Saturday
16 Nov 2019

വിശപ്പുമാറിയ ബംഗാള്‍ ഇന്ന് വിലപിക്കുന്നു

By: Web Desk | Monday 10 June 2019 8:45 AM IST


വത്സന്‍ രാമംകുളത്ത്

ബംഗാളിലെ ചുവപ്പിന് ഒരു സംഗീതമുണ്ടായിരുന്നു. രബീന്ദ്ര സംഗീതത്തിന്റെ താളങ്ങളില്‍ ലയിച്ച ബംഗാള്‍ മണ്ണിന്റെ ചുവപ്പിന് കമ്യൂണിസ്റ്റ് വീര്യത്തിന്റെ സൗന്ദര്യവും അലങ്കാരമായിരുന്നു. ഇന്ത്യന്‍ ദേശീയതയെയും സ്വദേശി പ്രസ്ഥാനത്തെയും ‘ചര്‍ക്കയുടെ മത’ത്തിലൂടെ ലോകത്തിന് വിവരിച്ച ടാഗോറിന്റെ നാടിന് വിശന്നത് നാം കേട്ടറിഞ്ഞതാണ്. പിന്‍തലമുറക്കാര്‍ അത് അനുഭവിച്ചതാണ്. വിശപ്പടക്കാനാവാതെ അവിടെ മരിച്ചുവീണവര്‍ക്കുമീതെ നിരത്തിയ മണ്‍ത്തരികളുടെ നൊമ്പരം ഇന്ത്യയുടെ കണ്ണീരായി മാറി. ബംഗാളിന്റെ വിശപ്പകറ്റാന്‍ ഹൃദയങ്ങളിലേക്ക് ചെങ്കൊടിപ്പാട്ടും നെഞ്ചൂക്കും കരുത്തുപകര്‍ന്നു. 1977 മുതല്‍ 2011 വരെ പശ്ചിമബംഗാളിന് വിശന്നില്ല, കരയേണ്ടിയും വന്നില്ല. ഇന്ന് ബംഗാള്‍ കരയുന്നു; നടന്നുനീങ്ങുന്ന നിമിഷങ്ങളില്‍ ചോരപൊടിയുന്ന കാഴ്ചകള്‍ കണ്ട് ഭയക്കുന്നു. ബംഗാളിന്റെ നിലവിളി ഇന്ത്യയുടെ അലമുറയായി മാറാന്‍ സമയമേറെയെടുക്കില്ലെന്നാണ് അവസ്ഥകള്‍ പഠിപ്പിക്കുന്നത്.
ഹിന്ദുവെന്നും മുസല്‍മാനെന്നും വേര്‍ത്തിരിക്കാന്‍ നടത്തിയ ബോധപൂര്‍വ ശ്രമങ്ങളില്‍ നിന്നാണ് കിഴക്കന്‍ പാകിസ്ഥാന്‍ എന്ന ബംഗ്ലാദേശിന്റെ പിറവിക്കാധാരം. ആ ചോരക്കളിയുടെ രണ്ടാം പതിപ്പാണ് ഇന്ന് പശ്ചിമബംഗാളില്‍. മതേതരത്വവും ഐക്യവും അഖണ്ഡതയും വാനോളമുയര്‍ത്തി മാലോകര്‍ക്ക് മുന്നില്‍ അഭിമാനിതരായി നിന്ന ഇന്ത്യയെ തലകുനിച്ച് നിര്‍ത്തുന്നത് ഭരണം നിര്‍വഹിക്കുന്ന ബിജെപിയും അവര്‍ക്ക് തണലേകുന്ന സംഘപരിവാറുമാണ്. അവരുടെ ലക്ഷ്യം ഇന്ത്യയെ ശിഥിലമാക്കുകയാണ്. ‘സവര്‍ണ്ണ ജാതി ഹിന്ദുക്കള്‍ ബ്രിട്ടീഷുകാര്‍ക്ക് എതിരെ സമരം ചെയ്ത് അവരുടെ ഊര്‍ജ്ജം പാഴാക്കരുത്. നിങ്ങളുടെ ശത്രുക്കള്‍ ബ്രിട്ടീഷുകാര്‍ അല്ല. മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളുമാണ്. അവരോടു യുദ്ധം ചെയ്യണം എന്ന നിലപാട് വിളിച്ചുപറഞ്ഞ മാധവ സദാശിവ ഗോള്‍വല്‍ക്കര്‍ ഇന്നും ജീവിക്കുകയാണ്; അനേകമനേകം മോഡിമാരിലൂടെയും അമിത്ഷാമാരിലൂടെയും സാക്ഷി മഹാരാജിലൂടെയുമെല്ലാം. ഇവരുടെ കിരാതങ്ങള്‍ക്കു നടുവില്‍ പശ്ചിമബംഗാള്‍ വിലപിക്കാന്‍ തുടങ്ങുകയാണ്.

