ലോറിയിടിച്ച് ഏഴു വയസ്സുകാരന്‍ മരിച്ചു

Web Desk
Posted on April 30, 2018, 7:06 pm

നീലേശ്വരം: രണ്ടു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും കുടുംബസമേതം നാട്ടിലെത്തിയ ഏഴു വയസ്സുകാരന്‍ മണല്‍ ലോറിയിടിച്ച് മരിച്ചു. കോട്ടപ്പുറം ആനച്ചാലിലെ സുബൈര്‍ ഫര്‍സാന ദമ്പതികളുടെ മകന്‍ ഷാസില്‍ (ഏഴ്) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ കോട്ടപ്പുറം ആനച്ചാലിലാണ് അപകടമുണ്ടായത്. അടുത്തവീട്ടിലേക്ക് നടന്നുപോകുന്നതിനിടെ അമിത വേഗതയിലെത്തിയ മണല്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ കുട്ടി മരിച്ചു. കുടുംബ സമേതം കുവൈത്തിലായിരുന്ന കുട്ടി രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. കോട്ടപ്പുറം പാലം തുറന്നുകൊടുത്തതോടെ ഈ റൂട്ടില്‍ വാഹനങ്ങള്‍ ചീറിപ്പായുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡില്‍ വേഗത നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അലംഭാവം തുടരുന്ന അധികാരികള്‍ക്കെതിരെ ശക്തമായ ജനകീയ രോഷം ഉയരുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഇതുവഴിയുള്ള റോഡ് ഉപരോധിച്ചു.