Janayugom Online
പ്രാവച്ചമ്പലം -ബാലരാമപുരം ദേശീയ പാത വികസനത്തിന്റെ ഭാഗമായി ബാലരാമപുരം ജംഗ്ഷനിൽ അടിപ്പാത നിർമ്മാണത്തിന്റെ മണ്ണ് പരിശോധന

ബാലരാമപുരം വന്‍ വികസന കുതിപ്പിലേക്ക്

സന്തോഷ് എൻ രവി
Posted on September 25, 2019, 10:49 pm

ബാലരാമപുരം കരമനകളിയിക്കാവിള ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കൈത്തറി ഗ്രാമമായ ബാലരാമപുരം പട്ടണത്തിന്റെ മുഖച്ഛായ മാറും. റോഡ് വികസനവും അന്താരാഷ്ട്രാ തുറമുഖ നിര്‍മ്മാണവും പൂര്‍ത്തിയാകുന്നതോടെ തലസ്ഥാനത്തിന്റെ ഉപഗ്രഹ നഗരമായ ബാലരാമപുരം വന്‍ വികസന കുതിപ്പിനാണ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.

റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി രണ്ടാം റീച്ചിലുള്‍പ്പെടുന്ന പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം കൊടിനട വരെയുള്ള 5.5 കി. മീറ്ററാണ് രണ്ടാം ഘട്ടമായി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. കിഫ് ബി പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ണ്ണമായും സര്‍ക്കാര്‍ ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. ഇതിന്റെ ഭാഗമായാണ് ബാലരാാമപുരം ജംഗ്ഷനില്‍ അടിപ്പാത നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിിക്കുന്നത്.

അടിപ്പാത നിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടമായി മണ്ണ് പരിശോധന തുടങ്ങിക്കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന. ജംഗ്ഷനിലെ നാലു റോഡുകളിലും ഭൂമി തുരന്ന് മണ്ണിന്റെ ഉറപ്പ്, പാറയുടെ സാന്നിധ്യം, ജലസാന്നിധ്യം എന്നിവ കണ്ടെത്തും. ഭൂമി തുരക്കുന്ന പ്രവര്‍ത്തനം ഒരാഴ്ചയായി തുടരുകയാണ്. മുപ്പത് മീറ്ററാണ് താഴ്ത്തിയത്. 22 മീറ്ററിന് ശേഷം ബലക്ഷയമുള്ള പാറയുടെ സാന്നിധ്യം ദൃശ്യമായിട്ടുണ്ട്. മണ്ണ് പര്യവേഷണത്തിന്റെ ഭാഗമായി ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അടിപ്പാത
രൂപകല്പന ചെയ്യുന്നത്. അടിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി വിഴിഞ്ഞം റോഡിലെ കുഴിച്ചാണി മുതല്‍ കാട്ടാക്കട റോഡിലെ തേമ്പാമുട്ടം റെയില്‍വേ ലൈന്‍ വരെ വളവില്ലാതെ റോഡും വികസിപ്പിക്കേണ്ടി വരുമെന്നാണ് പ്രാഥമിക നിഗമനം.

112 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന റോഡിന്റെ നിര്‍മ്മാണച്ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്. റോഡ് വികസനത്തിന്റെ ഭാഗമായി പ്രാവച്ചമ്പലം മുതല്‍ കൊടി നടവരെയുള്ള റോഡിന്റെ ഇരുവശത്തെയും അതിര്‍ത്തി നിശ്ചയിച്ച് കല്ലുകള്‍ സ്ഥാപിക്കലാണ് ആദ്യം നടന്നത്. തുടര്‍ന്ന് റോഡരികിലെ കാടും പടര്‍പ്പും മാലിന്യങ്ങളും നീക്കം ചെയ്ത് റോഡ് നിരപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു.റോഡിലെ വളവുകള്‍ സമ്പൂര്‍ണമായി ഇല്ലാതാക്കി വീതി കൂട്ടുന്നതിന്റെ ഭാഗമായുള്ള കലുങ്കുകളുടെയും ഭിത്തി കളുടെയും നിര്‍മ്മാണം മണ്ണ് നിറയ്ക്കല്‍ എന്നിവ നടന്നു വരികയാണ്.അപകട വളവായ പാരൂര്‍ക്കുഴിയില്‍ കലുങ്ക് നിര്‍മ്മാണം ധ്രുതഗതിയില്‍ നടക്കുകയാണ്. വികസനത്തിന്റെ ഭാഗമായി കൊടിനട മുതല്‍ വെടിവെച്ചാന്‍ കോവില്‍വരെ വൈദ്യുതി ലൈനുകള്‍ മാറ്റി പുതിയ പോസ്റ്റ് സ്ഥാപിച്ച് ലൈന്‍ വലിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്. പള്ളിച്ചല്‍ പഞ്ചായത്ത് ആഫീസ് കെട്ടിടവും പൊളിച്ചുതുടങ്ങി. അവധി ദിവസങ്ങളിലുംരാത്രിയും പകലും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പള്ളിച്ചല്‍ പഞ്ചായത്ത് ആഫീസ് പ്രാവച്ചമ്പലം ഇ.എം.എസ് നഗറിലെ കൃഷി ഭവനിലാണ് പ്രവര്‍ത്തനം തുടങ്ങിയത്.

നിര്‍മ്മാണം ആരംഭിച്ചതോടെ റോഡ് വികസനവുമായി ബന്ധപ്പെട്ട എല്ലാ ആകുലതകളും ഇല്ലാതായി. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അടിപ്പാത നിര്‍മ്മാണവും റോഡ് നിര്‍മ്മാണവും പൂര്‍ത്തിയാകുന്നതോടെ ദേശീയ പാതയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാാരമാവും.