സൗഹൃദം സ്ഥാപിച്ച് മോഷണം: പ്രതി അറസ്റ്റിൽ

Web Desk
Posted on June 12, 2019, 3:18 pm

കാഞ്ഞങ്ങാട്: സൗഹൃദം സ്ഥാപിച്ച് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കാസര്‍കോട് അടുക്കത്ത്ബയല്‍ സ്വദേശിയും ഇടുവുങ്കാലില്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അഹ് മദ് കുഞ്ഞിയെ (46)യാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തത്. കാഞ്ഞങ്ങാട് തോയമ്മലിലെ മുഹമ്മദ്കുഞ്ഞി മുസ്ലിയാരുടെ (75) കൈയ്യില്‍ നിന്നാണ് ഇയാള്‍ 18,000 രൂപ തട്ടിയെടുത്തത്.

ഈ മാസം രണ്ടിനാണ് സംഭവം. മുഹമ്മദ്കുഞ്ഞി മുസ്ലിയാരുമായി സൗഹൃദം സ്ഥാപിച്ച് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോകുകയും കൈയിലുണ്ടായിരുന്നു പണമടങ്ങിയ പഴ്‌സ് തട്ടിപ്പറിച്ച് കടന്നുകളയുകയുമായിരുന്നെന്നാണ് പരാതി. സി ഐ വിനേഷ് കുമാര്‍, എസ് ഐ ജയപ്രസാദ്, എ എസ് ഐ ഗോവിന്ദന്‍, സി പി ഒമാരായ അമല്‍, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സമാനമായ രീതിയില്‍ ഇത്തരം തട്ടിപ്പുകള്‍ പ്രതി നേരത്തെയും നടത്തിയിട്ടുണ്ടോയെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.