Monday
24 Jun 2019

കൂടുതല്‍ മുറുകുന്ന കുരുക്ക്

By: Web Desk | Saturday 9 June 2018 10:27 PM IST


modi

രേന്ദ്രമോഡി സര്‍ക്കാരിന്റെ നാലുവര്‍ഷത്തിനിടെയുള്ള ഭരണത്തില്‍ ആദ്യമായി റിസര്‍വ് ബാങ്ക് റിപ്പോനിരക്കുകള്‍ ഉയര്‍ത്തി. വികസനപ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള പ്രായോഗിക നടപടിയെന്ന വ്യാജേനയാണ് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചത്. എന്നാല്‍ ഇത് പൂര്‍ണമായ അസംബന്ധമാണ്.
മോഡി സര്‍ക്കാര്‍ കഴിഞ്ഞ നാലുവര്‍ഷമായി പിന്തുടര്‍ന്ന നയങ്ങള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയായിരുന്നു. സമ്പദ്‌വ്യവസ്ഥയുടെ എല്ലാ സൂചകങ്ങളും താഴ്ചയാണ് സൂചിപ്പിക്കുന്നത്. കണക്കില്‍ ക്രമക്കേടുകള്‍ വരുത്തുന്നതല്ലാതെ യഥാര്‍ത്ഥവികസനം ഒരു മേഖലയിലും കാണാന്‍ കഴിയില്ല. വിദേശ അക്കൗണ്ടുകളിലും മറ്റും നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരികെക്കൊണ്ടുവരിക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങ് അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ നോട്ടുപിന്‍വലിക്കല്‍ എന്ന വിനാശകരമായ തീരുമാനം കേവലം പൊള്ളയായ ഒന്നായി മാറി. മറിച്ച് നോട്ടുനിരോധനത്തിന്റെ ഭാഗമായി രാജ്യത്തെ സാധാരണ ജനങ്ങള്‍ ഇപ്പോഴും കഷ്ടപ്പെടുകയാണ്. ദേശസാല്‍കൃത ബാങ്കുകള്‍ കടക്കെണിയുടെ വക്കിലായി. ബാങ്കുകള്‍ക്ക് നിലനില്‍ക്കാന്‍ നിക്ഷേപങ്ങള്‍, പിന്‍വലിക്കലുകള്‍ എന്നിവയ്ക്കുപോലും സാധാരണക്കാരനില്‍ നിന്നും നികുതി ഈടാക്കുന്നു.
റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചതിന്റെ പിന്നിലും ഒരു തന്ത്രമുണ്ട്. ജനങ്ങളെ കടക്കെണിയിലാക്കാന്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചില്ല. സമൂഹത്തിലെ ഇടത്തരം ജനവിഭാഗത്തെ രൂക്ഷമായ കടക്കെണിയില്‍പ്പെടുത്തുക എന്നതാണ് ഈ തന്ത്രത്തിന്റെയൊക്കെ പിന്നിലുള്ളത്. ഭവനവായ്പകള്‍, വാഹനവായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍ എന്നിവയെ സംബന്ധിച്ചൊക്കെ പ്രചരണങ്ങള്‍ നടത്തി ജനങ്ങളെ കടക്കെണിയില്‍പ്പെടുത്തി. നവഉദാരവല്‍ക്കരണത്തിന്റെ അടിസ്ഥാനം തന്നെ കടക്കെണിയാണ്. ആഗോള സാമ്പത്തിക കുത്തകകള്‍ മുന്നോട്ടുവയ്ക്കുന്ന ഒരു സൂത്രവാക്യമാണ് ഈ കടക്കെണി. ഉല്‍പ്പാദനമേഖലയില്‍ നിക്ഷേപിക്കാതെ കൂടുതല്‍ ലാഭം നേടുകയാണ് ആഗോള കുത്തകകള്‍ ചെയ്യുന്നത്. ഇതിനെ മാഹാജനിപഞ്ജി (പലിശ നേടുന്നതിന് മൂലധനം നിക്ഷേപിക്കുക) എന്നാണ് ഹിന്ദിയില്‍ പറയുന്നത്. ഇതുതന്നെയാണ് കഴിഞ്ഞ നാലുവര്‍ഷത്തിനിടെ റിസര്‍വ് ബാങ്ക് വളരെ വിജയകരമായി നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി മുന്‍കാല പ്രാബല്യത്തോടെ പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചു. 2008-ല്‍ അമേരിക്കയിലെ ജനങ്ങള്‍ അനുഭവിച്ചതുപോലുള്ള കഷ്ടതകളും ദുരിതങ്ങളുമായിരിക്കും ഇന്ത്യയിലെ ജനങ്ങളും നേരിടുന്നത്. വായ്പയെടുത്ത് വാങ്ങിയ വസ്തുക്കള്‍ ലോണ്‍ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് കണ്ടുകെട്ടുന്ന അവസ്ഥയുണ്ടാകും. ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടും. തങ്ങളെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെയുള്ള കര്‍ഷകരുടെ പരിതാപകരമായ അവസ്ഥപോലെയായിരിക്കും മറ്റ് ജനവിഭാഗങ്ങള്‍ക്കും ഉണ്ടാകാന്‍ പോകുന്നത്. 2008നു ശേഷം അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും സംഭവിച്ചത് ഇതാണ്. ഇന്ത്യയിലും സമാന അവസ്ഥയായിരിക്കും ഇനിമുതല്‍ ഉണ്ടാകുന്നത്.
