June 26, 2022 Sunday

ഉത്തരാഖണ്ഡ് വെൽനെസ് സമിറ്റ് 2020 റോഡ് ഷോ കൊച്ചിയിൽ നടന്നു

By Janayugom Webdesk
February 26, 2020

തദ്ദേശീയമായ ജൈവ ഉൽപ്പന്നങ്ങളെ പരിപോഷിപ്പിക്കുന്നതിനും ജൈവ ക്ലസ്റ്ററുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകും വിധം ഉത്തരാഖണ്ഡിൽ ജൈവ കാർഷിക നയം ഉടൻ അവതരിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് ആയുഷ് വിദ്യാഭ്യാസ മന്ത്രി ഹരക് സിങ് റാവത്ത്. ഉത്തരാഖണ്ഡിലെ ആയുർവേദം ഉൾപ്പടെയുള്ള വെൽനെസ് മേഖലയിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായി ഉത്തരാഖണ്ഡ് സർക്കാരിന് കീഴിലുള്ള ആയുഷ്, ആയുഷ് വിദ്യാഭ്യാസ വകുപ്പ് കൊച്ചിയിൽ സംഘടിപ്പിച്ച ഉത്തരാഖണ്ഡ് വെൽനെസ് സമിറ്റ് 2020 റോഡ് ഷോയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള ഉത്തരാഖണ്ഡിലെ പ്രകൃതിസമ്പത്ത് വെൽനെസ് മേഖലയിലുള്ളവർക്ക് വൻസാധ്യതയാണ് തുറക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. ‘വെൽനെസ് മേഖലയിൽ സ്വകാര്യ നിക്ഷേപകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഉത്തരാഖണ്ഡിന്റേത്. ആരോഗ്യകരമായ ജീവിതക്രമം തേടുന്ന ലോകം, ഹിമാലയൻ ഹെർബൽ ഉൽപ്പന്നങ്ങളുടെ ഔഷധമൂല്യം ഇതിനകം തന്നെ അംഗീകരിച്ചിട്ടുള്ളതാണ്.

ആയുർവേദം, യോഗ, മെഡിറ്റേഷൻ, നാച്ചുറോപതി എന്നിവയുടെ കാര്യത്തിൽ ലോകത്ത് തന്നെ വേറിട്ട സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഉത്തരാഖണ്ഡിലെ ഋഷികേശ് ലോകത്തിന്റെ യോഗ തലസ്ഥാനമെന്ന പേരിലാണ് അറിയപ്പെടുന്നത് തന്നെ. ഹരക് സിങ് റാവത്ത് വിശദീകരിച്ചു. ഓർഗാനിക് കാർഷിക നയം ഉത്തരാഖണ്ഡിൽ 10, 000 ത്തോളം ജൈവ ക്ലസ്റ്ററുകളുടെ വികസനത്തിന് ഉതകുമെന്ന് മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യസംസ്കരണ മേഖലയിൽ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്ന കേന്ദ്രനയം ഈ മേഖലയ്ക്ക് വലിയ പിന്തുണയാകും. കൃഷിഭൂമി 30 വർഷത്തെ ലീസിനെടുക്കാൻ പറ്റുന്ന നയം കൊണ്ടുവന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡെന്നും അദ്ദേഹം പറഞ്ഞു.ഓർഗാനിക് ഉൽപ്പന്നങ്ങളുടെ നിർമാണ കേന്ദ്രമായ ഉത്തരാഖണ്ഡിനെ വെൽനെസ്, ടൂറിസം രംഗത്തെ മാതൃകാ സംസ്ഥാനമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഉത്തരാഖണ്ഡ് വെൽനെസ് സമിറ്റ് 2020 സംഘടിപ്പിക്കുന്നത്.

ഉത്തരാഖണ്ഡ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനിഷ പൻവാർ, ഉത്തരാഖണ്ഡ് വ്യവസായ വകുപ്പ് ഡയറക്ടർ ജനറലും കമ്മിഷണറുമായ എൽ ഫനായ്, സിഐഐ കേരള ഘടകം മുൻ ചെയർമാൻ ഡോ. എസ് സജികുമാർ, ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ് അഡീഷണൽ സെക്രട്ടറി സോനിക, ഉത്തരാഖണ്ഡ് എസ്ഐഐഡിസിയുഎൽ എംഡി എസ് എ മുരുഗേശൻ തുടങ്ങിയവർ റോഡ് ഷോയിൽ പങ്കെടുത്തു. മുംബൈ, ഡൽഹി എന്നിവിടങ്ങൾക്ക് ശേഷമാണ് കൊച്ചിയിൽ റോഡ് ഷോ സംഘടിപ്പിക്കപ്പെട്ടത്.

Eng­lish Sum­ma­ry; road show for uttarak­hand well­ness sum­mit 2020

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.