Site iconSite icon Janayugom Online

റിഷി സുനകിന്റെ വിജയവും ഇന്ത്യക്കാരുടെ വംശബോധവും

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇന്ത്യയിൽ കുറേയാളുകൾക്ക് വംശീയ രോമാഞ്ചമുണ്ടായതായി കാണുന്നു. സ്വന്തം നാട്ടുകാർക്ക് സ്ഥാനലബ്ധിയോ പുരസ്കാരങ്ങളോ ലഭിക്കുമ്പോഴുണ്ടാകുന്ന നിഷ്കളങ്കാനന്ദമായി മാത്രം ഇതിനെ കാണാൻ കഴിയില്ല. ഇന്ത്യക്കാർക്ക് നൊബേൽ സമ്മാനമോ ബുക്കർ പ്രൈസോ കിട്ടുമ്പോൾപോലും ഇതിൽ പലരും ഇത്രയധികം അർമാദിക്കുന്നത് കണ്ടിട്ടില്ല. “ചരിത്രത്തിന്റെ കാവ്യനീതി” എന്നുള്ള സുന്ദര പ്രയോഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ആവേശ കമ്മറ്റിക്കാർ പ്രചരിപ്പിക്കുന്നത്. ഈ ആവേശത്തിന് കാരണമെന്താണ് ? റിഷിയുടെ അപ്പുപ്പന്റെ അപ്പുപ്പൻ ഭാരതീയനായത് കൊണ്ടാണത്രേ ഇവർ രോമാഞ്ചകഞ്ചുകം എടുത്തണിയുന്നത്. പേരിലൊരു ‘ഋഷി‘യുമുണ്ടല്ലോ! ഗോപൂജയും നടത്തുന്നു. ആനന്ദലബ്ധിക്കിനിയെന്ത് വേണം? വെള്ളക്കാർക്ക് മാപ്പെഴുതിക്കൊടുത്തവരുടെയും അവർക്കെതിരെ ഒരു കരിങ്കൽ ചീള് പോലും എടുത്തെറിയാൻ ശ്രമിക്കാത്തവരുടേയും പിൻഗാമികളാണ് ഈ രോമാഞ്ചിതരുടെ മുന്നിലുള്ളത്. റിഷി സുനകിന്റെ അച്ഛനോ അമ്മയോ ഇന്ത്യൻ പൗരന്മാരായിരുന്നില്ല. മാതാവിന്റെയും പിതാവിന്റെയും പൗരത്വ സർട്ടിഫിക്കറ്റ് നോക്കി ഇന്ത്യൻ പൗരത്വം നിഷേധിക്കാനുള്ള പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ കൊടുത്തവരാണ് രോമാഞ്ച ടീപ്പാർട്ടിയിൽ പങ്കാളികളാകുന്ന പലരും.

ഈ പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി, ഭാരത രാജ്യത്തെ ബ്രിട്ടീഷ് സാമ്രാജ്യത്വം അതിനീചമായി അടിമയാക്കി വച്ചതിനെതിരായി ഇതുവരെ ഒരു പ്രസ്താവനയെങ്കിലും ഇറക്കിയതായി ആരുടെയും ശ്രദ്ധയിൽ പെട്ടിട്ടില്ല. ബ്രിട്ടീഷുകാർ കടൽ കടത്തിക്കൊണ്ടുപോയ നമ്മുടെ നാടിന്റെ ഈടുവയ്പുകളായ അമൂല്യവസ്തുക്കൾ തിരിച്ചുകൊടുക്കണമെന്ന് ഇതുവരെ ബ്രിട്ടീഷ് പാർലമെന്റിൽ ആവശ്യപ്പെട്ടിട്ടില്ല. നവലിബറൽ നയങ്ങളും കമ്പോള ഭരണവും ഉണ്ടാക്കിയ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലയുകയായിരുന്നു ഏറെക്കാലമായി യുണൈറ്റഡ് കിങ്ഡം. യൂറോപ്യൻ നാണയമായ “യൂറോ” ആണ് എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്നാരോപിച്ച് യൂറോപ്യൻ യൂണിയനിൽ നിന്നും “യൂറോ“യിൽ നിന്നും പുറത്ത് കടന്ന് പൗണ്ടിനെ തിരിച്ചു കൊണ്ടുവന്നാൽ രക്ഷപ്പെടുമെന്ന് പ്രചരിപ്പിച്ച് ബ്രക്സിറ്റ് രാഷ്ട്രീയം കളിച്ച ബോറിസ് ജോൺസന്റെ പരിശ്രമം താൽക്കാലികമായിരുന്നു. അവിടെയിപ്പോൾ വിലക്കയറ്റം രൂക്ഷമാകുന്നു. ഉക്രെയ്ൻ അനുകൂല നിലപാടിന്റെ പേരിൽ റഷ്യൻ ഉപരോധത്താൽ ഇന്ധന ക്ഷാമം രൂക്ഷമാണ്. തൊഴിലില്ലായ്മ പെരുകുന്നു. കുറ്റകൃത്യങ്ങൾ പെരുകുന്നു. ലക്ഷക്കണക്കിനാളുകൾ തെരുവിൽ അന്തിയുറങ്ങുന്നു. അതിനിടയിൽ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ ജനം തെരുവിലിറങ്ങി. രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് റയിൽവേ ജീവനക്കാർ നടത്തിയത്. തുടക്കത്തിൽ ലണ്ടൻ മെട്രോ സ്തംഭിച്ചു. പിന്നീട് ട്രയിൻ ഗതാഗതം പൂർണമായും നിലച്ചു.