ബംഗാളിനെയാകെ മാറ്റിമറിച്ച നന്ദിഗ്രാം സംഭവം തെറ്റായിപ്പോയെന്ന് ലോകത്തോട് വിളിച്ചുപറയാന്‍ സിപിഐ(എം) മടികാണിച്ചിരുന്നില്ല. മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയും പ്രകാശ് കാരാട്ടും ജ്യോതിബസുവും പലതവണ തെറ്റ് ഏറ്റുപറഞ്ഞു. കോണ്‍ഗ്രസും ഫോര്‍വേഡ് ബ്ലോക്കും തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ബംഗാള്‍ ജനതയുടെ വലിയൊരു വിഭാഗവും അതേറ്റുപാടി. കേരളത്തിലെ മുസ്‌ലിം ലീഗ് പ്രസ്ഥാനം പോലും ബംഗാളിലെ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ഫാസിസ്റ്റുകളെന്ന് മുദ്രകുത്തിക്കൊണ്ടേയിരുന്നു. മാര്‍ക്‌സിസ്റ്റ് വിരുദ്ധരുടെ ചേരിയുണ്ടാക്കാന്‍ ഒരുഭാഗത്ത് കോണ്‍ഗ്രസ് നടത്തിയ നീക്കത്തിന് പക്ഷെ, മമതയെന്ന തിരിച്ചടി ഏറ്റുവാങ്ങേണ്ടിവന്നു. ഇടങ്ങള്‍ കണ്ടെത്തി ബംഗാളിലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ ഭരണകൂട വിരുദ്ധ വികാരങ്ങള്‍ ചമഞ്ഞു. എല്ലാം ഫലം ചെയ്തു. ജ്യോതി ബസുവില്‍ നിന്ന് ബുദ്ധദേവിലേക്കുള്ള ദൂരത്തേക്കാള്‍ കുറഞ്ഞതായി, ജനങ്ങളില്‍ നിന്നും അധികാരത്തില്‍ നിന്നും പുറത്തേയ്ക്കുള്ള ഇടതുപ്രസ്ഥാനത്തിന്റെ ദൂരം. കഥയറിയാതെ ആട്ടം കണ്ടുകൊണ്ടേയിരുന്ന ബംഗാളിലെ പാവപ്പെട്ട ജനതയുടെ ജീവിതമാണ് ഇന്ന് തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്നത്.

