ഉപദേശങ്ങള്‍ സ്വീകരിക്കുന്നില്ല, പക്ഷെ സംഭവിച്ചത് തിരുത്താനാകാത്ത തെറ്റ്; കുറ്റപ്പെടുത്തുകയല്ല ഇത് യുവ തലമുറയ്ക്ക് ഒരു മുന്നറിയിപ്പ്‌

Web Desk
Posted on September 28, 2019, 4:42 pm

തുടക്കത്തില്‍ തന്നെ പറയാലോ… ഉപദേശിക്കുകയല്ല, ചില സത്യാവസ്ഥകള്‍ ചൂണ്ടിക്കാട്ടുകയാണ്. ഡ്യൂക്കിലും ആര്‍വണ്‍ഫൈവിലും ചീറി പാഞ്ഞ് നടക്കുന്ന നമ്മുടെ യുവതലമുറ അറിയാന്‍. അഭ്യാസപ്രകടനങ്ങള്‍ നടത്തി സോഷ്യല്‍ മീഡിയയില്‍ ലൈക്കുകളും കമന്റുകളും വാങ്ങിക്കുമ്പോള്‍ എന്തെല്ലാമോ നേടിയെന്ന മട്ടിലാണ്. എത്രയൊക്കെ സംഭവങ്ങള്‍ കണ്‍മുന്നില്‍ നടന്നാലും അതില്‍ നിന്നൊന്നും മനസ്സിലാക്കാതെ പിന്നെയും പിന്നെയും അത് തന്നെ ആവര്‍ത്തിക്കും. അതിനുള്ള ഉത്തമ ഉദാഹരണമാണ് വര്‍ദ്ധിച്ച് വരുന്ന ബൈക്കപകടങ്ങള്‍. ബൈക്ക് റൈസിംഗിനോടും ബൈക്കിനോടുമുള്ള അതിരുകടന്ന ഭ്രമം അവരെക്കൊണ്ടെത്തിക്കുന്നതാകട്ടെ, മരണത്തിലും.

ഈയിടെ ബൈക്കപകടത്തില്‍ മരണപ്പെട്ട ഇരുപത്തിയൊന്നുകാരന്‍ ശ്രീരാഗ് അലസമായ ലോകത്തിന് നല്‍കുന്നത് ഒരു പാഠമാണ്. അവന്റെ പ്രൊഫൈല്‍ പിക്ചറായി ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുന്ന ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ ഇട്ടിരിക്കുന്നത് ’ ഉപദേശങ്ങള്‍ സ്വീകരിക്കുന്നതല്ല, എന്റെ വണ്ടിക്കൊണ്ട് ഞാന്‍ എന്തും കളിക്കും. ആരും എന്നെ ഉപദേശിക്കാന്‍ വരണ്ട എന്നാണ്. ഇതില്‍ നിന്നും ആ ചെറുപ്പക്കാരന്‍ നല്‍കുന്നത് വലിയൊരു പാഠമാണ്. യുവതലമുറയ്ക്ക് അവരെ ഉപദേശിക്കുന്നത് ഇഷ്ടമേ അല്ലാത്ത കാര്യമാണ്. അനുഭനവത്തിലൂടെ പഠിക്കട്ടേ എന്ന് വിചാരിച്ചാല്‍ പഠിച്ചോ എന്ന് ചോദിക്കാന്‍ പീന്നീട് അവന്‍ ഉണ്ടായെന്ന് വരില്ല. അവനെ നിരുത്സാഹപ്പെടുത്തുന്നതിന് പകരം എല്ലാവരും അവനെ പ്രോത്സാഹിപ്പിച്ചു. ശേഷം നഷ്ടം സംഭവിച്ചതോ അവനും അവന്റെ കുടുംബത്തിനും മാത്രം.

ഒരുപാട് ഉയരങ്ങളിലേയ്ക്ക് പറക്കേണ്ട ജീവിതമാണ് ഒരു നിമിഷത്തെ എടുത്ത് ചാട്ടത്തില്‍ പൊലിഞ്ഞു പോകുന്നത്. സ്വന്തം ജീവിതത്തെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ ചിന്തിക്കാതെ ഏതോ മായാ ലോകത്തിലെന്ന പോലെ ജീവിച്ചു പോകുകയാണ് അവര്‍. ശ്രീരാഗ് എന്നത് ഒരു കൂട്ടം യുവതലമുറയുടെ ഉദാഹരണമാണ്. ജീവിതം അറിയും മുമ്പ് കൊഴിഞ്ഞു വീഴേണ്ടി വന്ന് ഓരോ ജീവനും ഉത്തരവാദികള്‍ അവരുടെ എടുത്ത് ചാട്ടങ്ങള്‍ക്ക് അറിഞ്ഞോ അറിയാതെയോ പ്രോത്സാഹനം നല്‍കിയവര്‍ തന്നെയാണ്.