റോഡ് അപകടങ്ങള്‍ : പുതിയ കാഴ്ചപ്പാട് ആവശ്യം

Web Desk
Posted on February 06, 2020, 5:00 am

മലപ്പുറം ജില്ലയിലെ കുറുവ എയുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും വീണു മരിക്കാന്‍ ഇടയായ വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വയനാട്ടിലെ വെെത്തിരിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും യാത്രക്കാരി പുറത്തേക്ക് തെറിച്ചുവീണ് ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട വാര്‍ത്ത തൊട്ടുപിന്നാലെയാണ് പുറത്തുവന്നത്. കുറുവയിലെ സ്കൂള്‍ ബസില്‍ കുട്ടികളെ ശ്രദ്ധിക്കാന്‍ ജീവനക്കാര്‍ ഉണ്ടാവാതിരുന്നതാണ് ദാരുണ സംഭവത്തിന് കാരണമായത്. വെെത്തിരിയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ഹെെഡ്രോളിക് വാതില്‍ അടയ്ക്കുന്നതിലുണ്ടായ വീഴ്ചയാണ് അപകടകാരണം. സ്കൂള്‍ ബസില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഡ്രെെവര്‍ക്കു പുറമെ ജീവനക്കാരുണ്ടാകണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടിരുന്നില്ല. 12 വയസിനു താഴെയുള്ള കുട്ടികള്‍ക്കുള്ള സ്കൂള്‍ ബസുകളില്‍ അനുവദനീയമായതിലും കൂടുതല്‍ കുട്ടികളെ കുത്തിനിറച്ചിരുന്നതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സീറ്റുകളുടെ എണ്ണത്തെക്കാള്‍ ഒന്നര ഇരട്ടിയിലധികം കുട്ടികളെ സ്കൂള്‍ ബസുകളില്‍ കയറ്റുന്നത് ചട്ടവിരുദ്ധമാണ്.

എന്നാല്‍ ഈ ചട്ടങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നത് അവഗണിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. റോഡ് ഗതാഗത ഉദ്യോഗസ്ഥര്‍ ദെെനംദിനമെന്നോണം വാഹനങ്ങള്‍ പരിശോധിക്കുക എന്നത് അപ്രായോഗികമായിരിക്കാം. എന്നാല്‍ നിശ്ചിത ഇടവേളകളില്‍ പോലും പരിശോധന നടക്കുന്നില്ലെന്നതാണ് വസ്തുത. ചട്ടങ്ങള്‍ പാലിക്കാന്‍ അധ്യാപക രക്ഷാകര്‍തൃ സംഘടനകളടക്കം സ്കൂള്‍ അധികൃതരും ഗതാഗത ഉദ്യോഗസ്ഥരും ആവശ്യമായ ജാഗ്രത പുലര്‍ത്താത്തത് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നു. പല സ്കൂളുകളും പഴക്കം ചെന്ന വാഹനങ്ങളാണ് വിദ്യാര്‍ത്ഥികളുടെ യാത്രക്കായി ഉപയോഗിക്കുന്നതെന്നതും ഉല്‍ക്കണ്ഠാജനകമാണ്. മലപ്പുറം ജില്ലയില്‍ സ്കൂള്‍ ബസുകള്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നു എന്നത് ബന്ധപ്പെട്ടവര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്ന പരാതിക്ക് ഇടവരുത്തുന്നു. സ്കൂള്‍ ബസുകളടക്കം യാത്രയ്ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് വാതില്‍ ഉണ്ടായിരിക്കണമെന്ന നിയമം ഏറെക്കുറെ വ്യാപകമായി പാലിക്കപ്പെടുന്നുണ്ട്. എന്നാല്‍ യാത്രക്കാരെ കുത്തി നിറച്ചുപോകുന്ന അവയുടെ വാതിലുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ നമുക്ക് വേണ്ടത്ര കഴിഞ്ഞിട്ടില്ല.

