ആഭരണ മോഷണക്കേസില്‍ വീട്ടമ്മ അറസ്റ്റിൽ; ഭർത്താവ് ചിറയില്‍ മുങ്ങിമരിച്ച നിലയില്‍

Web Desk

തൃശൂര്‍

Posted on May 06, 2019, 12:08 pm

ആഭരണ മോഷണക്കേസില്‍ വീട്ടമ്മ അറസ്റ്റിൽ. ഇതിന് പിന്നാലെ ഇവരുടെ ഭര്‍ത്താവിനെ ചിറയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടാന്തോള്‍ കോക്കാടന്‍ കുര്യന്‍ (46) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ആലീസി(44)നെ ശനിയാഴ്ച വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ്‌ ചെയ്തിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.

വടാന്തോള്‍ താക്കോല്‍ക്കാരന്‍ ജോണ്‍സന്റെ ഭാര്യയുടെ നാലുപവന്‍ വരുന്ന മാലയും കുട്ടിയുടെ ഒന്നരപ്പവന്റെ മാലയും മുക്കാല്‍പവന്‍ വരുന്ന കൈചെയിനും മോഷ്ടിച്ചെന്ന പരാതിയിലാണ് ആലീസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 29‑ന് രാത്രി 12‑നായിരുന്നു മോഷണം. വീട്ടില്‍ ഉറങ്ങുകയായിരുന്ന ജോണ്‍സന്റെ ഭാര്യ ലില്ലിയുടെയും കൊച്ചുമകളുടെയും ആഭരണങ്ങള്‍ ആലീസ് ഊരിയെടുക്കുകയായിരുന്നു. വീടിന്റെ പിറകുവശത്തെ വാതില്‍ തുറന്നാണ് പ്രതി അകത്തുകയറിയതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം നടത്തിയ വരന്തരപ്പിള്ളി പൊലീസ് കുര്യനെയും ആലീസിനെയും ശനിയാഴ്‌ച കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്യലില്‍ ആലീസ് കുറ്റം സമ്മതിച്ചു. ഇതിന് പിന്നാലെ കുര്യനെ പൊലീസ് വിട്ടയയ്ക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെ പേരാമ്ബ്രയിലെ ഭാര്യവീട്ടിലെത്തിയ കുര്യന്‍ ഭാര്യാസഹോദരന്റെ ബൈക്കുമായി പുറത്തുപോയി. ഏറെ വൈകിയും കുര്യനെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ചെറുവത്തൂര്‍ച്ചിറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.