അവള്‍ ആണോ പെണ്ണോ ?മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ തിരിച്ചയച്ചു

Web Desk
Posted on December 07, 2017, 9:48 pm
പ്രത്യേക ലേഖകന്‍

മസ്‌കറ്റ്: ഇവിടെ ഇഖുറം ആംഫി തിയേറ്ററിലെ സ്റ്റേജ് ഷോയില്‍ പങ്കെടുക്കാനെത്തിയ ഗായികയും അവതാരികയും നടിയുമായ റിമിടോമിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ആണോ പെണ്ണോ എന്ന സംശയത്തില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ നാട്ടിലേക്ക് മടക്കി അയച്ചു.
റിമിയോടൊപ്പം എത്തിയ അസം സ്വദേശിയായ നിത്യ ബര്‍ദലോയി എന്ന ഭിന്നലിംഗക്കാരിയെയാണ് തിരിച്ചയച്ചത്. വേഷത്തില്‍ തനി പെണ്ണായിരുന്നുവെങ്കിലും നിത്യയുടെ പാസ്‌പോര്‍ട്ടിലും വിസയിലും പുരുഷന്‍ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. വിസയ്ക്കുള്ള അപേക്ഷയിലും പുരുഷനെന്ന് രേഖപ്പെടുത്തിയതായും അധികൃതര്‍ കണ്ടെത്തി. വേഷമാകട്ടെ പാശ്ചാത്യ പെണ്ണിന്റേതും. നിത്യ ബര്‍ദലോയി ട്രാന്‍സ്ജന്‍ഡറായതുകൊണ്ടാണ് പാസ്‌പോര്‍ട്ടിലും വിസയിലും അങ്ങനെ കാണിച്ചതെന്ന് റിമിയും നിത്യയും ആവുന്നത്ര വാദിച്ചു നോക്കിയെങ്കിലും അധികൃതര്‍ കനിഞ്ഞില്ല.
ഇമിഗ്രേഷന്‍ ചട്ടങ്ങളനുസരിച്ചും സുരക്ഷാ കാരണങ്ങളാലും നിത്യയെ കടത്തിവിടാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നിന്ന് അധികൃതര്‍ നിത്യയെ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയും ജറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ തിരിച്ചയക്കുകയും ചെയ്തു.