June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

വാക്സിന്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും ഡെല്‍റ്റ വകഭേദം ബാധിക്കാനുള്ള സാധ്യത ഒരുപോലെ; ഐസിഎംആര്‍

By Janayugom Webdesk
August 19, 2021

വാക്സിന്‍ സ്വീകരിക്കാത്തവരിലും വാക്സിനെടുത്തവരിലും ഡെല്‍റ്റ വകഭേദം ബാധിക്കാനുള്ള സാധ്യത ഒരുപോലെയാണെന്ന് ഐസിഎംആര്‍. എന്നാല്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡ് ബാധിച്ചാലും രോഗം ഗുരുതരമാകുന്നതിനും മരണത്തിനുമുള്ള സാധ്യത കുറയുന്നുവെന്ന് ഐസിഎംആര്‍ ചെന്നൈയില്‍ നടത്തിയ പഠനം കണ്ടെത്തി.

കോവിഡ് ബാധിതരായ വ്യക്തികളില്‍ നടത്തിയ പഠനത്തില്‍ പങ്കെടുത്തവരില്‍ 113 പേര്‍ രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവരും 241 പേര്‍ ഒരു ഡോസ് വാക്സിനെടുത്തവരും 185 പേര്‍ വാക്സിനേഷന്‍ നടത്താത്തവരുമായിരുന്നു. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരില്‍ 74.3 ശതമാനം പേര്‍ക്കും ഡെല്‍റ്റ വകഭേദം ബാധിച്ചുവെന്ന് കണ്ടെത്തി. ഒരു ഡോസ് സ്വീകരിച്ചവരില്‍ 68.1 ശതമാനം പേര്‍ക്കും വാക്സിനെടുക്കാത്തവരില്‍ 72.4 ശതമാനം പേര്‍ക്കും ഡെല്‍റ്റ വകഭേദം ബാധിച്ചു.

എന്നാല്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരില്‍ 6.7 ശതമാനം പേര്‍ക്ക് മാത്രമാണ് രോഗം ഗുരുതരമാകുന്ന സ്ഥിതിയുണ്ടായതെന്ന് പഠനം വ്യക്തമാക്കുന്നു. ഇവരില്‍ ആരും മരണപ്പെടുന്ന സ്ഥിതിയുണ്ടായില്ല. അതേസമയം വാക്സിനെടുക്കാത്തവരില്‍ 19.3 ശതമാനം പേര്‍ക്ക് അസുഖം മൂര്‍ച്ഛിക്കുന്ന സ്ഥിതിയുണ്ടായി. നാല് ശതമാനം പേര്‍ രോഗബാധയെത്തുടര്‍ന്ന് മരണപ്പെടുകയുണ്ടായെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.

കോവിഡ് 19 വാക്സിനുകള്‍ ഡെല്‍റ്റ വകഭേദത്തിനെതിരെയും ഫലപ്രദമാണെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഗഗന്‍ദീപ് കാങ് ബുധനാഴ്ച ഒരു വാര്‍ത്താ ചാനലിന്റെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബൂസ്റ്റര്‍ ഡോസിനുവേണ്ടി തിരക്കുകൂട്ടേണ്ട ആവശ്യമില്ലെന്നും ഗഗന്‍ദീപ് അറിയിച്ചു.

ഓഗസ്റ്റ് 13 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 53 കോടി പേര്‍ വാക്സിന്‍ സ്വീകരിച്ചതില്‍ 2.6 ലക്ഷം പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. ഇവയില്‍ 86 ശതമാനം ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനുകളിലും തീവ്രവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വകഭേദമാണ് കാരണമെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ആദ്യമായി ഇന്ത്യയില്‍ കണ്ടെത്തുകയും പിന്നീട് ലോകമൊട്ടാകെ വ്യാപിക്കുകയും ചെയ്ത മാരക ശേഷിയുള്ള വകഭേദമാണ് ഡെല്‍റ്റ.

ഐസിഎംആറിന്റെ കണ്ടെത്തലിന് സമാനമായതാണ് യുകെയില്‍ നിന്നുള്ള പുതിയ കണക്കുകളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രജ്ഞരുടെ വിലയിരുത്തലുകളും. കോവിഡ് രോഗത്തിനെതിരെയുള്ള സമൂഹത്തിന് ആര്‍ജിത പ്രതിരോധശേഷി ലഭിക്കുമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവുകയുമാണ് ഈ കണ്ടെത്തലുകള്‍.

അതേസമയം, കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവരില്‍ വൈറസിന്റെ ആല്‍ഫ വകഭേദം ബാധിക്കുന്നതും പ്രതീക്ഷിച്ചതിനെക്കാള്‍ അധികമെന്ന് ജര്‍മ്മനിയിലെ പുതിയ പഠനം വ്യക്തമാക്കുന്നു. ഫൈസര്‍ വാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.