പാർട്ടി നേതൃത്വം അറിയാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ രഹസ്യസർവേ കോണ്‍ഗ്രസില്‍ കലാപത്തിന് തിരികൊളുത്തി. മുതിര്‍ന്ന നേതാക്കള്‍ സതീശനെതിരെ പരസ്യമായി രംഗത്തെത്തി.
എഐസിസി നേതൃത്വത്തിനും ഹൈക്കമാന്‍ഡിനും സതീശനെതിരെ പരാതികള്‍ പ്രവഹിക്കുകയാണ്. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടാണ് വി ഡി സതീശന്റെ രഹസ്യസർവേ എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ വിജയ സാധ്യതയാണ് സർവേയിൽ പരിശോധിച്ചത്. കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിലാണ് സര്‍വേ നടത്തിയത്.
ഇക്കഴിഞ്ഞ ഒമ്പതിന് ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വി ഡി സതീശന്‍ തന്നെയാണ് സര്‍വേ സംബന്ധിച്ച് വെളിപ്പെടുത്തിയത്. വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കാൻ സാധ്യതയുള്ള 63 മണ്ഡലങ്ങളെക്കുറിച്ചും സ്ഥാനാർത്ഥി സാധ്യതയെക്കുറിച്ചുമാണ് സതീശൻ വ്യക്തമാക്കിയത്. യോഗത്തില്‍ നിരവധി നേതാക്കള്‍ ഇതിനെ ചോദ്യം ചെയ്തു. ആരുടെ അനുമതിയോടെയാണ് സർവേ നടത്തിയതെന്ന് ചോദിച്ച് എ പി അനിൽ കുമാറാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഇത് സതീശനും അനില്‍കുമാറും തമ്മിലുള്ള രൂക്ഷമായ വാക്കുതര്‍ക്കത്തിനും കാരണമായി.
നിയമസഭാ തെരഞ്ഞെടുപ്പിന് 60 മണ്ഡലങ്ങളിൽ പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്ന് സതീശൻ വ്യക്തമാക്കിയപ്പോൾ പാർട്ടിയോട് ചർച്ച ചെയ്യാതെ ആര് അനുമതി നൽകിയെന്ന് അനിൽകുമാർ ചോദിച്ചു. നേതാക്കള്‍ വിവിധ ചേരികളിലായി നിലയുറപ്പിച്ചതോടെ വിവാദം കത്തിക്കയറുകയായിരുന്നു. രഹസ്യ സർവേ നടത്തിയത് അച്ചടക്ക ലംഘനമാണെന്നും ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും ഒരുവിഭാഗം നേതാക്കൾ നിലപാടെടുത്തു. ഇത്തരം സർവേ നടത്തേണ്ടത് ഹൈക്കമാന്‍ഡാണെന്നും ഇവർ വ്യക്തമാക്കുന്നു.
സതീശന്‍ സര്‍വേ നടത്തിയത് ജയസാധ്യതയുള്ള സീറ്റുകളില്‍ തന്റെ നോമിനികളെ തിരുകിക്കയറ്റാനാണെന്നും മുഖ്യമന്ത്രിപദമാണ് ലക്ഷ്യമെന്നുമാണ് രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്ന നേതാക്കളുടെ ആക്ഷേപം. കെപിസിസി അധ്യക്ഷനെപ്പോലും നോക്കുകുത്തിയാക്കി സതീശന്‍ നടത്തുന്ന നീക്കങ്ങള്‍ പാര്‍ട്ടിയുടെ നില കൂടുതല്‍ പരുങ്ങലിലാക്കാനേ ഉപകരിക്കൂവെന്നാണ് നേതാക്കളുടെ പക്ഷം. രഹസ്യ സർവേ നടത്തിയതിൽ ഹൈക്കമാന്‍ഡും അതൃപ്തി അറിയിച്ചിട്ടുണ്ട്.
അതേസമയം വി ഡി സതീശന്‍ സര്‍വേ നടത്തുന്ന കാര്യം ഹൈക്കമാന്‍ഡ് നേരത്തെതന്നെ അറിഞ്ഞിരുന്നുവെന്നാണ് സൂചന. മുതിര്‍ന്ന നേതാക്കള്‍തന്നെയാണ് ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചതെന്നാണ് വിവരം. 2016 ൽ കോൺഗ്രസ് മത്സരിച്ച മണ്ഡലങ്ങളിലാണ് സർവേ നടന്നത്. 63 മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയിക്കുമെന്നാണ് ഫലം ലഭിച്ചതെന്നാണ് സതീശന്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബഹളത്തെത്തുടർന്ന് പ്രസംഗം പൂർത്തിയാക്കാതെ സതീശൻ ഇരുന്നു. തർക്കം തെറ്റായ സന്ദേശം നൽകുമെന്നും യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും യോഗത്തില്‍ അഭിപ്രായം ഉയർന്നു.
മുഖ്യമന്ത്രി സ്ഥാന ചർച്ച ഇപ്പോൾ പാടില്ലെന്ന് പി ജെ കുര്യൻ സംസ്ഥാന നേതാക്കളെ അറിയിക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും രണ്ടുതലത്തില്‍ സഞ്ചരിക്കുകയാണെന്നും ഇത് പാര്‍ട്ടിയുടെ അടിത്തറതന്നെ തകര്‍ക്കുമെന്നും കേന്ദ്ര നേതൃത്വത്തിന് ലഭിച്ച പരാതികളിലുണ്ട്. നേതാക്കളുടെ ധാർഷ്ട്യവും കാർക്കശ്യവും അണികളെ ഉലയ്ക്കുകയാണ്. ഇതെല്ലാം പാർട്ടിയുടെ അടിത്തട്ടിൽ ഏകോപനമില്ലായ്മ സൃഷ്ടിക്കുന്നു. കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റി കേരളത്തിലെ പാര്‍ട്ടിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറിയും കേരളത്തിന്റെ ചുമതലയുമുള്ള ദീപ ദാസ് മുന്‍ഷിക്കും ഒരുവിഭാഗം നേതാക്കള്‍ കത്തയച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.