തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ്; എതിര്‍പ്പുമായി ബിജെപി സംസ്ഥാന ഘടകം

Web Desk
Posted on June 03, 2019, 9:13 am

തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെ മോശം പ്രകടനത്തില്‍ ബിജെപിക്ക് നിരാശ

ടി കെ അനില്‍കുമാര്‍

ആലപ്പുഴ: ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കാനുള്ള നീക്കത്തില്‍ എതിര്‍പ്പുമായി ബിജെപി സംസ്ഥാന ഘടകം. മന്ത്രിസഭാ വികസനത്തിന് മുമ്പ് തന്നെ ഒരു രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യം ബിഡിജെഎസ് സംസ്ഥാന ഘടകം മുന്നോട്ട് വെച്ചിരുന്നു. ഇത് പരിഗണിക്കാമെന്ന് ബിജെപി കേന്ദ്രനേതൃത്വം ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോശം പ്രകടനം കാഴ്ചവെച്ച ബിഡിജെഎസിന് രാജ്യസഭാ സീറ്റ് നല്‍കരുതെന്നാണ് സംസ്ഥാന നേതാക്കളുടെ അഭിപ്രായം. വയനാട്ടില്‍ മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള നാല് ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടമായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് കഴിഞ്ഞ തവണ എന്‍ഡിഎ യ്ക്ക് ലഭിച്ച വോട്ട് പോലും കിട്ടിയില്ല. 70,000 ഓളം വോട്ട് മാത്രമാണ് അദ്ദേഹത്തിന് ആകെ ലഭിച്ചത്. മറ്റ് മണ്ഡലങ്ങളായ ഇടുക്കി, ആലത്തൂര്‍, മാവേലിക്കര എന്നിവിടങ്ങളിലും ബിഡിജെഎസിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായില്ല. മാവേലിക്കരയിലെ സ്ഥാനാര്‍ഥി തഴവ സഹദേവന് മാത്രമാണ് കുറച്ചെങ്കിലും പിടിച്ചുനില്‍ക്കാനായത്.
ബിഡിജെഎസ്, എന്‍ഡിഎയുടെ ഭാഗമായ ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ സാമാന്യം മികച്ച പ്രകടനം പോലും കാഴ്ചവെയ്ക്കാന്‍ കഴിയാഞ്ഞത് ബിജെപി കേന്ദ്രങ്ങളെ നിരാശരാക്കി. പല സ്ഥലങ്ങളിലും ബിഡിജെഎസ് നേതാക്കളും പ്രവര്‍ത്തകരും നിര്‍ജീവമായിരുന്നു എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ബിഡിജെഎസ് സഹായിച്ചില്ലെന്ന പരാതിയുമായി ഇടുക്കിയിലെ സ്ഥാനാര്‍ഥി ബിജു കൃഷ്ണന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. കൂടാതെ താന്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്നും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ കേരളത്തില്‍ ഉപതെരഞ്ഞെടുപ്പുകള്‍ കൂടി നടക്കാന്‍ സാധ്യതയുള്ളതിനാല്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് ബിഡിജെഎസിന്റെ നീക്കം.
തുഷാറിന് രാജ്യസഭാ സീറ്റ് കിട്ടിയില്ലെങ്കില്‍ എന്‍ഡിഎയ്ക്ക് പിന്തുണ നല്‍കേണ്ടെന്നാണ് ഇവരുടെ ആലോചന. കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും ബിഡിജെഎസ്, എന്‍ഡിഎയ്ക്ക് പിന്തുണ നല്‍കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലാതിരുന്ന തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ഥിയാക്കുവാന്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ രാജ്യസഭാ സീറ്റ് വാഗ്ദാനം നല്‍കിയിരുന്നുവെന്നാണ് ബിഡിജെഎസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

YOU MAY ALSO LIKE THIS VIDEO