മധ്യപ്രദേശിലെ റോഡുകള്‍ ഹേമാമാലിനിയുടെ മുഖം പോലെയാക്കും!

Web Desk
Posted on October 16, 2019, 4:02 pm

ഭോപ്പാല്‍: മധ്യപ്രദേശിലെ റോഡുകള്‍ ബോളിവുഡ് താരം ഹേമാമാലിനിയുടെ കവിള്‍ പോലെ സുന്ദരമാക്കുമെന്ന് കാബിനറ്റ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പിസിശര്‍മ. ‘വാഷിങ്ടണിലേതിനു സമാനമായ രീതിയിലാണ് മധ്യപ്രദേശിലെ റോഡുകള്‍ നിര്‍മിച്ചിട്ടുളളത്. ഇപ്പോള്‍ ഈ റോഡുകള്‍ക്ക് ഇതെന്തു പറ്റി? ശക്തമായ മഴയ്ക്കുശേഷം എല്ലായിടത്തും കുഴികളാണ്. നിലവില്‍ വസൂരിക്ക് സമാനമാണ് റോഡുകളുടെ അവസ്ഥ. ബിജെപി നേതാവ് കൈലാഷ് വിജയ്‌വര്‍ഗിയയുടെ കവിള്‍ പോലെ റോഡുകളുടെ അവസ്ഥ മാറിയതായി തോന്നുന്നു’ ശര്‍മ പറഞ്ഞു.

2017ല്‍ മുന്‍ മുഖ്യമന്ത്രി ശിവ് രാജ് ചൗഹാന്‍ മധ്യപ്രദേശിലെ റോഡുകള്‍ വാഷിങ്ടണിലെ റോഡുകളേക്കാള് മികച്ചതാണെന്ന് പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തെ പരിഹാസപൂര്‍വ്വമാണ് ശര്‍മ പറഞ്ഞത്. വാഷിങ്ടണ്‍ എയര്‍പോര്‍ട്ടില്‍ നിന്ന് റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ തനിക്ക് മധ്യപ്രദേശിലെ റോഡുകള്‍ കൂടുതല്‍ മികച്ചതായി തോന്നിയെന്നാണ് മുന്‍ മന്ത്രി ചൗഹാന്‍ പറഞ്ഞത്.

സംസ്ഥാനത്ത് റോഡിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷനേതാവ് കമല്‍നാഥ് രംഗത്ത് വന്നിരുന്നു. റോഡുകളുടെ അവസ്ഥ മൂലം ദിനം പ്രതി നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാലിലെ ഹാബിഗഞ്ച് പ്രദേശത്ത് പിഡബ്ല്യുഡി മന്ത്രി സജ്ജന്‍ വെര്‍മയ്‌ക്കൊപ്പം പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.