നിയന്ത്രണംവിട്ട ലോറി ബൈക്കിന് മുകളിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Web Desk
Posted on September 18, 2019, 6:16 pm

വടക്കാഞ്ചേരി: നിയന്ത്രണം വിട്ട ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മങ്കര കൂലായി വളപ്പില്‍ ചന്ദ്രന്റെ മകന്‍ വിഷ്ണു ( 29 ആണ് മരിച്ചത്. അവിവാഹിതനാണ്. ഇന്നലെ ഉച്ചക്ക് ശേഷം 12 . 40 ഓടെ വാഴക്കോട് വെച്ചാണ് അപകടം. മുളങ്കുന്നത്തുക്കാവ് ഗോഡൗണില്‍ നിന്നും അരി കയറ്റിവന്നിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് വിഷ്ണു ഓടിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് മറിഞ്ഞത്.

തന്റെ ടിപ്പര്‍ വര്‍ക്കുഷോപ്പില്‍ കയറ്റിയതിനുശേഷം, സാധനങ്ങള്‍ വാങ്ങാന്‍ വടക്കാഞ്ചേരിയിലേക്ക് ബൈക്കില്‍ വരികയായിരുന്നു വിഷ്ണു. എതിരെ വന്ന അരി കയറ്റി പട്ടാമ്പി മരുതയൂര്‍ക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വിഷ്ണുവിന്റെ ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ആക്ട്‌സ് പ്രവര്‍ത്തകരും, നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മറിഞ്ഞ ലോറിയുടെ ഡ്രൈവര്‍ മുണ്ടത്തിക്കോട് സ്വദേശി സുമേഷിനെ പരുക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവശിപ്പിച്ചിട്ടുണ്ട്.