ജനങ്ങള്‍ക്കാവശ്യമില്ലാത്ത ഒരു വ്യവസായവും നടപ്പാക്കുന്ന പ്രശ്‌നമില്ലെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കാന്‍ സിപിഐ(എം)ന് കഴിഞ്ഞത് ബംഗാള്‍ ഭരണത്തിന്റെ തകര്‍ച്ചയോടെയാണ്. പതിറ്റാണ്ടുകളിലെ കമ്യൂണിസ്റ്റ് ഭരണത്തെ തകര്‍ത്തെറിയാന്‍ സിംഗൂര്‍ കാര്‍ഷിക ഭൂമിയുടെ രാഷ്ട്രീയം ഉപയോഗിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതയ്ക്ക് പക്ഷെ അത് തിരുത്താന്‍ അധികം നാളെടുക്കേണ്ടിവന്നില്ല. ബംഗാളിലെ ഇടതുപക്ഷ പ്രസ്ഥാനം തിരുത്തിയത് ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളേണ്ടത് എന്ന നയത്തിലൂന്നിയാണ്. മമത പക്ഷെ, അന്ന് സിപിഐ(എം) സ്വീകരിച്ച വ്യാവസായിക നിലപാടിലേക്ക് കാര്യങ്ങള്‍ അടുപ്പിച്ചുകൊണ്ടാണ്. സിംഗൂരില്‍ വേണ്ടത് കൃഷിയല്ല, വ്യവസായമാണെന്നാണ് മമത ബാനര്‍ജി ഇപ്പോള്‍ പറഞ്ഞുവയ്ക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നേരിടേണ്ടിവന്ന വലിയ തോല്‍വിക്കും ചെറിയ വിജയത്തിനും ശേഷമാണ് ഈ നിലപാട് മാറ്റം മമത നടത്തിയതെന്നത് ശ്രദ്ധേയം. മമത ജനങ്ങളില്‍ നിന്നകലുന്നുവെന്ന് കണ്ട് ബിജെപിയാണ് മുതലെടുപ്പ് നടത്തുന്നത്. മമതയുടെ തൃണമൂലും ബിജെപിയും ബംഗാളില്‍ നടത്തുന്ന അധികാരവെറിയുടെ രാഷ്ട്രീയം കലാപങ്ങളുടേതാണ്. മാര്‍ക്‌സിസ്റ്റില്‍ നിന്നുള്ളതാണോ ബിജെപിയില്‍ നിന്നുള്ളതാണോ തൃണമൂലില്‍ നിന്നുണ്ടാവുന്നതാണോ ഫാസിസം എന്ന തിരിച്ചറിവിലേക്കാണ് ബംഗാള്‍ ജനത ഇന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥ ഫാസിസ്റ്റ് ഭീഷണിയെ നേരിടാനാവാത്ത നാളുകളിലേക്കാണ് ബംഗാള്‍ എത്തുന്നത്.

ഏറ്റവുമൊടുവില്‍ ശനിയാഴ്ച രാത്രി നടന്ന സംഘര്‍ഷങ്ങളില്‍ മൂന്ന് പേരുടെ ജീവനാണ് നഷ്ടമായത്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് അക്രമസംഭവങ്ങള്‍ തുടരുന്നത്. ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മൂന്ന് ബിജെപി പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം തൃണമൂല്‍ അനുയായികളായ ക്രിമിനലുകള്‍ സിപിഐ (എം) പ്രവര്‍ത്തകനെ കൊലപ്പെടുത്തിയിരുന്നു. വീട്ടില്‍ കയറി സ്ത്രീകളുടെ മുന്നിലിട്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയാണുണ്ടായത്. കൊല്ലപ്പെട്ടയാളുടെ അമ്മയ്ക്കും മൂന്ന് സഹോദരിമാര്‍ക്കും പരിക്കുണ്ട്. ഇങ്ങനെ രാഷ്ട്രീയ സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ആവര്‍ത്തിക്കുമ്പോള്‍ പൊലീസും സര്‍ക്കാരും കണ്ടഭാവം നടിക്കുന്നില്ല. ഇതുമുതലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് ബിജെപിയുടെ സംസ്ഥാന ഘടകത്തോടാണ്. തൃണമൂലിനൊപ്പം നിന്നിരുന്ന വലിയൊരുവിഭാഗം പ്രവര്‍ത്തകരും ബിജെപിയിലേക്ക് ഒഴുകുകയാണ്.

മരണത്തില്‍ നിന്ന് രക്ഷതേടിയുള്ള പലായനമാണിവിടെ. നേരത്തെ സിപിഐ (എം) പ്രവര്‍ത്തകര്‍ കൂടും കുടുക്കയുമായി കുടുംബത്തോടെ തൃണമൂല്‍ ക്യാമ്പുകളിലേക്കും ബിജെപിയിലേക്കും ചേക്കേറിയ അതേ അവസ്ഥയാണിന്ന് തൃണമൂല്‍-ബിജെപി പാതയിലും കാണുന്നത്. തൃണമൂലിന്റെയും ബിജെപിയുടെയും അതിക്രമങ്ങള്‍ നാടിന്റെ സൈ്വരജീവിതം തര്‍ക്കുന്ന തലത്തിലേക്കെത്തിത്തുടങ്ങിയതോടെ ഇടതുപക്ഷമാണ് ശരിയെന്ന നിലപാടിലേക്ക് ബംഗാള്‍ തിരിച്ചുനടക്കാന്‍ തുടങ്ങുകയാണ്. കൊല്‍ക്കത്തയില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന പ്രതിഷേധ റാലി അതിനുദാഹരണമാണ്.