ഇതുകൂടി വായിക്കൂ:  നാണം കെടുത്തരുത് രാജ്യത്തെ 


സ്വകാര്യവല്ക്കരണത്തിന് ഇടവേള നല്കാൻ ഭരണകൂടം നിർബന്ധിതരായി. റിഷി സുനക് നേരിടാൻ പോകുന്ന ഈ വെല്ലുവിളികളിലൊന്നും വംശസ്നേഹികൾക്ക് ആശങ്കയില്ല. പിന്നെ എന്താണ് ഈ സുനകനോട് ദേശസ്നേഹം തലയ്ക്ക് പിടിച്ചവർക്ക് ഇത്രത്തോളം ഇഷ്ടം തോന്നാൻ കാരണം? സത്യാനന്തര യുഗത്തിൽ പുനരുത്ഥാനം നടത്തിക്കൊണ്ടിരിക്കുന്ന വംശ, വർണ ബോധമാണ് ഇതിന്റെ അടിത്തറയിലുള്ളത്. സത്യത്തിൽ ഭാരതസംസ്കാരം സങ്കുചിത വംശബോധത്തിന്റെയോ സങ്കുചിത ദേശീയബോധത്തിന്റെയോ അടിത്തറയിലുണ്ടായതല്ല. “വസുധൈവ കുടുംബകം” എന്ന മന്ത്രം ചൊല്ലുന്ന നമ്മുടെ പാരമ്പര്യം മറ്റൊരു ദേശത്തോ വംശത്തിലോ ജനിച്ച ഒരാളെ അന്യനായി കാണാതെ വിശ്വപൗരത്വത്തിന്റെ അടിത്തറയിൽ ഉയർന്നു വന്നതാണ്. ഇന്ത്യ സംഭാവന ചെയ്ത വിശ്വനേതാക്കന്മാരായ വിവേകാനന്ദനും, ടാഗോറും, ഗാന്ധിയും, വി കെ കൃഷ്ണമേനോനും, അബ്ദുൾ കലാമും ഒന്നും തന്നെ സങ്കുചിത വംശബോധമോ ദേശീയബോധമോ ഇല്ലാത്തവരായിരുന്നു. മെസപ്പട്ടോമിയയിൽ നിന്ന് വന്ന ആര്യ വംശജാതൻ ഇന്ത്യൻ പ്രധാനമന്ത്രിയായെന്ന് പറഞ്ഞ് ഇറാഖുകാർ രോമാഞ്ചംകൊണ്ടിരുന്നോ? ദ്രൗപദി മുർമു, കെ ആർ നാരായണൻ തുടങ്ങിയവരുടെ വംശത്തിന്റെ വേരുകളന്വേഷിച്ച് പോയാൽ ഭൂമി ശാസ്ത്രത്തിലെ “ഫലക ചലനസിദ്ധാന്ത” പ്രകാരം ഇന്ത്യയും ആഫ്രിക്കയും ഒറ്റ വൻകരയായിരുന്ന കാലത്തെ ആഫ്രിക്കൻ ഗോത്ര സമൂഹത്തിലെത്തിച്ചേരും. മേല്‍പ്പറഞ്ഞവർ ഇന്ത്യൻ പ്രസിന്റായപ്പോൾ ഇത് ചരിത്രത്തിന്റെ കാവ്യനീതിയെന്ന് ആഫ്രിക്കക്കാർ പറയുന്നത് എന്തൊരു മൂഢത്വമാണ്.

