ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തില്‍ നാണംകെട്ട തോല്‍വിയാണ് ടീം ഇന്ത്യ ഏറ്റ് വാങ്ങിയത്. അതേസമയം മത്സരത്തിനിടെ ഓസീസ് ഫാസ്റ്റ് ബൗളര്‍ പാറ്റ് കമിന്‍സിന്റെ പന്ത് ഹെല്‍മറ്റിലിടിച്ച് പരുക്കേറ്റ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് രാജ്കോട്ടിലേക്കു പോകുന്ന ഇന്ത്യന്‍ സംഘത്തിനൊപ്പം ഉണ്ടാകില്ലെന്ന് ബിസിസിഐ അറിയിച്ചു.
പന്തിനെ കൂടുതല്‍ സമയം നിരീക്ഷണത്തില്‍ വയ്ക്കുന്നതിനാലാണ് താരത്തിന്റെ യാത്ര നീട്ടിയതെന്നാണ വിശദീകരണം. രണ്ടാം ഏകദിനത്തില്‍ പന്തിനു കളിക്കാനാകുമോ എന്ന കാര്യത്തിലും ഇനിയും വ്യക്തത വന്നിട്ടുമില്ല. ആദ്യ മത്സരത്തില്‍ റൃഷഭ് പന്തിന് പകരം കെ എല്‍ രാഹുലാണ് ഗ്ലൗസണിഞ്ഞത്.
പന്ത് ഹെല്മറ്റിലിടിച്ചതിന്റെ ആഘാതത്തില്‍നിന്ന് റൃഷഭ് പന്ത് ഇതുവരെ പൂര്‍ണമായും മോചിതനായിട്ടില്ല. അതുകൊണ്ടാണ് താരത്തെ സമ്പൂര്‍ണ നിരീക്ഷണത്തിനു വിധേയനാക്കുന്നത്. പന്ത് ടീമിനൊപ്പം രാജ്കോട്ടിലേക്കു പോയില്ലെങ്കിലും പിന്നീട് ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
ഈ സാഹചര്യത്തില്‍ രണ്ടാം ഏകദിനത്തില്‍ പന്തിന് കളത്തിലിറങ്ങാനായില്ലായെങ്കില് പകരം ആരാകും എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്. ഇവിടെയും കൂടുതല്‍ സാധ്യതയുള്ളത് കെ എല്‍ രാഹുലിന് തന്നെയാണ്. ഇതിലൂടെ കഴിഞ്ഞ മത്സരത്തില്‍ പൊസിഷനില്‍ വന്ന മാറ്റങ്ങള്‍ പഴയപടിയാക്കാമെന്ന പ്രത്യേകതയും ഉണ്ട്. കഴിഞ്ഞ മത്സരത്തില്‍ കോലി നാലാം നമ്പറിസും ശ്രേയസ് അയ്യര്‍ അഞ്ചാം നമ്പറിലുമാണ് ബാറ്റ് ചെയ്തത്. സ്ഥിരം പൊസിഷനില്‍ നിന്നുള്ള ഈ മാറ്റം ഇരുവരുടെയും പ്രകടനത്തെ സാരമായി ബാധിച്ചതായും കാണാന്‍ കഴിഞ്ഞു. ഈ സാഹചര്യത്തില്‍ രാഹുല്‍ കീപ്പറാകുന്നതിലൂടെ കോലി, ശ്രേയസ് എന്നിവര്‍ക്ക് യഥാക്രമം മൂന്ന് നാല് പൊസിഷനുകളില്‍ ബാറ്റ് ചെയ്യാന്‍ കഴിയും.
ശേഷം രാഹുലിന് അഞ്ചാം നമ്പറില്‍ കളിക്കാം. കൂടാതെ കേദാര്‍ ജാദവിനെയോ ശിവം ദുബെയേയോ ടീമില്‍ ഉള്‍പ്പെടുത്താനുമാകും. അതുകൊണ്ട് തന്നെ രാഹുലിനെ വിക്കറ്റ് കീപ്പറാക്കാന്‍ തന്നെയാകും ടീം ഇന്ത്യ തീരുമാനിക്കുക. ആദ്യ മത്സരത്തില്‍ കങ്കാരുപ്പടയക്ക് മുന്നില്‍ കാഴ്ച്ചക്കാരായ ഇന്ത്യന്‍ ബൗളിംഗ് നിരയിലും മാറ്റം വരാനാണ് സാധ്യതളേറെ. ഷാര്‍ദുല്‍ താക്കൂറിനു പകരം നവ്ദീപ് സെയ്നിയെ രണ്ടാം മത്സരത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്തായാലും ആദ്യ മത്സരത്തിലെ നാണക്കേടില്‍ നിന്ന് കരകയറാനുള്ള ആയുധങ്ങളുമായായിരിക്കും രാജ്കോട്ടില്‍ കോലിപ്പടയിറങ്ങുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.