റോഡ് നിര്‍മ്മാണം അനിശ്ചിതമായി നീളുന്നു; മാനന്തവാടി താലൂക്കിൽ സമര പരമ്പരകൾ

Web Desk
Posted on January 11, 2019, 6:27 pm

മാനന്തവാടി: സമയ ബന്ധിതമായി തീർക്കേണ്ട റോഡ് നിര്‍മ്മാണം അനിശ്ചിതമായി നീണ്ട് പോകുന്നതിൽ പ്രതിഷേധിച്ച് മാനന്തവാടി താലൂക്കിൽ സമര പരമ്പരകൾ ആരംഭിക്കുന്നു. വിവിധ സംഘടനകളുടെയും ആക്ഷൻ കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് പ്രക്ഷോഭ പരിപാടികൾ നടത്തുന്നത്. ഒന്നര വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച പക്രന്തളം  നിരവിൽ പുഴ മാനന്തവാടി റോഡിന്‍റെ ടെണ്ടർ ചെയ്ത പ്രവർത്തിയുടെ പകുതിപോലും പൂർത്തിയാക്കത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം 14 ന് കൽപ്പറ്റ പൊതുമരാമത്ത് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനിയറുടെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്.

‘ഇനി വരും തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’

നാല് കിലോമീറ്റര്‍ ദൂരമാണ് ഇവിടെ പ്രവർത്തികൾ പൂർത്തീകരിക്കാനുള്ളത്. റോഡ് ഉപരോധ മടക്കമുള്ള ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തി ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള അധികൃതർ നൽകിയ ഉറപ്പുകൾ പലവട്ടം ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് വരയാൽ നാട്ടുകൂട്ടത്തിന്‍റെ നേതൃത്വത്തിൽ ശകതമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകിയിരിക്കുന്നത്.

പേര്യ വരയാൽ റോഡിന്റ് നാലര കിലോമീറ്റര്‍ ദൂരമാണ് പ്രവർത്തികൾ പൂർത്തീകരിക്കാനുള്ളത്.  നിര്‍മ്മാണം പൂർത്തീകരിക്കാനുള്ള സമയപരിധി കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും റോഡ് പൂർണ്ണമായും ഗതാഗത യോഗ്യമല്ലാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.