പണപ്പെരുപ്പവുമായി ബന്ധപ്പെട്ട പ്രവചനങ്ങളാണ് ഏറെ അലോസരപ്പെടുത്തുന്ന മറ്റൊരുകാര്യം. തെറ്റിദ്ധരിപ്പിക്കുന്ന സാങ്കേതിക വിദ്യകളെ അവലംബിച്ച് ജനങ്ങള്‍ കൂടുതല്‍ മുണ്ടുമുറുക്കിക്കെട്ടേണ്ട അവസ്ഥയുണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുമെന്നും ഇവര്‍ പറയുന്നു.
സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പേരില്‍ നവഉദാരവല്‍ക്കരണ നയങ്ങള്‍ അപ്പാടെ മോഡി സര്‍ക്കാര്‍ വിഴുങ്ങി. വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളോ ശ്രമങ്ങളോ ഉണ്ടാകുന്നില്ല. ലോക വ്യാപാര സംഘടനയുമായുള്ള കരാറുകളുടെയും കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളുടെയും ഭാഗമായി മുന്‍കാലങ്ങളില്‍ ഇല്ലാത്തവിധം വിലക്കയറ്റം രൂക്ഷമാകുന്നു. അനാവശ്യമായ ഇറക്കുമതി, എന്നാല്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതിക്കുള്ള വിലക്ക് ഇതൊക്കെത്തന്നെ ഇരുതലയുള്ള വാളാണ്. ഒരുവശത്ത് കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില നിഷേധിക്കുമ്പോള്‍ ഉപഭോക്താക്കളുടെ മേല്‍ വിലക്കയറ്റം അടിച്ചേല്‍പ്പിക്കുന്നു. മുന്‍കാലങ്ങളില്‍ കേന്ദ്രം ഭരിച്ചിരുന്നവരും ഇപ്പോഴത്തെ സര്‍ക്കാരും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ വിലക്കയറ്റത്തെ ന്യായീകരിക്കുന്നു.
ആര്‍ബിഐ ഇപ്പോള്‍ പ്രഖ്യാപിച്ച നയങ്ങളും തികച്ചും വിഫലമായ വ്യായാമങ്ങള്‍ മാത്രമാണ്. ക്രൂഡോയിലിന്റെ വില വര്‍ധിച്ചതും വിനിമയനിരക്കിലുണ്ടായ വ്യതിയാനങ്ങളും പണപ്പെരുപ്പത്തിന്റെ തോത് വര്‍ധിപ്പിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. ഇതും അസംബന്ധമാണ്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില 2014ല്‍ ഉണ്ടായിരുന്നതിനെക്കാള്‍ പകുതിയായി തുടരുമ്പോഴും കഴിഞ്ഞ 16 ദിവസം തുടര്‍ച്ചയായി രാജ്യത്ത് എണ്ണവില വര്‍ധിപ്പിച്ചു. ഇതിനുള്ള കാരണം വ്യക്തമായി പറയാന്‍ സര്‍ക്കാരിനാകുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മുഖ്യമായ വരുമാനങ്ങളില്‍ ഒന്നാണ് ഇന്ധനനികുതിയെന്ന് ചില മന്ത്രിമാരെങ്കിലും പരോക്ഷമായി സമ്മതിക്കുന്നു. ഇന്ധനവില കുറയ്ക്കുകയെന്നത് വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ഇവര്‍ പറയുന്നു. വികസനത്തിന്റെ പേരില്‍ സാധാരണ ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍ ഇതിന്റെ നേട്ടം കോര്‍പ്പറേറ്റുകള്‍ക്കും അവരുടെ ഉപകമ്പനികള്‍ക്കുമായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇന്ധനവില വര്‍ധനയ്ക്ക് തികച്ചും ബഹുമുഖ സ്വാധീനമുണ്ട്. ഇന്ധന വിലവര്‍ധനയുടെ ഭാഗമായി ഗതാഗത കൂലി വര്‍ധിക്കുന്നു. ഇത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. ചരക്കുസേവനനികുതി നടപ്പാക്കിയപ്പോള്‍ സര്‍ക്കാരെടുത്ത അതേ തന്ത്രമാണ് ഇന്ധനവിലയുടെ കാര്യത്തിലും സ്വീകരിക്കുന്നത്. എല്ലാ ഇന്ത്യക്കാരനും നല്‍കേണ്ട ഒരു പരോക്ഷ നികുതിയാണ് ജിഎസ്ടി. ചരക്കുസേവന നികുതി നടപ്പാക്കിയതോടെ സാധാരണക്കാരന്റെമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കപ്പെട്ടു. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പ്രത്യക്ഷ നികുതി കുറച്ചുവെന്ന് മാത്രമല്ല സമ്പന്നര്‍ക്ക് നേട്ടം കിട്ടുന്നതിനായി ഫണ്ടുകള്‍ അനുവദിച്ചു. നിഷ്‌ക്രിയ ആസ്തികള്‍ എഴുതിത്തള്ളി. എന്നാല്‍ ഈ എഴുതിത്തള്ളിയ വായ്പകളെല്ലാംതന്നെ സമ്പന്നര്‍ വാങ്ങി തിരിച്ചടയ്ക്കാത്തവയാണ്.