ബാരക് ഒബാമ എന്ന മുസ്‌ലിം നാമധാരി അമേരിക്കൻ പ്രസിഡന്റായപ്പോൾ ഗൾഫ് യുദ്ധത്തിന്റെ തിരിച്ചടിയുടെ കാവ്യനീതിയാണെന്ന് മുസ്‌ലിങ്ങൾ പ്രതികരിക്കുന്നത് എത്രത്തോളം ബാലിശമായിരിക്കും എന്ന് ചിന്തിക്കുക. പാകിസ്ഥാനിൽ വേരുകളുള്ളതിന്റെ പേരിൽ എൽ കെ അഡ്വാനിയോട് ഭാരതീയർ എന്തെങ്കിലും അകൽച്ച കാണിക്കുകയോ പാകിസ്ഥാൻകാർ എന്തെങ്കിലും അടുപ്പം കാണിക്കുകയോ ചെയ്തിരുന്നോ? ആര്യൻമാരും വെള്ളക്കാരുമാണ് വംശീയ വിദ്വേഷവും വർണവെറിയും ലോകത്ത് പ്രചരിപ്പിച്ചത്. ഹിറ്റ്ലർ പടർത്തി വിട്ട വിദ്വേഷവികാരം ജർമ്മനി എന്ന രാജ്യത്തിന്റെ പേരിലായിരുന്നില്ല, സ്വസ്തിക് ചിഹ്നത്തിന്റെ ഉടമകളായ ആര്യവംശത്തിന്റെ പേരിലായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരം വംശീയ വിദ്വേഷത്തിന്റെ പേരിലായിരുന്നില്ല. സാമ്രാജ്യത്വ ചൂഷണത്തിനെതിരായിട്ടായിരുന്നു. ബ്രിട്ടീഷുകാരോട് ഇന്ത്യക്കാർക്ക് വിരോധമുണ്ടാകുന്നത് ഇന്ത്യയെ ചൂഷണം ചെയ്യുന്ന ഒരു രാഷ്ട്രം എന്ന നിലയ്ക്ക് മാത്രമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കുന്നതിൽ നേതൃത്വം വഹിച്ച എ ഒ ഹ്യൂമും ആനിബസന്റും വെള്ളക്കാരായിരുന്നു. അവരോട് വർണവിവേചനത്തിന്റെ പേരിൽ ഏതെങ്കിലും ഇന്ത്യക്കാർക്ക് വെറുപ്പുണ്ടായിരുന്നോ? വംശീയമായ വേരുകളന്വേഷിച്ച് പോയാൽ മനുഷ്യവംശം പുറപ്പെട്ട നിയാണ്ടർതാൾ മനുഷ്യരധിവസിച്ചിരുന്ന ആഫ്രിക്കയോടായിരിക്കണം നമുക്ക് അടുപ്പം വേണ്ടത്. ഭൂമിയിലെ എല്ലാ രാജ്യക്കാരും പലയിടങ്ങളിൽ നിന്ന് പല പല സങ്കരങ്ങളിലൂടെ കടന്നുവന്നവരാണ്. അതിന്റെയെല്ലാം വേരുകൾ പറിച്ച് പുറത്തിടാൻ തുടങ്ങിയാൽ ഒരു ചെടിയും ബാക്കിയുണ്ടാവില്ല. ഒടുവിൽ എത്തിച്ചേരുന്നത് വംശീയ സങ്കരമില്ലാതിരിക്കാൻ സ്വന്തം കുടുംബത്തിൽ നിന്ന് മാത്രം വിവാഹം കഴിച്ചിരുന്ന ഈജിപ്ഷ്യൻ രാജാക്കന്മാരായ ഫറവോമാരുടെ പ്രാകൃത ജീവിത രീതിയിലായിരിക്കും. സോണിയാഗാന്ധി ഇറ്റാലിയൻ സംസ്കാരത്തിലും മതവിശ്വാസത്തിലും തുടർന്നിരുന്നുവെങ്കിൽ അത് ഭയങ്കര പാപവും, റിഷി സുനക് ഇന്ത്യൻ പേരും ഇന്ത്യൻ സംസ്കാരവും പിൻതുടർന്നാൽ അത് മഹത്തരവുമാകുന്നത് ഇരട്ടത്താപ്പാണ്. ഇങ്ങനെ പുറപ്പെട്ടാൽ ശശി തരൂർ എഐസിസി പ്രസിഡന്റായാൽ നായന്മാർക്ക് മാത്രമായും എ കെ ആന്റണി പ്രസിഡന്റായാൽ ക്രിസ്ത്യാനികൾക്ക് മാത്രമായും അഭിമാനം തോന്നുന്ന കാലത്തിലേക്ക് നമ്മൾ അധഃപതിക്കും. “ഓർത്താലൊരൊറ്റത്തറവാട്ടുകാർ നാം” എന്ന ഉള്ളൂരിന്റെ വരികളോർക്കുക നാം.

Exit mobile version