25 April 2024, Thursday

ദുരിതം ഇതുവഴിയുള്ള യാത്ര.… .

Janayugom Webdesk
കോഴിക്കോട്
September 23, 2021 1:04 pm

അറ്റകുറ്റപ്പണി പാതി വഴിയിലായി കിടക്കുന്ന കൂട്ടാലിട‑കൂരാച്ചുണ്ട് റോഡിലൂടെ യാത്ര നരകയാത്രയായി മാറുന്നു. കോഴിക്കോട്- ബാലുശ്ശേരി- കൂട്ടാലിട വഴി കൂരാച്ചുണ്ടിലേക്കുള്ള റോഡിലൂടെയുള്ള യാത്ര കൂട്ടാലിട കഴിഞ്ഞ് അൽപ്പദൂരം പിന്നിട്ടാൽ തന്നെ ദുരിതമയമായി മാറും. ചെടിക്കുളം, പാടിക്കുന്ന്, കോളിക്കടവ്, പാത്തിപ്പാറ മുക്ക് ഭാഗങ്ങളിലെല്ലാം റോഡ് പൂർണ്ണമായി തകർന്ന് കിടക്കുകയാണ്. കല്ലുകളും മെറ്റലുമിളകി അഞ്ചു കിലോമീറ്ററിലധികം ദൂരത്തിലാണ് പാത തകർന്ന് കിടക്കുന്നത്.
റോഡിലൂടെ കാൽ നട യാത്ര പോലും ദുഷ്ക്കക്കരമാണെന്ന് നാട്ടുകാർ പറയുന്നു. ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളുമെല്ലാം റോഡിൽ അപകടത്തിൽ പെടുന്നത് പതിവാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിനരികിലൂടെ നടക്കുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ റോഡിലെ ചീളുകല്ലുകൾ തെറിച്ച് പരിക്ക് പറ്റാനും സാധ്യതയുണ്ട്. ഈ പാതയിലൂടെയുള്ള യാത്ര കാരണം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും സ്ഥിരം സംഭവമാണ്.
ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ കൂരാച്ചുണ്ടിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിനാണ് ഇത്തരമൊരു ദുര്യോഗം. കോഴിക്കോട്- ബാലുശ്ശേരി-കൂട്ടാലിട വഴി നിരവധി ബസുകളും റോഡിലൂടെ സർവ്വീസ് നടത്തുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ കാരണം കൂരാച്ചുണ്ടിലേക്കുള്ള ബസുകളിൽ പലതും ഇതിനകം സർവ്വീസ് അവസാനിപ്പിച്ചിട്ടുണ്ട്. കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ, കായണ്ണ പഞ്ചായത്തുകളിലുള്ളവർ പ്രധാനമായും ആശ്രയിക്കുന്ന റോഡു കൂടിയാണിത്. 2019 സെപ്റ്റംബറിലാണ് റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചത്. ഏഴു കോടി രൂപയായിരുന്നു അനുവദിച്ചത്. ആറു കിലോമീറ്റർ ദൂരം ഏഴു മാസം കൊണ്ട് പൂർത്തിയാക്കാനായിരുന്നു കരാർ. എന്നാൽ 2021 സെപ്റ്റംബർ കഴിയാറായിട്ടും റോഡിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്.
കഴിഞ്ഞ ജൂലൈ മാസത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചിരുന്നു. ആഗസ്റ്റ് 30 ന് മുമ്പ് പണി പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം കരാറുകാരനെ ഇതുവഴി കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നിലവിലെ കരാറുകാരൻ ഇനി റോഡ് പണി പൂർത്തീകരിക്കുമെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.