വാഹനയാത്ര ശ്രദ്ധിക്കുക: മാനന്തവാടി തലശ്ശേരി റോഡ് ബോയ്‌സ് ടൗണില്‍ ഇടിഞ്ഞുതാഴുന്നു

Web Desk
Posted on August 11, 2019, 6:26 pm

തലപ്പുഴ: മാനന്തവാടി തലശ്ശേരി റോഡ് ഇടിഞ്ഞു താഴുന്നു.ബോയ്‌സ് ടൗണ്‍ 42ാം മൈലിലാണ് റോഡ് ഇടിഞ്ഞു താഴുന്നത്. മുപ്പത് മീറ്റര്‍ നീളത്തില്‍ റോഡിന് മധ്യഭാഗത്ത് കൂടി നാല് ദിവസം മുമ്പ് ഇവിടെ ചെറിയ വിള്ളല്‍ രൂപപ്പെട്ടിരുന്നു.എന്നാല്‍ ഈ വിള്ളലുണ്ടായ റോഡിന്റെ ഭാഗം ശനിയാഴ്ച മുതല്‍ ഇടിഞ്ഞു താഴ്ന്നു കൊണ്ടിരിക്കുകയാണ്. ഒരോ ദിവസവും കഴിയുമ്പോഴും ഇടിച്ചില്‍ കൂടിവരികയാണ്.

ഇതു കാരണം വലിയ അപകട സാധ്യത നിലനില്‍ക്കുകയാണ് ഈ റോഡ്. ഒരു ഭാഗത്തു കൂടി വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. വലിയ വാഹനങ്ങള്‍ വളരെ സൂക്ഷിച്ചു മാത്രമെ കടന്നു പോകാന്‍ പാടുള്ളൂവെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വളവിലാണ് ഈ റോഡ് ഇടിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഇപ്പോള്‍ ഇടിഞ്ഞ ഭാഗത്തിനടുത്ത് തന്നെ ഈ റോഡ് പത്ത് മീറ്റര്‍ നീളത്തില്‍ ഇടിഞ്ഞു താഴ്ന്നിരുന്നു. പിന്നീട് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഇടിഞ്ഞ ഭാഗം നന്നാക്കി ഗതാഗതയോഗ്യമാക്കുയായിരുന്നു. ഈ റോഡ് ഇടിഞ്ഞതിന്റെ തൊട്ടു താഴെയാണ് ഏക്കറുകണക്കിന് ഭൂമി കഴിഞ്ഞ പ്രളയത്തില്‍ ഇടിഞ്ഞു താഴ്ന്നത്. നിരവധി വീടുകള്‍ തകരുകയും സ്ഥലം വാസയോഗ്യമല്ലാതാകുകയും ചെയ്തു. ഈ പ്രദേശത്തെ കുടുംബങ്ങളെ മാസങ്ങള്‍ക്ക് മുമ്പ് മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു.

YOU MAY LIKE THIS VIDEO