സൗമിനി ജെയിനെ മേയര്‍ സ്ഥാനത്ത് നിന്നും നീക്കത്തതിനെതിരെ കോണ്‍ഗ്രസില്‍ വനിതാ കൗൺസിലർമാരുടെ കലാപം

Web Desk
Posted on November 02, 2019, 10:16 pm

കൊച്ചി: സൗമിനി ജെയിനെ മേയര്‍ സ്ഥാനത്ത് നിന്നും നീക്കാത്തതിനെതിരെ കോണ്‍ഗ്രസില്‍ വനിതാ കൗൺസിലർമാരുടെ കലാപം. സൗമിനി ജെയിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഇവർ രംഗത്ത് വന്നത്. രണ്ടര വര്‍ഷത്തിനു ശേഷം സ്ഥാനം ഒഴിയണമെന്ന ധാരണ സൗമിനി ജെയിന്‍ തെറ്റിച്ചതായി  മുന്‍ ആരോഗ്യ കാര്യ സ്ാറ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി കെ മിനിമോളുടെ നേതൃത്വത്തില്‍ വാര്‍ത്താ സമ്മേളനം നടത്തിയ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ പറഞ്ഞു.33 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിനു ശേഷമാണ് കഴിഞ്ഞ തവണ യുഡിഎഫിന് കൊച്ചി കോര്‍പറേഷന്റെ ഭരണം ലഭിക്കന്നത്.

കോണ്‍ഗ്രസിലെ ടോണി ചമ്മണിയായിരുന്നു അന്ന് മേയര്‍ ആയിരുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് നടത്തിയ വികസന പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ്  കൊച്ചി കോര്‍പറേഷന്റെ ഭരണം വീണ്ടും യുഡിഎഫിന് ലഭിച്ചത്.ഇനിയെങ്കിലും കൂട്ടുത്തരവാദിത്വത്തോടെ എംഎല്‍എമാരെയും എംപിയെയും പാര്‍ടി നേതൃത്വത്തെയും കൂട്ടിയോജിപ്പിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമെ കാര്യമുള്ള. അതു ചെയ്യാതെ ഇരുന്നിട്ട് ഒരു കാര്യമുമില്ലെന്നും ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

മേയര്‍ സൗമിനി ജെയിനെ മാത്രം മോശക്കാരിയാക്കി മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന വാദം അടിസ്ഥാന രഹിതമാണ്.മേയറെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെയും രണ്ടര വര്‍ഷത്തിനു ശേഷം മാറ്റി പുതിയ ഭരണ സമിതി വരണമെന്ന് ധാരണയുണ്ടായിരുന്നു.ഗ്രൂപ്പിനതീതമായി ജില്ലയിലെ എല്ലാ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് ഇത്തരത്തില്‍ തീരുമാനമെടുത്തത്.ബെന്നി ബഹനാന്‍, വി ഡി സതീശന്‍, ഹൈബി ഈഡന്‍,കെ ബാബു, ടി ജെ വിനോദ്,എന്‍ വേണുഗോപാല്‍,കെ പി ധനപാലന്‍ എന്നിവര്‍ അടക്കം പങ്കെടുത്ത യോഗത്തിലാണ് ഇത്തരത്തില്‍ തീരുമാനമെടുത്തത്.

ഈ തീരുമാനം നടപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ രണ്ടരവര്‍ഷം കഴിഞ്ഞിട്ടും ഒരോരോ കാരണം പറഞ്ഞ് മേയര്‍ സ്ഥാനം ഒഴിയുന്നത് സൗമിനി ജെയിന്‍ നീട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും കൗണ്‍സിലര്‍ മാര്‍ പറഞ്ഞു.ആദ്യം പറഞ്ഞു മകളുടെ വിവാഹമാണ് അതുവരെ സാവകാശം വേണമെന്ന്.അത് കഴിഞ്ഞപ്പോള്‍ പറഞ്ഞു ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കഴിയട്ടെയെന്ന് പിന്നീട് പ്രളയംവന്നു അതിനു ശേഷം ലോക് സഭാ തിരഞ്ഞെടുപ്പും ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പും കഴിഞ്ഞു എന്നിട്ടും നേതൃമാറ്റം മാത്രം നടക്കുന്നില്ല.ഇതിനിടയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ രാഷ്ട്രീയമായി നേരിടുന്നതിനായി തങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നു പരാജയപ്പെടുത്തി.

പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിട്ടു പോലും നേതൃത്തിന്റെ തീരുമാനം തങ്ങള്‍ അംഗീകരിക്കുകയായിരുന്നു. കൊച്ചി കോര്‍പറേഷനിലെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ അംഗങ്ങളും ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമെ വികസനം സാധ്യമാകു.മേയര്‍ നേതൃത്വം നല്‍കുന്നുവെന്നു മാത്രമെയുളളു.അല്ലാതെ മേയറെ മാത്രം പുറത്താക്കുന്നുവെന്ന തരത്തില്‍ ചില കൗണ്‍സിലര്‍ മാരെ കുട്ടുപിടിച്ച്് പ്രചരണം നടത്തുന്നുണ്ട്.അത് സംഘടനാ വിരുദ്ധമാണെന്നും വി കെ മിനിമോള്‍ പറഞ്ഞു. കെപിസിസി നേതൃത്വത്തില്‍ നിന്നും അനൂകൂലമായ തീരമാനമുണ്ടാകുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്.

അതുണ്ടാകുന്നില്ലെങ്കില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ നേരില്‍ കണ്ട് ആവശ്യം ഉന്നയിക്കുമെന്നും ഇവര്‍ പറഞ്ഞു.കഴിഞ്ഞ ദിവസം രണ്ടു കൗണ്‍സിലര്‍ മാര്‍ മേയര്‍ സൗമിനി ജെയിനെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ആറു വനിതാ കൗണ്‍സിലര്‍ മാര്‍ മേയര്‍ സൗമിനി ജെയിനെതിരെ നിലപാടുമായി രംഗത്തു വന്നിരിക്കുന്നത്.ഇതോടെ മേയര്‍ സൗമിനി ജെയിനെ നീക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസില്‍ വനിതാ കൗണ്‍സിലര്‍മാര്‍ക്കിടയിലും ചേരിപ്പോര് രൂക്ഷമായിരിക്കുകയാണ്.