തൊഴിലാളികളെ കുത്തിനിറച്ചുപോയ ജീപ്പ് മറിഞ്ഞു; രണ്ട് മരണം

Web Desk
Posted on September 16, 2019, 6:23 pm

രാജകുമാരി: കേരളത്തിൽ നിന്നും തൊഴിലാളികളുമായി തമിഴ്നാട്ടിലെ തേനിയിലേക്ക് പോയ ജീപ്പ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ബോഡിനായ്ക്കന്നൂർ സ്വദേശികളായ കണ്ണൻ (40), ധനലക്ഷ്മി (45) എന്നിവരാണ് മരിച്ചത്. ജീപ്പിൽ ഉണ്ടായിരുന്ന നാല് സ്ത്രീകൾ ഗുരുതര പരുക്കേറ്റ് തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവർ മുകേശ്വരൻ (25) ഉൾപ്പെടെ 23 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എല്ലാവർക്കും പരുക്കേറ്റിട്ടുണ്ട്.

ഇവരെ ബോഡിനായ്ക്കന്നൂരിലെ സർക്കാർ ആശുപത്രിയിലും തേനി മെഡിക്കൽ കോളജിലും
പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നരയോടെ ആണ് ബി എൽറാമിലെ ഏല
തോട്ടത്തിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വന്ന വാഹനം അപകടത്തിൽ പെട്ടത്.
ബോഡിമെട്ട് ചുരം ഇറങ്ങി വരുബോൾ പുലിക്കുത്ത് കാറ്റാടിപ്പാറയ്ക്കു സമീപം
വച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. വാഹനം തലകീഴായി 100 മീറ്റർ
താഴെയുള്ള റോഡിലേക്ക് വീണു. ഇതു വഴി എത്തിയ മറ്റ്  വാഹനങ്ങളിലെ
യാത്രക്കാരാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. മരിച്ചവരുടെ
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊരങ്ങിണി
പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.