റോഡ് ഉപരോധം; എം ജി എസ് നാരായണൻ അടക്കമുള്ളവർക്ക് കോടതി ശിക്ഷ വിധിച്ചു

Web Desk
Posted on December 26, 2019, 9:28 pm

കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് വികസനവമായി ബന്ധപ്പെട്ട സമരത്തിന്റെ ഭാഗമായി റോഡ് ഉപരോധിച്ചതിന്റെ പേരിൽ ചരിത്രകാരൻ ഡോ: എം. ജി. എസ് നാരായണൻ അടക്കമുള്ളവർക്ക് കോടതി പിഴ ശിക്ഷ വിധിച്ചു. 1300 രൂപയാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി എം. ജി. എസ് നാരായണൻ, ഗാന്ധിയൻ തായാട്ട് ബാലൻ, ഗ്രോവാസു തുടങ്ങി 12 പേർക്ക് പിഴ ശിക്ഷ വിധിച്ചത്. വിധിയെ മാനിക്കുന്നെന്നും എന്നാൽ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും എം. ജി. എസ് പ്രതികരിച്ചു. ജനങ്ങളുടെ ജീവന് വേണ്ടിയുള്ള സമരമാണെന്നും ഇനിയും സമരം നടത്തുമെന്നും ഗാന്ധിയൻ തായാട്ട് ബാലനും പറഞ്ഞു.

സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനുള്ള അവകാശം ആർക്കുമില്ലെന്നും എം. ജി. എസിനെയും തായാട്ട് ബാലനെയും പോലെയുള്ളവർ ഉള്ളത് കൊണ്ടാണ് പിഴ ശിക്ഷ കുറച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇനി ഇത്തരത്തിലുള്ള സമരം ആവർത്തിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കെ. പി. സി. സി നിർവാഹക സമിതി അംഗങ്ങളായ പി. എം നിയാസ്, കെ. വി സുബ്രഹ്മണ്യൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ, മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് ആക്ഷൻ കമ്മിറ്റി കൺവീനർ എം. പി വാസുദേവൻ, കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി എൻ. വി ബാബുരാജ്, പൊതുപ്രവർത്തകരായ പി. ടി ജനാർദനൻ, കെ. പി സത്യകൃഷ്ണൻ, കെ. പി വിജയകുമാർ, പി. എം അഷ്റഫ് എന്നിവരാണ് പിഴ ചുമത്തപ്പെട്ട മറ്റുള്ളവർ.

കഴിഞ്ഞ ജൂലായ് 29 ന് ആയിരുന്നു മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് അധികൃതർ അനാസ്ഥ തുടരുന്നുവെന്ന് ആരോപിച്ച് എം. ജി. എസ് നാരായണൻ അടക്കമുള്ളവർ ദേശീയ പാത ഉപരോധിച്ചത്. അപകടം കുറയ്ക്കുന്നതിനു മാനാഞ്ചിറവെള്ളിമാട്കുന്ന് റോഡ് വീതികൂട്ടണമെന്നാവശ്യപ്പെട്ടാണ് എം. ജി. എസ് നാരായണൻ അധ്യക്ഷനായുള്ള സമരസമിതി രണ്ടു വർഷത്തിലധികമായി സമരം നടത്തിവരുന്നത്.

you may also like this video