ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Web Desk
Posted on May 10, 2019, 4:12 pm

അടിമാലി: അടിമാലി കുമളി ദേശിയപാതയില്‍ ഇരുന്നൂറേക്കറില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.വ്യാഴാഴിച്ച രാത്രി 12 മണിയോടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്.കാഞ്ഞിരമറ്റം സ്വദേശിയും 21കാരനുമായ വൈശാഖ് മുരളിയാണ് തലക്കേറ്റ ഗുരുതരപരിക്കു മൂലം ദാരുണമായി മരണപ്പെട്ടത്.വൈശാഖും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് വെള്ളത്തൂവല്‍ സ്വദേശി പെരുമ്പിള്ളികുന്നേല്‍ ലൈജു സഞ്ചരിച്ചിരുന്ന
ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചു വീണ വൈശാഖിന്റെ തലക്ക് ഗുരുതര പരിക്ക് സംഭവിച്ചു.ഉടന്‍തന്നെ വൈശാഖിനെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അപകടത്തില്‍ പരിക്കേറ്റ വൈശാഖിന്റെ സുഹൃത്ത്
കാഞ്ഞിരമറ്റം സ്വദേശി തൈപ്പറമ്പില്‍ വീട്ടില്‍ ടിബിനേയും ലൈജുവിനേയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച്ച മൂന്നാറില്‍ വിനോദ സഞ്ചാരം നടത്തുവാന്‍ ലക്ഷ്യമിട്ട് വ്യാഴാഴിച്ച രാത്രിയില്‍ വൈശാഖ് അടിമാലിയില്‍ നിന്നും ഇരുന്നൂറേക്കറിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അപകടം സംഭവിച്ചത്.വെള്ളത്തൂവല്‍ സ്വദേശി ലൈജു സഞ്ചരിച്ചിരുന്ന ബൈക്ക് ദേശിയപാതയിലൂടെ നിരങ്ങി വന്ന് വൈശാഖും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ നിന്നും
ലഭിച്ചിട്ടുണ്ട്.

അമിത വേഗതയാല്‍ വെള്ളത്തൂവല്‍ സ്വദേശിയുടെ ബൈക്ക് ആദ്യം അപകടത്തില്‍പ്പെട്ടിരിക്കാമെന്നും ഈ ബൈക്ക് നിരങ്ങി വന്ന് ഇടിച്ചതാണ് വൈശാഖും സുഹൃത്തും അപകടത്തില്‍പെടാനുള്ള കാരണമെന്നുമാണ് പ്രാഥമിക നിഗമനം. നിരന്ന പ്രദേശമായതിനാല്‍ ആയിരമേക്കര്‍ മുതല്‍ മില്ലുംപടി വരെയുള്ള ഭാഗത്ത് വാഹനങ്ങള്‍ അമിതവേഗതയിലാണ് പലപ്പോഴും കടന്നു പോകാറ്.ഇതിനൊപ്പം ദേശിയപാത രാത്രികാലത്ത് വിജനമായതിനാല്‍ ഇരുബൈക്കുകളും അമിതവേഗതയിലായിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.വൈശാഖിന്റെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനു ശേഷം
ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.മുരളി വൈശാഖിന്റെ അച്ചനും രെജനി മാതാവും വന്ദന സദോഹരിയുമാണ്.