ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതീ ക്ഷേത്രത്തിലെ ശിവലിംഗത്തിനുള്ളില്‍ മോഷണം

Web Desk
Posted on November 24, 2019, 8:30 pm

തിരുവനന്തപുരം: ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതീ ക്ഷേത്രത്തിലെ ശിവലിംഗത്തിനുള്ളില്‍ മോഷണം . നെയ്യാറ്റിന്‍കരയ്ക്കു സമീപമുള്ള ക്ഷേത്രത്തിലെ 111 അടി ഉയരമുള്ള ശിവലിംഗത്തിനുള്ളിലാണ് മോഷണം നടന്നത്. ഉള്ളിലേയ്ക്കു പ്രവേശിക്കുന്ന ഭാഗത്തെ നടപ്പാതയുടെ തുടക്കത്തിലാണ് സന്ദര്‍ശകനായി എത്തിയ ആള്‍ സുരക്ഷാ ജീവനക്കാരന്റെ പണവും മൊബൈല്‍ഫോണും കവര്‍ന്നത്.

ഉള്ളിലേക്കു നടന്നു കയറിയ ശേഷം മടങ്ങിയെത്തി ചുറ്റും നോക്കി ആരുമില്ലെന്നുറപ്പു വരുത്തി മോഷണം നടത്തുന്നതിന്റെ ദ്യശ്യങ്ങള്‍ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പാറശാല പൊലീസ് ക്ഷേത്രത്തിലെത്തി അന്വേഷണം ആരംഭിച്ചു. മറ്റു ക്യാമറകളുടെ ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. ഈ മാസം ആദ്യത്തിലാണ് ലോകത്തെ ഏറ്റവും ഉയരമുള്ള ശിവലിംഗം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തത്.