2019–23 കാലഘട്ടത്തില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി റോഡപകടങ്ങളില്‍ എട്ട് ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ 1.5 ലക്ഷം വരുന്ന 20 ശതമാനം പേരും കാല്‍നടക്കാരാണ്. ട്രാന്‍സ്പോര്‍ട്ടേഷന്‍ റിസര്‍ച്ച് ആന്റ് ഇഞ്ചുറി പ്രിവന്‍ഷന്‍ സെന്ററും ഐഐടി ഡല്‍ഹിയും ചേര്‍ന്ന് പുറത്തിറക്കിയ ഇന്ത്യ സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഓണ്‍ റോഡ് സേഫ്റ്റിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാല്‍നടയാത്രക്കാരുടെ സുരക്ഷ പ്രധാനമാണെന്നും നടപ്പാതകളുടെ അഭാവം ഗൗരവമേറിയ വിഷയമാണെന്നും സുപ്രീം കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. ശരിയായ നടപ്പാതകൾ ഉണ്ടായിരിക്കണമെന്ന കാൽനടയാത്രക്കാരുടെ മൗലികാവകാശം സംസ്ഥാനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എങ്ങനെ സംരക്ഷിക്കുമെന്ന് വ്യക്തമാക്കണമെന്നും ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 19 മുതല്‍ 73 ശതമാനം വരെ മാത്രമാണ് നടപ്പാതകളുള്ളത്. ഏറ്റവും കൂടുതല്‍ നടപ്പാത മഹാരാഷ്ട്രയിലാണ്. ഇന്ത്യൻ റോഡ് കോൺഗ്രസ് നിഷ്കർഷിച്ചിട്ടുള്ള നടപ്പാതയുടെ ലഭ്യത, വീതി, ഉയരം എന്നിവ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഓരോ സംസ്ഥാനത്തുനിന്നും നാല് നഗരങ്ങള്‍ വീതമാണ് ഓഡിറ്റിന് വിധേയമാക്കിയത്. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിലും പുതുച്ചേരിയിലും യഥാക്രമം മൂന്ന്, അഞ്ച് ശതമാനം റോഡുകളില്‍ മാത്രമാണ് നടപ്പാതകളുള്ളത്.
ഭിന്നശേഷിക്കാരായവര്‍ക്ക് പോലും അനിവാര്യമായ രീതിയില്‍ നടപ്പാത സൗകര്യം ലഭ്യമാക്കേണ്ടതുണ്ടെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. നടപ്പാതകളിലെ കൈയ്യേറ്റങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും അനുച്ഛേദം 21 പ്രകാരം റോഡിനൊപ്പമുള്ള നടപ്പാത ഉപയോഗിക്കാനുള്ള മൗലികാവകാശം എല്ലാവര്‍ക്കും ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി.ശരിയായ നടപ്പാതകള്‍ നിര്‍മ്മിക്കുകയാണ് റോഡപകടങ്ങളില്‍ നിന്ന് കാല്‍നടക്കാരെ രക്ഷപ്പെടുത്താനുള്ള ഏറ്റവും ചെലവുകുറഞ്ഞ മികച്ച മാര്‍ഗമെന്ന് ഇന്ത്യ റോഡ് സേഫ്റ്റി കാമ്പയിന്‍ മേധാവി അമര്‍ ശ്രീവാസ്തവ പറഞ്ഞു. ഇതിന് എല്ലാ നഗരഭരണകൂടങ്ങളും തദ്ദേശീയ ഭരണകൂടങ്ങളും മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 2023ലെ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തും രാജ്യത്തും റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ അഞ്ചിലൊന്നും കാല്‍നടക്കാരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.