തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ പ്രദേശത്ത് പൂട്ടിയിട്ട ശേഷം പണം തട്ടിയ സംഭവത്തിൽ 6 പേർ പൊലീസ് പിടിയിൽ. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ ഉഴിഞ്ഞതുണ്ടിൽ വീട്ടിൽ നവാസ്(47), പവിത്രേശ്വരം കരിമ്ബിൻപുഴ ദ്വാരക വീട്ടിൽ അജേഷ്കുമാർ (37), ശൂരനാട് കുറ്റിയിൽ വീട്ടിൽ സൂരജ് (30), വേങ്ങ കുളങ്ങരത്തറയിൽ വീട്ടിൽ താഹ (48), കരിന്തോട്ടുവ കോട്ടക്കുപുറത്തു വീട്ടിൽ മഹേഷ് (43), മുതുപിലാക്കാട് ശ്രീമംഗലം വീട്ടിൽ ഷിബു (47) എന്നിവരെയാണ് റൂറൽ എസ്പിയുടെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്.
പൊലീസ് പറയുന്നത്: മറ്റൊരു തമിഴ്നാട് സ്വദേശിയിൽ നിന്നും കിട്ടാനുള്ള തുക ഈടാക്കാനായി മധുര സ്വദേശി രവിചന്ദ്രൻ (63) 19നു ഇവിടെ എത്തിയപ്പോഴാണ് പ്രതികൾ തട്ടിക്കൊണ്ടു പോയത്. വൻകിട പണമിടപാടുകളിലെ ഇടനിലക്കാരനാണ് രവിചന്ദ്രൻ.
കല്ലടയാറിന്റെ തീരത്തുള്ള ഐവർകാലയിലെ ഒറ്റപ്പെട്ട റബർ തോട്ടത്തിനുള്ളിൽ വാഹനത്തിൽ കെട്ടിയിട്ടു ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. സുഹൃത്തിനെ കൊണ്ട് 50, 000 രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. മുദ്രപത്രങ്ങളും ഒപ്പിട്ടു വാങ്ങി.
പണം സംഘടിപ്പിക്കുന്നതിനായി രവി ചന്ദ്രന്റെ സുഹൃത്ത് ഏർപ്പെടുത്തിയ മലയാളി യുവാവാണ് എസ്പിക്ക്പരാതി നൽകിയത്. പത്ര പ്രവർത്തകൻ വി. ബി. ഉണ്ണിത്താൻ വധശ്രമക്കേസിൽ താഹ ഉൾപ്പെട്ടിരുന്നു. ശിവസേന പ്രാദേശിക നേതാവാണ് ഷിബു. പൊലീസെത്തി ബലപ്രയോഗത്തിലൂടെ പ്രതികളെ കീഴടക്കിയാണ് രവിചന്ദ്രനെ മോചിപ്പിച്ച് നാട്ടിലേക്ക് അയച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
you may also like this video