Web Desk

കാസർകോട്/ കൊച്ചി

April 01, 2020, 9:44 am

അതിർത്തിയിലെ റോഡ് തടസ്സം: നിർദ്ദേശങ്ങൾ ഇന്ന് നല്കാൻ സംസ്ഥാനങ്ങൾക്ക് ഹൈക്കോടതി നിർദ്ദേശം

Janayugom Online

അതിർത്തിയിലുള്ള ഗതാഗത തടസ്സം നീക്കുന്ന കാര്യത്തിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേരള, കർണ്ണാടക സർക്കാരുകൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. രോഗികളെ അടിയന്തര ചികിത്സയ്ക്ക് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിലുള്ള തടസ്സത്തെത്തുടർന്ന് രോഗികൾ മരിച്ച സംഭവം ഉൾപ്പെടെ ഉന്നയിച്ച് സിപിഐ കാസർകോട് ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ തുടങ്ങിയവർ സമർപ്പിച്ച റിട്ട് ഹർജികൾ പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർദ്ദേശം നൽകിയത്.

അതിർത്തി റോഡുകൾ തുറക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം കർണ്ണാടക സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. മംഗളുരുവിലെ ആശുപത്രികളിൽ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും കൂടുതൽ രോഗികളെ പ്രവേശിപ്പിക്കാൻ നിർവ്വാഹമില്ലെന്നുമുള്ള വാദം കർണ്ണാടക അഡ്വക്കേറ്റ് ജനറൽ ഉയർത്തിയപ്പോൾ അതു ശരിയല്ലെന്നും സംസ്ഥാനങ്ങളുടെ ആഭ്യന്തര സൗകര്യങ്ങൾ രോഗികളെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നതിന് മാനദണ്ഡമാക്കുന്നത് ദേശീയ ദുരന്തനിവാരണ നിയമപ്രകാരമുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും കേരള അഡീഷണൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത് തമ്പാൻ വാദിച്ചു.

കേരള അതിർത്തിയിൽ നിന്നും 15 കിലോമീറ്റർ മാത്രം അകലെയുള്ള പട്ടണമായ മംഗളുരുവിലെ ആശുപത്രികളെ കാലങ്ങളായി ജനങ്ങൾ ചികിത്സയ്ക്കായി ആശ്രയിച്ചു വരികയാണ്. അവശ്യസാധനങ്ങൾ കടത്തുന്നതിനായി ഇപ്പോൾ കണ്ണുർ- സുൽത്താൻ ബത്തേരി-ഗുണ്ടൽപേട്ട് — മൈസൂർ, കണ്ണൂർ- ഇരിട്ടി-മാനന്തവാടി മൈസൂർ റോഡുകൾ തുറന്നു കൊടുത്ത കാര്യം കർണാടക എ ജി ചൂണ്ടിക്കാട്ടിയപ്പോൾ അത് മതിയാവുകയില്ലെന്നും ദേശീയ പാതയിൽ തലപ്പാടിയിലും കണ്ണർ ഇരിട്ടി മാക്കൂട്ടം റോഡും തുറന്നു കിട്ടേണ്ടതുണ്ടെന്നും കേരള എ എ ജി വാദിച്ചു.

കണ്ണൂരിൽ നിന്ന് കർണ്ണാടകയിലേക്കുള്ള റോഡുകൾ തുറക്കുന്ന കാര്യത്തിൽ അപേക്ഷ എഴുതി സമർപ്പിച്ചാൽ മറുപടി നൽകാമെന്ന് കർണ്ണാടക എ ജി കോടതിയിൽ പറഞ്ഞു. ഇക്കാര്യത്തിൽ ഇന്നലെ തന്നെ കർണ്ണാടക ഹോം സെക്രട്ടറിക്ക് അപേക്ഷ നൽകാൻ ഹൈക്കോടതി കണ്ണൂർ കലക്ടറോട് നിർദ്ദേശിച്ചു. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് ഷാജി പി ചാലിയും ഉൾപ്പട്ട ഡിവിഷൻ ബെഞ്ച് വീഡിയോ കോൺഫറൻസിങ്ങിലൂടെ പരിഗണിച്ച കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കർണ്ണാടക കേരള സർക്കാരുകളോട് ആവശ്യപ്പെടുകയായിരുന്നു.

YOU MAY ALSO LIKE THIS VIDEO