Monday
27 May 2019

നായയെ ജീവനോടെ ടാര്‍ ചെയ്തു, ജീവനില്ലാതെ പുറത്തെടുത്തു

By: Web Desk | Wednesday 13 June 2018 4:36 PM IST


ആഗ്ര: ഉത്തര്‍പ്രദേശിലെ പൊതുമരാമത്ത് വകുപ്പ് നായയുടെ ദേഹത്തുകൂടി ടാര്‍ ചെയ്തു.  റോഡിന്‍റെ അറ്റ കുറ്റപ്പണികള്‍ നടക്കുമ്പോഴാണ്  വഴിയരികില്‍ കിടന്ന നായയ്ക്ക് ഇത്തരം ദുരനുഭവം ഉണ്ടായത്. നായയുടെ ദേഹത്ത് ടാര്‍ കോരിയിടുമ്പോള്‍ അതിനു ജീവനുണ്ടായിരുന്നെന്ന് സമീപവാസികള്‍ ആരോപിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ആഗ്രയിലെ ഫത്തേഹാബാദിലാണ് സംഭവം നടന്നത്.

ടാറിട്ട റോഡിന് അടിയില്‍ മണിക്കൂറുകളോളം ശരീരം അനക്കാന്‍ പോലും കഴിയാതെ കിടന്ന നായ ഒടുവില്‍ മരണത്തിന് കീഴടങ്ങി. നിര്‍മ്മാണ കമ്പനിക്കെതിരെ സാമൂഹിക പ്രവര്‍ത്തകനായ നരേഷ് പരഷര്‍ രംഗത്തെത്തി. നായയുടെ ജഡം റോഡ് പൊളിച്ച് പുറത്തെടുത്ത് സംസ്ക്കരിക്കുകയും ചെയ്തു.

രാത്രിയിലായിരുന്നു ഇവിടെ ടാറിങ് ജോലികള്‍ നടന്നത്. അത് കൊണ്ട് നായയെ കണ്ടില്ലെന്നാണ് കോണ്‍ട്രാക്ടറും തെഴിലാളികളും വിശദീകരിക്കുന്നത്.

നായ റോഡരികില്‍ കിടക്കുകയായിരുന്നെന്നും അതിനെ തുരത്തി ഒാടിക്കുന്നതിനു പകരം കല്‍ക്കരി ടാര്‍ നായയുടെ ദേഹത്തൂടെ ഇടുകയും  റോളര്‍ കയറ്റി ഇറക്കുകയും ചെയ്തുവെന്നും ഇത്തരം ഒരു ക്രൂരഹത്യ ഇനിയുണ്ടാവാതിരിക്കാനാണ് പരാതി നല്‍കിയതെന്നും പരഷര്‍ പറഞ്ഞു.