യാത്രക്കാര്‍ ബസില്‍ കയറി വാതില്‍ സുരക്ഷിതമായി അടച്ചശേഷമേ വാഹനം മുന്നോട്ടെടുക്കാവു എന്ന കേവല മര്യാദ ബസ് ജീവനക്കാര്‍ പാലിക്കാത്തതുകാരണം അപകടങ്ങള്‍ സാധാരണമാകുന്നു. വെെത്തിരിയില്‍ അപകടമുണ്ടാക്കിയ കെഎസ്ആര്‍ടിസി ബസിന് ഹെെഡ്രോളിക് വാതില്‍ സംവിധാനം ഉണ്ടായിട്ടും ഡ്രെെവറും കണ്ടക്ടറും വേണ്ടത്ര കരുതലോടെയല്ല പ്രവര്‍ത്തിച്ചതെന്നാണ് വ്യക്തമാകുന്നത്. ഇരുവര്‍ക്കുമെതിരെ ലെെസന്‍സ് റദ്ദാക്കുന്നതടക്കം നടപടി സ്വീകരിച്ചു എന്നത് സ്വാഗതാര്‍ഹം തന്നെ. ഇത് മറ്റ് ജീവനക്കാര്‍ക്കും ഒരു പാഠമാകുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ റോഡ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ കൂടുതല്‍ ജാഗ്രതയോടെയുള്ള പരിശോധനയും മുന്‍കരുതല്‍ നടപടികളും കൂടിയെ തീരൂ. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഉദ്യോഗസ്ഥതലത്തില്‍ പല നടപടികളും പതിവാണ്. എന്നാല്‍ നിതാന്ത ജാഗ്രത മാത്രമെ സംഭവങ്ങളുടെ ആവര്‍ത്തനം തടയാന്‍ പര്യാപ്തമാകു. സഞ്ചാര സ്വാതന്ത്ര്യം അടിസ്ഥാന മനുഷ്യാവകാശമാണ്. അത് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക ഭരണസംവിധാനത്തിന്റെ ഉത്തരവാദിത്വമാണ്.

സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുനല്‍കാന്‍ കാര്യക്ഷമവും സുരക്ഷിതവുമായ വാഹന ഗതാഗത സംവിധാനം കൂടിയെ തീരൂ. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ കെെക്കൊള്ളുന്ന താല്‍ക്കാലിക നടപടികള്‍ക്ക് അപ്പുറത്തേ‌ക്ക് സുരക്ഷിത ഗതാഗത സംവിധാനമെന്ന സങ്കല്പത്തിനു ഊന്നല്‍ നല്‍കുന്ന ഭരണകൂട നടപടികളും പൊതുജന അവബോധവും വളര്‍ത്താന്‍ ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടാവണം. സഞ്ചാരം സംബന്ധിച്ച ഒരു പുതിയ കാഴ്ചപ്പാട് കേരളത്തില്‍ വളര്‍ന്നുവരേണ്ടതുണ്ട്. സഞ്ചാര സ്വാതന്ത്ര്യം വാഹന സുരക്ഷിതത്വത്തിന്റെ മാത്രം പ്രശ്നമായിക്കൂട. കാല്‍നട യാത്രക്കാരുടെ സ്വാതന്ത്ര്യം ഏതാണ്ട് വിസ്മരിക്കപ്പെട്ട അധ്യായമാണ് കേരളത്തില്‍. നഗരങ്ങളിലും ഗ്രാമങ്ങളിലും വാഹന അപകടങ്ങള്‍ക്ക് ഇരയാവുന്നതില്‍ ഗണ്യമായ പങ്ക് കാല്‍നട യാത്രക്കാരാണ്. റോഡ് വികസനത്തില്‍ ഏറ്റവും അധികം അവഗണിക്കപ്പെടുന്ന വിഭാഗമാണ് കാല്‍നടയാത്രക്കാര്‍. നഗരങ്ങളില്‍ പോലും ഫുട്ട്പാത്തുകള്‍ കവര്‍ന്നെടുത്താണ് റോഡ് വികസനം സാധ്യമാകുന്നത്. ഫുട്ട്പാത്തുകള്‍ ഉള്ളിടത്തുതന്നെ അവ സ്വകാര്യ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് ഇടമായി മാറുന്നതും സാധാരണ കാഴ്ചയാണ്. അനുദിനം പെരുകിവരുന്ന റോഡ് അപകടങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ കാല്‍നട യാത്രക്കാര്‍ നേരിടേണ്ടിവരുന്ന അവഗണനയും ദുരിതവും ഗൗരവമായി പരിഗണിക്കപ്പെടേണ്ടതുണ്ട്.

Eng­lish sum­ma­ry: Road acci­dent; new per­spec­tive should be need­ed