സവര്‍ണര്‍ വഴിയടച്ചു; ദളിതന്റെ മൃതദേഹം പാലത്തിലൂടെ ശ്മശാനത്തിലേക്ക് കെട്ടിയിറക്കി

Web Desk
Posted on August 22, 2019, 5:51 pm

വെല്ലൂര്‍: ആടി ദ്രാവിഡര്‍ കോളനി നിവാസികള്‍ക്കുള്ള ശ്മശാനത്തിലേക്കുള്ള വഴി സവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ടവര്‍ അടച്ചു; ദളിതനായ മധ്യവയസ്‌കന്റെ മൃതദേഹം പാലത്തില്‍ നിന്ന് കയര്‍ കെട്ടി താഴേക്കിറക്കി സംസ്‌കരിക്കേണ്ടിവന്നു. തമിഴ്നാട്ടിലെ വെല്ലൂരില്‍ ഓഗസ്റ്റ് 17 നാണ് സംഭവം അരങ്ങേറിയത്.

മൃതദേഹം കെട്ടിയിറക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പുറംലോകമറിയുന്നത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് തിരുപത്തൂര്‍ സബ് കളക്ടര്‍ പ്രിയങ്ക പങ്കജം വ്യക്തമാക്കി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ജില്ലാ ഭരണകൂടം വിവരമറിയുന്നതെന്നും അവര്‍ പറഞ്ഞു.

മഴയെ തുടര്‍ന്ന് നാരായണപുരം വാനിയമ്പാടിയിലെ ആടി ദ്രാവിഡര്‍ കോളനിക്കാരുടെ ശ്മശാനം പ്രവര്‍ത്തിച്ചിരുന്നില്ല. റോഡപകടത്തില്‍ മരിച്ച 55‑കാരനായ കുപ്പന്റെ മൃതദേഹവുമായി വെല്ലൂര്‍ പാലര്‍ നദിക്കരയിലെ ശ്മശാനത്തിലേക്കെത്തിയതാണ് ബന്ധുക്കളും കോളനിവാസികളും.

തുടര്‍ന്ന് മൃതദേഹവുമായി എത്തിയവരെ വെല്ലല ഗൗണ്ടര്‍വാണിയാര്‍ വിഭാഗത്തില്‍പെട്ടവര്‍ തടഞ്ഞു. തങ്ങളുടെ കൃഷിഭൂമിയിലൂടെ താണ ജാതിക്കാരുടെ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് തടഞ്ഞത്. പാലര്‍ നദിക്കു മുകളിലെ നാരായണപുരം പാലത്തിന്റെ നിര്‍മ്മാണത്തിന് ശേഷം നദിക്കരയിലേക്കുളള വഴി മേല്‍ജാതിക്കാര്‍ കയ്യേറുകയും ദളിതര്‍ക്ക് പോകാനുള്ള വഴി അടയ്ക്കുകയുമായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

നദിക്കരയിലെ ശ്മശാന ഭൂമിയുടെ 20 അടിയോളം ഉയരമുള്ള പാലത്തില്‍ നിന്ന് മൃതദേഹം കെട്ടിയിറക്കിയാണ് സംസ്‌കാരം നടത്തിയത്. ഇതാദ്യമായല്ല മൃതദേഹം കെട്ടിയിറക്കേണ്ടിവന്നിട്ടുള്ളതെന്നും സമീപത്തെ ഹിന്ദു വെല്ലല ഗൗണ്ടര്‍— വാണിയാര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ശ്മശാനത്തിലേക്കുള്ള വഴി അടച്ചുകെട്ടി ദ്രോഹിക്കുന്നത് പതിവാണെന്നും കോളനിവാസികള്‍ പറഞ്ഞതായി പൊലീസിനെ ഉദ്ദരിച്ച് ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.
സാധാരണ പുഴക്കരയിലെ വെല്ലല ഗൗണ്ടര്‍— വാണിയാര്‍ വിഭാഗത്തില്‍ പെട്ടവരുടെ ഭൂമിയിലൂടെയാണ് വേണം സ്മശാനത്തിലേക്കെത്താന്‍. മൃതദേഹം ഈ വഴിയിലൂടെ കൊണ്ടുപോകുന്നത് സവര്‍ണവിഭാഗക്കാര്‍ തടയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നാല് തവണ ഇത് പോലെ മൃതദേഹങ്ങള്‍ കയറുകെട്ടിയിറക്കിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.