയാണ് ഈ കുടിയേറ്റ ഗ്രാമം.